”ഏപ്രില്‍ 11ന് അപ്പയുടെ പിറന്നാളായിരുന്നു; ഞങ്ങള്‍ ഒരു കേക്ക് വാങ്ങി; അത് മുറിക്കാനായില്ല”; ബാബു പോളിന്റെ മകള്‍ നിബ ജോസഫ് ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു

നിങ്ങള്‍ക്കെല്ലാം പ്രിയപ്പെട്ട ബാബു പോള്‍ ഇന്നലെ മരിക്കുമ്പോള്‍ 78 വയസ്സായിരുന്നു. 84 വയസ്സുവരെ താന്‍ ജീവിക്കും എന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്. ഞങ്ങളും. അത്രയേറെ ആരോഗ്യവാനായിരുന്നു അദ്ദേഹം.

ഞാന്‍ എറണാകുളത്താണ് താമസം. എന്നാലും, അപ്പയെ കാണാന്‍ ഇടയ്ക്കു വരും. കഴിഞ്ഞ തവണ വന്നപ്പോള്‍ ആ കാലില്‍ നീരുണ്ടായിരുന്നു. ഡോക്ടറെ കാണാന്‍ ഞാന്‍ പറഞ്ഞു. അപ്പ ചിരിച്ചു തള്ളി.

തിരിച്ച് എറണാകുളത്തേക്കു പോയിട്ടും എനിക്ക് ആ വിഷമം മാറിയില്ല. ഞാന്‍ ഫോണ്‍ ചെയ്യുമ്പോള്‍ അതു ചോദിച്ചുകൊണ്ടിരുന്നു. നിനക്ക് പണിയൊന്നുമില്ലേ, എനിക്ക് ഒരു പാടു ജോലിയുണ്ട്, എഴുതണം, വായിക്കണം, മനുഷ്യരായാല്‍ ചെറിയ അസുഖമൊക്കെ വരും, സാരമില്ല എന്നായിരുന്നു അപ്പ പറഞ്ഞത്.

ഒടുവില്‍, ആ നീരുമായി അപ്പ ആശുപത്രിയില്‍ പോയി. ഞാന്‍ അപ്പയുടെ അടുത്തെത്തി. നിസ്സാരമാണ് എന്നാണ് ഞങ്ങളെല്ലാം ധരിച്ചത്.

എന്റെ സഹോദരന്‍ വരണോ എന്ന് വിളിച്ചു ചോദിച്ചപ്പോള്‍ ഞാനാണ് വിലക്കിയത്. അപ്പയ്ക്ക് ഒന്നുമില്ല. നിങ്ങള്‍ ഈസ്റ്ററിനു വരുന്നുണ്ടല്ലോ. അപ്പോഴേക്ക് അപ്പ വീട്ടിലെത്തും എന്നും പറഞ്ഞു.

എങ്കിലും പിറന്നാളിന് ആശുപത്രിയിലല്ലേ. അതുകൊണ്ട്, ഞങ്ങള്‍ ഒരു കേക്ക് വാങ്ങി. അപ്പയുടെ സഹോദരന്‍ റോയ് പോള്‍ എത്തിയിരുന്നു. ആശുപത്രിയില്‍ കേക്ക് മുറിച്ച് ഒരു പിറന്നാള്‍ എന്ന് ആലോചിക്കുകയും ചെയ്തു. അതില്‍ അപ്പയ്ക്ക് താല്പര്യമില്ലായിരുന്നു. ഇനിയും പിറന്നാള്‍ വരുമല്ലോ. അങ്ങനെ ആ കേക്ക് മുറിക്കാതെ പോയി.

എന്നാലും, അവസാനമവസാനം അപ്പ മരണത്തിന്റെ വരവ് അറിഞ്ഞു എന്നു തോന്നുന്നു.

