ധോണിക്കെന്താ കൊമ്പുണ്ടോ?; രൂക്ഷ വിമര്‍ശനവുമായി താരങ്ങള്‍; അമ്പയറെ ചോദ്യം ചെയ്ത് ഗ്രൗണ്ടിലിറങ്ങിയ ധോണിക്ക് 50% പി‍ഴ

രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ മൽസരത്തിനിടെ ഗ്രൗണ്ടിലിറങ്ങി അമ്പയർമാരോട് കയര്‍ത്ത മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്രസിങ് ധോണിക്കെതിരെ രൂക്ഷ വിമര്‍ശനം.

ധോണിയുടെ നടപടി ക്രിക്കറ്റിന് നല്ലതെന്നും ഡഗ് ഔട്ടിലിരിക്കുന്ന ക്യാപ്റ്റന് ഗ്രൗണ്ടില്‍ ഇറങ്ങാന്‍ അവകാശവുമില്ലെന്നും മുന്‍താരങ്ങള്‍ വ്യക്തമാക്കി.

ധോണിയെപ്പോലെ അനുഭസമ്പത്തുള്ളൊരു താരത്തിന് ഈ രാജ്യത്ത് എന്തുമാകാമെന്ന നിലപാട് ശരിയല്ലെന്നും നിയമങ്ങൾ കാറ്റിൽ പറത്തി മൈതാനത്തിറങ്ങിയത് അംഗീകരിക്കാനാവില്ലെന്ന് ഇവർ അഭിപ്രായപ്പെട്ടു.

അവസാന ഓവറില്‍ നോ ബോള്‍ വിളിച്ച അമ്പയര്‍ പിന്നീട് അത് പിന്‍വലിച്ചതാണ് ധോണിയെ ദേഷ്യം പിടിപ്പിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ധോനി ഡഗ് ഔട്ടില്‍ നിന്ന് ഇറങ്ങി വന്ന് അമ്പയറോട് കയര്‍ക്കുകയായിരുന്നു.

ക്രീസിലുണ്ടായിരുന്ന ജഡേജ അമ്പയറോട് കാര്യം അന്വേഷിക്കുന്നതിനിടയില്‍ ഡഗ്ഔട്ടില്‍ നിന്ന് ധോണി ഗ്രൗണ്ടിലേക്ക് ഇറങ്ങുകയായിരുന്നു. ബൗണ്ടറി ലൈനില്‍ നിന്ന് തന്നെ അമ്പയറോട് ദേഷ്യം പ്രകടിപ്പിച്ചായിരുന്നു ധോനി വന്നത്.

ഇത് എങ്ങനെ സമ്മതിക്കുമെന്നും അത് നോ ബോള്‍ അല്ലേ എന്നും അമ്പയര്‍ ഉല്‍ഹാസ് ഗാന്ധെയോട് ധോണി ചോദിക്കുന്നുണ്ടായിരുന്നു.

അമ്പയറുടെ തീരുമാനത്തോട് കലഹിച്ച് മൈതാനത്തിറങ്ങിയ ധോണിയെ വിലക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും ഐപിഎൽ അധികൃതർ മാച്ച് ഫീയുടെ 50 ശതമാനം പിഴശിക്ഷ മാത്രമാണ് വിധിച്ചത്. ഇതോടെയാണ് മുൻ താരങ്ങള്‍ ധോണിയെ രൂക്ഷമായി വിമര്‍ശിച്ചത്.

മുൻ ഇംഗ്ലണ്ട് നായകനും ഐപിഎല്ലിൽ കമന്‍റേറ്ററുമായ മൈക്കൽ വോണ്‍ പ്രമുഖ ക്രിക്കറ്റ് വൈബ്സൈറ്റായ ക്രിക്ബ‌സിൽ ലൈവ് കമന്‍ററിക്കിടെ നടത്തിയ രൂക്ഷ വിമര്‍ശനം ഇങ്ങനെ

ക്യാപ്റ്റന്‍ കൂള്‍ എന്നറിയപ്പെടുന്ന ക്യാപ്റ്റനിതാ ഡഗ് ഔട്ടിൽനിന്ന് പിച്ചിലേക്ക് ഇറങ്ങുന്നു. ഇത് സംഭവിക്കാൻ പാടില്ലാത്തതാണ്. ഇത് എം.എസ്. ധോണിയാണെന്ന് എനിക്കറിയാം. ഈ രാജ്യത്ത് അദ്ദേഹത്തിന് ഇഷ്ടമുള്ളതെല്ലാം ചെയ്യാനുള്ള അവകാശമുണ്ടെന്നും അറിയാം.

ക്യാപ്റ്റനെന്ന നിലയിൽ മൈതാനത്തിറങ്ങാനും അവിടെ പോയി അമ്പയറിനു നേരെ കൈചൂണ്ടി ക്ഷുഭിതനായി സംസാരിക്കാനും നിങ്ങൾക്ക് അവകാശമില്ല. ഒരു ക്യാപ്റ്റനെന്ന നിലയിൽ തീർത്തും മോശം മാതൃകയാണ് ഇവിടെ ധോണി നൽകുന്നത്.

