കര്‍ഷക വഞ്ചനയ്ക്ക് താക്കീതായി വയനാട്ടില്‍ ഇന്ന് കര്‍ഷക പാര്‍ലമെന്‍റ്

വയനാട്: എല്‍ഡിഎഫ് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച്ച പുല്‍പ്പള്ളിയില്‍ കര്‍ഷക പാര്‍ലമെന്റ് നടത്തും.

വിജയ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പകല്‍ രണ്ട് മുതല്‍ നാലുവരെയാണ് പരിപാടി. വൈകിട്ട് അഞ്ചിന് പുല്‍പ്പള്ളി ടൗണില്‍ കര്‍ഷക റാലിയും പൊതുസമ്മേളനവും ഉണ്ടാകും.

1991ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കിയ നവലിബറല്‍ നയങ്ങളാണ് വയനാട്ടിലെ കര്‍ഷകരുടെ തകര്‍ച്ചക്ക് ഇടയാക്കിയത്. ജില്ലയില്‍ 1995-2007 കാലയളവില്‍ ഔദ്യോഗിക കണക്ക് പ്രകാരം 965 കര്‍ഷകര്‍ ജീവനൊടുക്കി.

കാപ്പിക്കും കുരുമുളകിനും ചുങ്കം കുറച്ച് ഇറക്കുമതി ചെയ്യാന്‍ കുത്തകകള്‍ക്ക് അനുവാദം നല്‍കിയ ഉദാരവല്‍ക്കരണ നടപടികളെ തുടര്‍ന്നായിരുന്നു ആത്മഹത്യകള്‍. 36,000 കര്‍ഷകരാണ് മോഡി ഭരണത്തിന്റെ ആദ്യ മൂന്നുവര്‍ഷം ആത്മഹത്യ ചെയ്‌ത‌ത്.

കോര്‍പ്പറേറ്റ്, റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യങ്ങള്‍ക്കായി കാര്‍ഷിക ഭൂമി വന്‍ തോതില്‍ ഏറ്റെടുത്തു. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശ നടപ്പാക്കുമെന്നായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി പ്രഖ്യാപനം.

അധികാരത്തിലെത്തിയ ശേഷം ഈ ശുപാര്‍ശ അവഗണിച്ചു. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ നെല്‍ കര്‍ഷകര്‍ക്ക് മികച്ച വില നല്‍കിയാണ് നെല്ല് സംഭരിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് കര്‍ഷക ജനതക്ക് അതീവ നിര്‍ണായകമാണ്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തോടെ വയനാടും അതിന്റെ കര്‍ഷക പ്രശ്‌നവും വീണ്ടും ശ്രദ്ധ നേടുകയാണ്.

കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടക്ക് നാലര ലക്ഷത്തോളം കര്‍ഷകരെ ആത്മഹത്യയിയേക്ക് നയിച്ച നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്ക് കര്‍ഷക ജനതയോട് മാപ്പ് പറയുന്നതിന് പകരം കൂടുതല്‍ ശക്തമായി ആ നയങ്ങള്‍ നടപ്പാക്കും എന്നാണ് കോണ്‍ഗ്രസ് പ്രകടന പത്രിക പറയുന്നത്.

കര്‍ഷകര്‍ക്ക് ആശ്വാസമാകുമായിരുന്ന 2006ലെ സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കോണ്‍ഗ്രസോ, പിന്നീട് വന്ന ബിജെപിയോ നടപ്പാക്കിയില്ല.

നവലിബറല്‍ നയങ്ങള്‍ തങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്ന ധിക്കാരപരമായ നിലപാടാണ് ഇരുപാര്‍ടികളും ഈ തെരഞ്ഞെടുപ്പിലും സ്വീകരിക്കുന്നത്. ഇതിനെതിരെയാണ് കര്‍ഷക പാര്‍ലമെന്റ്.

രാജ്യത്ത് ഐതിഹാസിക കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അഖിലേന്ത്യ കിസാന്‍സഭ പ്രസിഡന്റ് അശോക് ധാവളെ, പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ പി സായിനാഥ്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍,

എം പി വീരേന്ദ്രകുമാര്‍ എംപി, സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദന്‍, അഖിലേന്ത്യ കിസാന്‍ സഭ ട്രഷറര്‍ പി കൃഷ്ണപ്രസാദ്, അഖിലേന്ത്യ കിസാന്‍ സഭ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണന്‍, ആദിവാസി ഗോത്ര മഹാസഭാ നേതാവ് സി കെ ജാനുതുടങ്ങിയവര്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News