എം കെ രാഘവന്‍, 5 കോടി രൂപ കോഴ ആവശ്യപ്പെട്ട സംഭവത്തില്‍ പൊലീസ്, വാര്‍ത്ത പുറത്ത് വിട്ട ചാനല്‍ സംഘത്തിന്റെ മൊഴിയെടുത്തു. ഡല്‍ഹിയില്‍ എത്തിയാണ് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചത്.

ടീവി 9 ഭാരത് വര്‍ഷ ചാനലില്‍ നിന്ന് ആവശ്യമായ വിവരങ്ങള്‍ ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു.

കോഴിക്കോട്ടെ യു ഡി എഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്‍ 5 കോടി രൂപ കോഴ ആവശ്യപ്പെട്ട സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. എം കെ രാഘവന്റെ ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്ത് വിട്ട ചാനല്‍ സംഘത്തില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. അന്വേഷണ സംഘത്തില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ എത്തിയാണ് ചാനല്‍ സംഘത്തിന്റെ മൊഴിയെടുത്തത്.

ചാനല്‍ പുറത്ത് വിട്ട സംഭാഷണത്തിന്റെ ഒറിജിനല്‍ ഫുട്ടേജുകളും സംഘം ശേഖരിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഇവ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയയ്ക്കും.

തന്റെ ശബ്ദം ഡബ്ബ് ചെയ്തു കയറ്റിയതാണെന്ന് രാഘവന്‍ ആരോപിച്ചിരുന്നു. കോഴിക്കോട്ട് വ്യവസായ സംരംഭത്തിനായി 15 ഏക്കര്‍ ഭൂമി ആവശ്യപ്പെട്ടാണ് ചാനല്‍ സംഘം രാഘവനെ സമീപിച്ചത്.

കമ്മീഷനായി 5 കോടി രൂപ നല്‍കാമെന്നും ഇവര്‍ പറഞ്ഞു. സംഭാഷണവും ദൃശ്യങ്ങളും ഒളിക്യാമറയില്‍ പകര്‍ത്തിയ സംഘം വാര്‍ത്ത പുറത്ത് വിട്ടതോടെയാണ് എം കെ രാഘവന്‍ വെട്ടിലായത്. കോഴിക്കോട് എ സി പി വാഹിദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എല്‍ ഡി എഫ് നല്‍കിയ പരാതി അന്വേഷിക്കുന്നത്. സംഘം എം കെ രാഘവന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.