ഈ നടപടി തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും. ചിലപ്പോൾ നമ്മൾ ഉദ്ദേശിച്ച രീതിയിൽ കാര്യങ്ങള്‍ നടന്നെന്നു വരില്ല. അതിനെ അതിന്റെ രീതിയിൽ കാണുകയാണ് വേണ്ടത്.

നിങ്ങൾ എല്ലാവരും ആരാധിക്കുന്ന ഇതിഹാസമായിരിക്കാം. എന്നാലും ഗ്രൗണ്ടിലിറങ്ങാൻ അനുവാദമില്ല. ഇങ്ങനെയായിരുന്നു വോണിന്‍റെ പ്രതികരണം.

കരിയറിൽ മുൻപൊരിക്കലും ഇത്തരമൊരു രംഗം ഞാൻ കണ്ടിട്ടില്ല. അമ്പയറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഒരു ക്യാപ്റ്റൻ ഗ്രൗണ്ടിലിറങ്ങുന്നത് ഇനി നിങ്ങൾ കാണാനുമിടയില്ല.

അവിശ്വസനീയമെന്നായിരുന്നു മുൻ ഓസീസ് താരവും കമന്‍റേറ്ററുമായ മൈക്കൽ സ്ലേറ്ററുടെ പ്രതികരണം. ധോണി അമ്പയര്‍ക്കെതിരെ ഗ്രൗണ്ടിലിറങ്ങിയതും മങ്കാദിങ്ങിലൂടെ അശ്വിന്‍ നോണ്‍ സ്ട്രൈക്കറെ പുറത്താക്കിയതും പൂര്‍ണമായും നിരാശപ്പെടുത്തുന്നതാണെന്ന് മുന്‍ ഓസീസ് താരമായ മാര്‍ക്ക് വോയും പറയുന്നു.

താൻ ചെയ്തത് പൂർണമായും തെറ്റാണെന്ന് ധോണി പിന്നീട് തിരിച്ചറിയുമെന്നായിരുന്നു ഇന്ത്യന്‍ കമന്‍റേറ്ററായ ഹര്‍ഷ ഭോഗ് ലെയുടെ പ്രതികരണം.

നോബോളെന്നല്ല, കളിക്കളത്തിൽ ഏതു തീരുമാനവും തിരുത്താൻ അമ്പയർക്ക് അധികാരമുണ്ട്. ഈ പ്രശ്നം ധോണി കൈകാര്യം ചെയ്ത രീതി എന്നെ അദ്ഭുതപ്പെടുത്തി.

ക്യാപ്റ്റൻ കൂളിൽനിന്ന് ഇത്തരമൊരു നടപടി പ്രതീക്ഷിച്ചില്ലെന്ന് മുൻ ഇന്ത്യൻ താരങ്ങളായ ഹേമാങ് ബദാനി പറയുന്നു. തെറ്റായ മാതൃകയാണ് ധോണി ഇന്ന് കാട്ടിയതെന്ന് ആകാശ് ചോപ്രയും പ്രതികരിച്ചു.

ഇത് കുട്ടികളുടെ ക്രിക്കറ്റ് കളിയല്ല, ഐപിഎല്ലാണ്. നിങ്ങൾ വെറും കളിക്കാരനാണെന്ന ഓർമ എപ്പോഴും വേണം. ധോണിക്ക് ഈ ബോധ്യം ഇടയ്ക്കിടെ നഷ്ടമാകുന്നുണ്ടെന്നു തോന്നുന്നു.

നിങ്ങൾ അധികാരിയല്ല. അധികാരികളെ തിരുത്താൻ അവകാശവുമില്ല. തീർത്തും അപരിചതമായ സമീപനമായിരുന്നു ധോണിയുടേതെന്ന് ഓസീസ് ക്രിക്കറ്റ് താരം ഷോണ്‍ ടെയ്റ്റ് പറയുന്നു.

അമ്പയർമാരെ ചോദ്യം ചെയ്ത് ധോണി മൈതാനത്തിറങ്ങിയ തീരുമാനം ശരിയല്ലെന്ന് രാജസ്ഥാൻ റോയൽസിന്‍റെ ഇംഗ്ലണ്ട് താരം ജോസ് ബട്‍ലറും അഭിപ്രായപ്പെട്ടു.

അതേസമയം മോശം പെരുമാറ്റത്തെ കുറിച്ച് മത്സരത്തിന് ശേഷമുള്ള സമ്മാനദാനച്ചടങ്ങില്‍ ധോണിയോട് ഒരു ചോദ്യം പോലും ചോദിക്കാതിരുന്ന കമന്‍റേറ്ററും മുന്‍ ഇന്ത്യന്‍ താരവുമായ മുരളി കാര്‍ത്തിക്കിന്‍റെ സമീപനവും ഞെട്ടിക്കുന്നതായി. വിവാദത്തെ കുറിച്ച് ധോണി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ചെന്നൈ ടീമിനെ പ്രശംസിച്ച് വിഷയം മാറ്റുകയായിരുന്നു കാര്‍ത്തിക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News