കേരളത്തിലെപ്പോലെ ജനപക്ഷ ബദല്‍ നയങ്ങള്‍ നടപ്പാക്കുന്ന മതനിരപേക്ഷ സര്‍ക്കാരാണ് കേന്ദ്രത്തില്‍ അധികാരത്തില്‍ വരേണ്ടതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്

കേരളത്തിലെപ്പോലെ ജനപക്ഷ ബദല്‍ നയങ്ങള്‍ നടപ്പാക്കുന്ന മതനിരപേക്ഷ സര്‍ക്കാരാണ് കേന്ദ്രത്തില്‍ അധികാരത്തില്‍ വരേണ്ടതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.

ബിജെപി സര്‍ക്കാരിന്റെ വര്‍ഗീയ, ഫാസിസ്റ്റ് നടപടികള്‍ക്കൊപ്പംതന്നെ ആപല്‍ക്കരമാണ് കുത്തക– കോര്‍പറേറ്റ്‌വല്‍ക്കൃത സാമ്പത്തിക നയങ്ങളും. നരേന്ദ്ര മോഡി സര്‍ക്കാരിനെ മാറ്റി ഇതേ നയസമീപനങ്ങളുള്ള മറ്റൊരു സര്‍ക്കാരിനെ പ്രതിഷ്ഠിച്ചിട്ടു കാര്യമില്ല.

ഇടതുപക്ഷത്തിന്റെ കരുത്തു വര്‍ധിച്ചാലേ ഇത്തരമൊരു മതനിരപേക്ഷ– ജനപക്ഷ സര്‍ക്കാരിനെ അധികാരത്തിലേറ്റാന്‍ കഴിയൂവെന്നും കാരാട്ട് ചൂണ്ടിക്കാട്ടി. മയ്യിലില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2014ല്‍ ജനങ്ങള്‍ക്ക് നല്‍കിയ ഒരു വാഗ്ദാനവും പാലിക്കാന്‍ മോഡി സര്‍ക്കാരിനു കഴിഞ്ഞില്ല. വര്‍ഷം രണ്ടു കോടി തൊഴിലവസരമുണ്ടാക്കുമെന്നായിരുന്നു പ്രധാന വാഗ്ദാനം.

അഞ്ചു വര്‍ഷംകൊണ്ട് പത്തു കോടി തൊഴിലവസരങ്ങള്‍. എന്നാല്‍ തൊഴിലവസരങ്ങളല്ല, തൊഴിലില്ലായ്മയാണ് വര്‍ധിച്ചത്. 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണിപ്പോള്‍.

നോട്ടു നിരോധനത്തിലൂടെ അസംഘടിത തൊഴിലാളികളും ചെറുകിട വ്യാപാരികളും ഉള്‍പ്പെടെ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതം വഴിമുട്ടി. 2018ല്‍ മാത്രം 1.01 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടമായി.

കാര്‍ഷിക പ്രതിസന്ധിക്കു പരിഹാരം കാണുമെന്ന വാഗ്ദാനവും വീണ്‍വാക്കായി. സ്വാമിനാഥന്‍ കമീഷന്‍ ശുപാര്‍ശ ചെയ്ത കാര്‍ഷിക വിളകള്‍ക്ക് ഉല്‍പ്പാദനച്ചെലവും അതിന്റെ പകുതിയും ചേര്‍ന്ന താങ്ങുവില രാജ്യത്തെവിടെയും നടപ്പായില്ല.

ഈ സര്‍ക്കാരിന്റെ ആദ്യ നാലു വര്‍ഷത്തിനകം 28,000 കൃഷിക്കാരാണ് കടക്കെണിമൂലം ആത്മഹത്യ ചെയ്തത്. അതേസമയം അദാനിയും അംബാനിമാരുമുള്‍പ്പെടെയുള്ള വന്‍കിട കുത്തകകള്‍ കൊഴുക്കുകയാണ്.

റഫേല്‍ ഇടപാടിലെ പുതിയ വെളിപ്പെടുത്തലുകള്‍ മോഡിയുടെ അഴിമതിവിരുദ്ധ മുഖംമൂടി വലിച്ചുകീറി.

തെരഞ്ഞെടുപ്പു പ്രക്രിയ ആരംഭിച്ചതോടെ പരിഭ്രാന്തിയിലായ മോഡിയും ബിജെപി നേതൃത്വവും വീണ്ടും വര്‍ഗീയ– ദേശീയ സുരക്ഷാ കാര്‍ഡിറക്കി മുതലെടുപ്പ് നടത്താനാണ് ശ്രമിക്കുന്നത്.

എന്നാല്‍ ഇതിനെ ചെറുക്കാന്‍ കഴിയുന്ന മതനിരപേക്ഷ, ജനാധിപത്യ ശക്തികളുടെ മുന്നേറ്റം രാജ്യത്തെങ്ങും ദൃശ്യമാണ്. യുപിയില്‍ എസ്പിയും ബിഎസ്പിയും രാഷ്ട്രീയ ലോക്ദളും ചേര്‍ന്ന സഖ്യം ബിജെപിയുടെ എല്ലാ സാധ്യതകളും തകര്‍ത്തു.

1996ലും 2004ലും സംഭവിച്ചതുപോലെ ഇടതുപക്ഷത്തിന് നിര്‍ണായക സ്വാധീനമുള്ള പുതിയൊരു സര്‍ക്കാര്‍ നിലവില്‍വരാനുള്ള സാധ്യതയാണ് തെളിഞ്ഞുവരുന്നത്. നിര്‍ണായകമായ ഈ അവസരത്തില്‍പോലും കോണ്‍ഗ്രസിന് ക്രിയാത്മകവും വിവേകപൂര്‍ണവുമായ നിലപാട് സ്വീകരിക്കാന്‍ കഴിയുന്നില്ലെന്നതാണ് നിര്‍ഭാഗ്യകരമെന്നും കാരാട്ട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News