ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനിടെ മുസ്‌ലിംകളെ ഭീഷണിപ്പെടുത്തിയ കേന്ദ്രമന്ത്രി മനേക ഗാന്ധിയുടെ നടപടി വിവാദമാകുന്നു. തനിക്ക് വോട്ട് ചെയ്യാത്തവര്‍ക്ക് ജനപ്രതിനിധി എന്ന നിലയില്‍ തന്‍റെ സഹായം ലഭിക്കില്ലെന്നാണ് അവർ പറഞ്ഞത്.

ലോക്സഭ തെരഞ്ഞെടുപ്പിൽ താൻ ജയിക്കുമെന്ന് ഉറപ്പാണ്. ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത്. മുസ്‍ലിംകളുടെ വോട്ട് ഇല്ലാതെയാണ് ആ വിജയമെങ്കില്‍ അത് എന്നെ സംബന്ധിച്ച് സുഖകരമായിരിക്കില്ല. അനുഭവം മോശമായേക്കാം.

പിന്നീട് എന്തെങ്കിലും ആവശ്യത്തിന് മുസ്‍ലിംകള്‍ എന്നെ കാണാന്‍ വരുമ്പോള്‍ എനിക്കൊന്ന് ആലോചിക്കേണ്ടി വരും. എല്ലാം അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ. നമ്മളാരും മഹാത്മ ഗാന്ധിയുടെ മക്കളല്ല. നിങ്ങളുടെ വോട്ട് ഇല്ലെങ്കിലും ഞാന്‍ ജയിക്കുമെന്നും മനേക അവകാശപ്പെട്ടു.

സുല്‍ത്താന്‍പൂരിലെ തുറാക്ബാനി മേഖലയിലാണ് മനേക ഗാന്ധി പ്രസംഗിച്ചത്. നിരവധി മുസ്ലിം മത വിശ്വാസികളും പ്രസംഗം കേള്‍ക്കാനെത്തിയിരുന്നു. മനേക ഗാന്ധിയുടെ പ്രസംഗത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.