മരണത്തിലേക്കു പോകുംമുമ്പ്, ഓര്‍മ്മയോടെ കിടക്കുമ്പോള്‍, ആശുപത്രിയില്‍ വച്ച് ഞാന്‍ കഞ്ഞി കൊടുത്തപ്പോള്‍ അപ്പ എന്റെ കൈ പിടിച്ചു. ഞാന്‍ കഞ്ഞി കൊടുത്തു തീരും വരെ ആ കൈ എന്റെ കൈയില്‍ ഇറുകിപ്പിടിച്ചിരുന്നു.

അങ്ങനെയൊന്നും ചെയ്യാത്ത ഒരാളാണ് അപ്പ. ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ മരണം അടുത്തെത്ത് അപ്പയ്ക്ക് അപ്പോള്‍ മുതലെങ്കിലും തോന്നിത്തുടങ്ങിയിരിക്കണം എന്ന് ഞാന്‍ വിചാരിക്കുന്നു.

പിന്നെയാണ് അതുണ്ടായത്. ഞാന്‍ യാക്കോബിന്റെ ഏണിപ്പടികള്‍ കണ്ടു എന്ന് അപ്പ എന്നോടു പറഞ്ഞു. വിശ്വാസപ്രകാരം ആ ഏണിപ്പടി കയറിയാണ് മരിച്ചവര്‍ പോവുക. ഞാന്‍ കണ്ടില്ലല്ലോ എന്ന് ഞാന്‍ തിരിച്ചും പറഞ്ഞു. യാക്കോബിന്റെ ഏണിപ്പടികള്‍ ഞാന്‍ കണ്ടു, ആദ്യ പടിയില്‍ ഞാന്‍ കാല്‍ വച്ചു, ആരോ എന്നെ പിടിച്ചു പിറകോട്ടു വലിച്ചു എന്ന് അപ്പ പിന്നാലേ പറഞ്ഞു.

ശരിയായിരിക്കണം. അപ്പ ആ പടികള്‍ കണ്ടിട്ടുണ്ടാകണം.

അപ്പയ്ക്ക് വലിയ കരുതലായിരുന്നു. എല്ലാവരോടും. സഹായിയായി അജിത് എന്ന ഒരാളുണ്ട്. അജിത്തിന് ഇഷ്ടമുള്ള ഭക്ഷണം കഴിപ്പിക്കുകയായിരുന്നു അവസാനകാലത്തെ വലിയ സന്തോഷം. അജിത്തിന്റെ മകന് ഇഷ്ടപ്പെട്ട ബിരിയാണി വാങ്ങി കൊടുത്തയച്ച കാര്യം വരെ സന്തോഷത്തോടെ അപ്പ പറയുമായിരുന്നു.

ഇപ്പോള്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഒരു രാത്രി അപ്പ നോക്കുമ്പോള്‍ ഞാന്‍ കിടക്കയ്ക്ക് അടുക്കലുണ്ട്. ക്ലോക്കില്‍ ഒരു മണി എന്ന് അപ്പ കണ്ടു. ഈ സമയത്ത് ഈ പെണ്‍കുട്ടിയെ ഇവിടെ നിര്‍ത്തണോ എന്ന് ഡോക്ടറോടും നഴ്‌സിനോടുമായി അപ്പ ചോദിച്ചു. ഞാന്‍ കുട്ടിയൊന്നുമല്ല, ഇവിടെ എനിക്കു പേടിക്കാനൊന്നുമില്ല എന്നു പറഞ്ഞാണ് ഞാന്‍ അപ്പയെ ആശ്വസിപ്പിച്ചത്. അതായിരുന്നു ആ കരുതല്‍.

ആ കരുതല്‍ ഇനിയില്ല.

അല്ല, ആ കരുതല്‍ എന്നും എന്നോടൊപ്പമുണ്ടാവും.
( ഞങ്ങളുടെ പ്രതിനിധിയോട് സംസാരിച്ചതില്‍ നിന്ന് )

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News