കൊച്ചി മെട്രോയ്ക്ക് 10.8 ശതമാനം നിരക്കിൽ യുഡിഎഫ് കാലത്ത് 1300 കോടി വായ്പ സംഘടിപ്പിച്ചപ്പോൾ എത്ര രൂപ കമ്മിഷൻ കൈപ്പറ്റിയെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കണം: തോമസ് ഐസക്

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് എതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി തോമസ് ഐസക്. കൊച്ചി മെട്രോയ്ക്ക് 10.8 ശതമാനം നിരക്കിൽ യുഡിഎഫ് കാലത്ത് 1300 കോടി വായ്പ സംഘടിപ്പിച്ചപ്പോൾ എത്ര രൂപ കമ്മിഷൻ കൈപ്പറ്റിയെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കണമെന്ന് മന്ത്രി.

ഇത്രയും ദിവസം രമേശ് ചെന്നിത്തലയായിരുന്നല്ലോ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നത് ഇനി ചില ചേദ്യങ്ങൾക്ക് ചെന്നിത്തല മറുപടി പറയണമെന്നും മന്ത്രി തോമസ് ഐസക് പ്രതികരിച്ചു.

തന്‍റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ധനമന്ത്രി തോമസ് ഐസക് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കെതിരെ ചില ചേദ്യങ്ങളുമായി രംഗത്തെത്തിയത്.

കൊച്ചി മെട്രോയ്ക്കുവേണ്ടി ഫ്രഞ്ച് ഏജൻസിയിൽ നിന്ന് 1.35 ശതമാനം പലിശ നിരക്കിൽ വായ്പയെടുത്തതിനെക്കുറിച്ചാണല്ലോ പ്രതിപക്ഷ നേതാവ് മേനി നടിച്ചത്. ഇതു ചൂണ്ടിക്കാട്ടിയാണ് കിഫ്ബിയുടെ മസാലബോണ്ട് 9.72 ശതമാനം പലിശയ്ക്ക് വിറ്റതിനെതിരെ അദ്ദേഹം രംഗത്തുവന്നത്.

എന്നാൽ കൊച്ചി മെട്രോയ്ക്ക് 2014ൽ കാനറാ ബാങ്കിൽ നിന്ന് 1300 കോടി രൂപ വായ്പയെടുത്തതും അതിൻ്റെ പലിശയും അദ്ദേഹം ജനങ്ങളിൽ നിന്ന് മറച്ചുവെച്ചു.10.8 ശതമാനമാണ് ആ വായ്പയുടെ പലിശ.

ബാങ്കിൻ്റെ അടിസ്ഥാനവായ്പാ നിരക്കിനെക്കാൾ 0.6 ശതമാനം അധികമാണ് ഈ നിരക്കെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

സർക്കാർ വായ്പയ്ക്ക് പൊതുമേഖലാ ബാങ്കിൽ നിന്ന് നിലവിലുള്ളതിനേക്കാൾ കൂടിയ നിരക്കിൽ വായ്പ വാങ്ങിയ സാഹചര്യം പ്രതിപക്ഷ നേതാവ് വിശദീകരിക്കണം.

ഈ കൊള്ളപ്പലിശയുടെ കമ്മിഷൻ ആർക്കൊക്കെയാണ് ലഭിച്ചത് ആരൊക്കെയാണ് അതു പങ്കുവെച്ചതെന്നും പറയണം.

ഇതേ കാലയളവിൽ എറണാകുളം ഡിസ്ട്രിക്ട് കോപ്പറേറ്റീവ് ബാങ്കിൽ നിന്ന് കൊച്ചി മെട്രോ വായ്പയെടുത്തിട്ടുണ്ട്. എസ്ബിഐയുടെ ബേസിക് ലെൻഡിംഗ് റേറ്റിനെക്കാൾ 0.05 ശതമാനം കുറവ് പലിശയ്ക്കാണ് ഇഡിസിയുടെ വായ്പ.

വില പേശിയാൽ പലിശ കുറയ്ക്കാൻ കഴിയുമെന്നാണ് ഇതു തെളിയിക്കുന്നതെന്നും പോസ്റ്റിർ പറയുന്നു. എന്തുകൊണ്ടാണ് യുഡിഎഫിൻ്റെ കാലത്ത് ഉയർന്ന പലിശയ്ക്ക് വായ്പാ വാങ്ങാൻ കൊച്ചി മെട്രോയ്ക്ക് കാനറാ ബാങ്കിനെ സമീപിക്കേണ്ടി വന്നത്.

1.3 ശതമാനം പലിശയ്ക്ക് ഫ്രഞ്ച് ഏജൻസി ലോൺ തരുമായിരുന്നല്ലോ. അപ്പോൾ കൊച്ചി മെട്രോ പണിയാൻ വേണ്ട മുഴുവൻ തുകയും അവരിൽ നിന്ന് വാങ്ങാമായിരുന്നില്ലേ എന്ന ചോദ്യവുമുണ്ട്.

ഇത്രയും ദിവസം രമേശ് ചെന്നിത്തലയായിരുന്നല്ലോ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നത്. ഇനി ഞങ്ങൾ ചില ചോദ്യങ്ങൾ ചോദിക്കാം.

അവയ്ക്കു ജനങ്ങളോടു മറുപടി പറയാനുള്ള ഉത്തരവാദിത്തം കൂടി പ്രതിപക്ഷ നേതാവ് കാണിക്കണമെന്നും മന്ത്രി തോമസ് ഐസക്ക് പ്രതികരിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here