റഫേല്‍ കരാര്‍ ഒപ്പിട്ടതിന്റെ പ്രത്യുപകാരം; അനില്‍ അംബാനിയുടെ നികുതി കുടിശികയില്‍ 151 മില്യണ്‍ യൂറോയുടെ ഇളവ്

ഇന്ത്യ റഫാല്‍ കരാര്‍ ഒപ്പിട്ടതിന്റെ പ്രത്യുപകാരമായി അനില്‍ അംബാനിയുടെ നികുതി കുടിശിക ഫ്രാന്‍സ് ഇളവ് ചെയ്ത് നല്‍കി.

അനില്‍ അമ്പനിയുടെ ഉടമസ്ഥതയിലുള്ള ഫ്രഞ്ച് കമ്പനിയ്ക്കാണ് 151 മില്യണ്‍ യൂറോയുടെ നികുതി ഇളവ് ലഭിച്ചത്. ലെ മോണ്‍ഡേ എന്ന ഫ്രഞ്ച് മാധ്യമം വാര്‍ത്ത പുറത്ത് വിട്ടു.

യൂറോപ്പിലും അമേരിക്കയിലും ടെലി കമ്മ്യൂണിക്കേഷന്‍സ് കേബിളുകള്‍ ഇടാനായി അനില്‍ അമ്പാനി ഫ്രാന്‍സില്‍ സ്ഥാപിച്ച റിലയന്‍സ് ഫ്ലാഗ് അന്റ്ലാന്റിക് എന്ന സ്ഥാപനമാണ് വന്‍ നികുതി വെട്ടിപ്പ് ഫ്രാന്‍സില്‍ നടത്തിയത്.

2007 മുതല്‍ 2010 വരെയുള്ള കാലയളവില്‍ 60 മില്യണ്‍ ഡോളറിന്റെ വെട്ടിപ്പ് ഫ്രാന്‍സ് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. അന്ന് 7.6 മില്യണ്‍ അടക്കാമെന്ന് അനില്‍ അറിയിച്ചെങ്കിലും ഫ്രാന്‍സ് അത് നിരസിച്ചു. തുടര്‍ന്ന് വീണ്ടും നടത്തിയ പരിശോധനയില്‍ 91 മില്യണ്‍ യൂറോയുടെ തട്ടിപ്പ് കൂടി തെളിഞ്ഞു.

ഇതോടെ 151 മില്യണ്‍ തുക ഫ്രഞ്ച് സര്‍ക്കാരിലേയ്ക്ക് അനില്‍ അംബാനി അടക്കേണ്ട സ്ഥിതിയായി. ഇതിനിടയിലാണ് ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള റഫാല്‍ ചര്‍ച്ചകള്‍ പുരോഗമിച്ചത്. 2015 ഏപ്രിലില്‍ പാരിസിലെത്തിയ നരേന്ദ്രമോദി റഫാല്‍ കരാര്‍ പ്രഖ്യാപിച്ചതോടെ അമ്പാനിയ്ക്ക് നികുതി വെട്ടിപ്പ് കേസിലും ഇളവ് ലഭിച്ചു. കരാര്‍ സംബന്ധിച്ച് ചര്‍ച്ച നടന്ന 2015 ഫെബ്രുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ അനിലിന്റെ നികുതി ഇളവിലും ഫ്രാന്‍സ് ധാരണയിലെത്തി.

36 വിമാനങ്ങള്‍ വാങ്ങാന്‍ 7.9 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഇന്ത്യ ഔദ്യോഗികമായി ഒപ്പിട്ടതിന് പിന്നാലെ അനില്‍ അംബാനിയുടെ 151 മില്യണ്‍ യൂറോയുടെ നികുതി വെട്ടിപ്പ് കേസ് ഫ്രാന്‍സ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. കരാര്‍ പ്രാമ്പല്യത്തിലായി ആറ് മാസത്തിന് ശേഷം 143.7 മില്യണ്‍ യൂറോയുടെ ഇളവ് നല്‍കി.

ബാക്കി വരുന്ന 7.3 മില്യണ്‍ അടച്ച് കേസില്‍ നിന്നും അനില്‍ അംബാനി രക്ഷപ്പെട്ടു. റഫാല്‍ കരാറിന് പ്രത്യുപകാരമായാണ് അംബാനിയ്ക്ക് ഫ്രാന്‍സ് നികുതി ഇളവ് നല്‍കിയതെന്ന് വാര്‍ത്ത പുറത്ത് വിട്ട ഫ്രഞ്ച് പത്രമായ ലെ മോണ്ഡേ ചൂണ്ടികാട്ടുന്നു.

2015 വരെ തുക അടയക്കാന്‍ അനില്‍ അംബാനിയില്‍ സമര്‍ദം ചെലുത്തിയ ഫ്രാന്‍സ് റഫാല്‍ കരാറുകള്‍ വന്നതോടെ നികുതി ഇളവ് നല്‍കിയത് മോദിയുടെ സമര്‍ദം മൂലമാണന്നും സംശയിക്കപ്പെടുന്നു. അംബാനിയെ കരാറില്‍ ഉള്‍പ്പെടുത്തിയത് ഇന്ത്യയുടെ ആവശ്യപ്രകാരമാണന്ന് നേരത്തെ ഫ്രഞ്ച് മുന്‍ പ്രസിഡന്റ് വെളിപ്പെടുത്തിയിരുന്നു.

റഫാലിന്റെ പശ്ചാത്തലത്തില്‍ അംബാനിയ്ക്ക് നല്‍കിയ നികുതി ഇളവിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഫ്രാന്‍സിലെ അഴിമതി വിരുദ്ധ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഷേര്‍പ്പ എന്ന എന്‍ജിഒ ദേശീയ ഫിനാന്‍സ് വിഭാഗത്തിന് കത്ത് നല്‍കി.

റഫേല്‍ വിമാനത്തിന് ആവശ്യമായതിലും കൂടുതല്‍ വില മോദി ചിലവഴിച്ചത് അനില്‍ അംബാനിയ്ക്ക് വേണ്ടിയാണന്ന് വ്യക്തമായതായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടികാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here