മുസ്ലിംലീഗിന്റെ പച്ചക്കൊടി മറയാക്കി വയനാടിനെയും ഒരു ജനസമൂഹത്തെയാകെയും അവഹേളിക്കാനുള്ള ബിജെപി നീക്കത്തില്‍ പ്രതികരിക്കാതെ ലീഗും കോണ്‍ഗ്രസും.

അമിത് ഷായ്ക്കും കൂട്ടര്‍ക്കും മതനിരപേക്ഷ കേരളത്തിന്റെ മറുപടി കൃത്യമായി നല്‍കി ഇടതുപക്ഷം പ്രതിരോധിക്കുമ്പോള്‍ കോണ്‍ഗ്രസ് ഒളിച്ചോടുകയാണ്. കോണ്‍ഗ്രസ് കൈവിട്ടതോടെ രാഷ്ട്രീയമായി പ്രതിരോധിക്കാനാകാതെ ലീഗിന്റെ നില പരുങ്ങലിലായി.

അണിയറയിലെ കോ–ലീ–ബി സഖ്യം സുഗമമാക്കാനാണ് കോണ്‍ഗ്രസും ലീഗും ബിജെപിയെ തുറന്നെതിര്‍ക്കാത്തതെന്നും ആക്ഷേപമുണ്ട്. എന്നാല്‍, അമിത് ഷായ്ക്കും കൂട്ടര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നല്‍കിയ മറുപടി സമരകേരളത്തിന്റെ ആത്മാഭിമാനം ഉയര്‍ത്തുന്നതായി.

പശു ഭീകരതയുടെ പ്രത്യയശാസ്ത്രം ഏറ്റെടുത്തും അയോധ്യയില്‍ പള്ളിപണിയുമെന്ന് പ്രഖ്യാപിച്ചും മൃദുഹിന്ദുത്വത്തെ താലോലിക്കുന്ന കോണ്‍ഗ്രസിന് സംഘപരിവാറിനെ തുറന്നെതിര്‍ക്കാന്‍ താല്‍പ്പര്യമില്ല.

എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമായും കൂട്ടുകൂടി ന്യൂനപക്ഷ വര്‍ഗീയത പ്രോത്സാഹിപ്പിക്കുന്ന മുസ്ലിംലീഗാകട്ടെ അതിന്റെ പരിമിതിക്ക് മറയിടാന്‍ സംഘപരിവാറിനോട് സൗഹാര്‍ദ മനോഭാവത്തിലാണുതാനും.

വയനാടിനെ അമിത് ഷായും ആദിത്യനാഥും അപമാനിച്ചപ്പോള്‍ ശക്തമായ വാക്കുകളിലാണ് കല്‍പ്പറ്റയില്‍ മുഖ്യമന്ത്രി തിരിച്ചടിച്ചത്. ബ്രിട്ടീഷുകാര്‍ക്കെതിരെ ജീവന്‍ നല്‍കി പോരാടിയ വീര പഴശിയുടെ മണ്ണാണ് വയനാടന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

സ്വന്തം പ്രസ്ഥാനം സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തെങ്കിലല്ലേ ഇതൊക്കെ അറിയൂ എന്നും അമിത് ഷായെ അദ്ദേഹം പരിഹസിച്ചു. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ മലബാറിലെ കര്‍ഷകര്‍ നടത്തിയ 1921ലെ ഐതിഹാസിക പോരാട്ടത്തിന്റെ കേന്ദ്രഭൂമിയായ ഏറനാട് വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലാണെന്ന് ഓര്‍മിപ്പിക്കാനും ഇടതുപക്ഷ നേതാക്കളേ ഉണ്ടായുള്ളൂ.

കേരളത്തില്‍ ഒരു പ്രദേശവും പാകിസ്ഥാനല്ലെന്നും അത്തരം പ്രചാരണം ഇടതുപക്ഷം അംഗീകരിക്കില്ലെന്നും തീര്‍ത്തുപറഞ്ഞാണ് കോടിയേരി അമിത്ഷായെ നേരിട്ടത്. ബിജെപിയെ കടന്നാക്രമിച്ചാല്‍ വോട്ടുകച്ചവടത്തെ ബാധിക്കുമെന്ന ഭീതിയാണ് കോണ്‍ഗ്രസിന്.

സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും ബിജെപി വോട്ട് ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം. ഒരു സമൂഹത്തെയാകെ കേന്ദ്ര ഭരണകക്ഷി ദേശവിരുദ്ധരായി ചിത്രീകരിച്ചിട്ടും ലീഗും കോണ്‍ഗ്രസും തക്ക മറുപടി പറയാത്തത് ഇരു പാര്‍ടികളിലെ അണികളിലും നിരാശ പടര്‍ത്തിയിട്ടുണ്ട്.