റഫാല്‍ കേസിലെ രാഹുല്‍ ഗാന്ധിയുടെ പരമാര്‍ശത്തെച്ചൊല്ലി കോണ്‍ഗ്രസ് ബിജെപി പോര് മുറുകുന്നു. രാഹുലിന്റെ പരാമര്‍ശത്തില്‍ നടപടി ആവശ്യപ്പെട്ട് ബിജെപി സുപ്രീംകോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചു.

കോടതിയില്‍ മറുപടി നല്‍കുമെന്നാണ് കോണ്‍ഗ്രസ് നിലപാട്. കാവല്‍ക്കാരന്‍ കള്ളനാണെന്ന് സുപ്രീംകോടതി കണ്ടെത്തിയെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന.

റഫാല്‍ കരാറുമായി ബന്ധപ്പെട്ട് മോഷ്ടിക്കപ്പെട്ടതെന്ന് കേന്ദ്രസര്‍ക്കാര്‍ ആരോപിക്കുന്ന രേഖകള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശമാണ് ഇരു പാര്‍ട്ടികളും തമ്മിലുള്ള പുതിയ നിയമ രാഷ്ട്രീയ ഏറ്റുമുട്ടലിന് വഴി തുറന്നത്.

കാവല്‍ക്കാരന്‍ കള്ളനാണെന്ന് സുപ്രീംകോടതി കണ്ടെത്തിയെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. എന്നാല്‍ ഇത് കോടതി പറയാത്ത കാര്യമാണെന്നും രാഹുലിന്റെ പ്രസ്താവന ക്രിമിനല്‍ കോടതിയലക്ഷ്യമാണെന്നും ചൂണ്ടിക്കാണിച്ച് ബിജെപി നേതാവ് മീനാക്ഷി ലേഖിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ഹര്‍ജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിച്ചേക്കും. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെയും ബിജെപി സമീപിച്ചു.

വസ്തുതാ വിരുദ്ധമായാണ് രാഹുലിന്റെ പ്രസ്താവന. ഇതില്‍ നടപടിയുണ്ടാകണമെന്നായിരുന്നു പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ അടങ്ങിയ സംഘത്തിന്റെ ആവശ്യം

റഫാലിലെ രാഹുല്‍ ഗാന്ധിക്ക് എതിരായ ഹര്‍ജിയില്‍ കോടതിയില്‍ മറുപടി നല്‍കുമെന്നായിരുന്നു കോണ്‍ഗ്രസ് പ്രതികരണം.

റഫാല്‍ കേസില്‍ പുതിയ രേഖകള്‍ പരിഗണിക്കാനുള്ള കോടതി തീരുമാനം ബിജെപിയെ പ്രതിരോധത്തിലാക്കുകയും പ്രതിപക്ഷത്തിന് ആയുധവും ആയിരുന്നു.

ഈ പ്രതിസന്ധിയില്‍ നിന്ന് മുഖം രക്ഷിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ഉയര്‍ത്തിയുള്ള ബിജെപി നീക്കം