പൊന്നാനിയില്‍ പരാജയ ഭീതി മൂലം യുഡിഎഫ് വ്യാജ പ്രചരണം നടത്തുകയാണെന്ന് എല്‍ഡിഎഫ്

പൊന്നാനിയില്‍ പരാജയ ഭീതി മൂലം യുഡിഎഫ് വ്യാജ പ്രചരണം നടത്തുകയാണെന്ന് എല്‍ഡിഎഫ്. വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ പി വി അന്‍വറിന്റെ ചിത്രവും ചിഹ്‌നവും തെറ്റായി പ്രചരിപ്പിക്കുന്നു.

തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എല്‍ ഡി എഫ് ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കി.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വറിന് അപരന്മാരെ നിര്‍ത്തിയതിന് പുറമെയാണ് ചിഹ്നവും ബാലറ്റ് നമ്പരും തെറ്റായി പ്രചരിപ്പിച്ചുള്ള കബളിപ്പിക്കല്‍.

നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ പുത്തന്‍ വീട്ടിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ചിഹ്നം കത്രിക. എന്നാല്‍, അന്‍വറിന്റെ ചിത്രം വെച്ച് കപ്പും സോസറും, ഓട്ടോറിക്ഷയും അടക്കമുള്ള ചിഹ്നങ്ങള്‍ തെറ്റായി ചേര്‍ത്ത് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു.

ഇടതുപക്ഷക്കാര്‍ എന്ന് തെറ്റിദ്ധരിപ്പിക്കും വിധം അക്കൗണ്ടുകളുണ്ടാക്കിയാണ് പ്രവര്‍ത്തനം. അന്‍വര്‍ മുമ്പ് മത്സരിച്ച ചിഹ്നവും, 2014ലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി അബ്ദുറഹ്മാന്റെ ചിഹ്നവുമൊക്കെ ചേര്‍ത്ത് പോസ്റ്ററും മറ്റും തയ്യാറാക്കി ഫേസ്ബുക്ക്, വാട്‌സ് ആപ്, ട്വിറ്റര്‍ എന്നിവയിലൂടെ അതിവിദഗ്ധമായാണ് കള്ളപ്രചാരണം.

തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അന്‍വറിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് അബ്ദുള്‍ ഗഫൂര്‍ ലില്ലീസാണ് ഇലക്ഷന്‍ കമീഷന് പരാതി നല്‍കിയത്.

ആസൂത്രിതമായ തെരഞ്ഞെടുപ്പ് അട്ടിമറിനീക്കത്തിനുപിന്നില്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ് ബഷീറും യുഡിഎഫ് ഭാരവാഹികളുമാണെന്നും പരാതിയില്‍ പറയുന്നു. എഫ്ബി പോസ്റ്റ് അക്കൗണ്ടുകളുടെ പകര്‍പ്പും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel