കര്‍ണാടകയില്‍ പ്രചാരണത്തിനെത്തിയ മോദിയുടെ ഹെലികോപ്റ്ററില്‍ പെട്ടി; ഇത് പിന്നീട് സ്വകാര്യ വാഹനത്തിലേക്ക് മാറ്റി; പെട്ടിയില്‍ പണമാണെന്നും അന്വേഷണം വേണമെന്നും പ്രതിപക്ഷം

കര്‍ണ്ണാടകയില്‍ പ്രചാരണത്തിന് എത്തിയ നരേന്ദ്രമോദിയുടെ ഹെലികോപ്റ്ററില്‍ ദുരൂഹമായി ഒരു പെട്ടി. ചിത്രദുര്‍ഗയില്‍ മോദി ഇറങ്ങിയതിന് പിന്നാലെ ഹെലികോപ്റ്ററില്‍ നിന്നും പെട്ടി സമീപത്തെ സ്വകാര്യ വാഹനത്തിലേയ്ക്ക് കയറ്റി കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു.

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ ഉള്‍പ്പെടാത്ത വണ്ടിയില്‍ കൊണ്ട് പോയ പെട്ടിക്കുള്ളില്‍ എന്തായിരുന്നു എന്ന ചോദ്യവുമായി പ്രതിപക്ഷം രംഗത്ത് എത്തി.

കേരളത്തില്‍ ഇന്നലെ പ്രചാരണം നടത്തിയ മോദി ഇന്ന് ദക്ഷിണ കര്‍ണ്ണാടകയിലെ വിവിധ പ്രദേശങ്ങളില്‍ പ്രചാരണത്തിന് എത്തിയപ്പോഴുള്ള ദൃശ്യങ്ങളാണ് വന്‍ രാഷ്ട്രിയ വിവാദത്തിന് വഴി തെളിച്ചിരിക്കുന്നത്.

ചിത്രദുര്‍ഗ ഹെലിപാഡില്‍ വന്നിറങ്ങിയ മോദി പ്രചാരണ സ്ഥലത്തേയ്ക്ക് പോയതിന് പിന്നാലെ അദേഹം വന്ന ഹെലികോപ്റ്ററില്‍ നിന്നും രണ്ട് മൂന്ന് പേര്‍ ഒരു വലിയ പെട്ടി താങ്ങി പുറത്തേയ്ക്ക് എടുക്കുന്ന ദൃശ്യങ്ങള്‍ പ്രാദേശിക രാഷ്ട്രിയ നേതാക്കള്‍ പുറത്ത് വിട്ടു.

ധൃതി പിടിച്ച് പെട്ടി അടുത്തുണ്ടായിരുന്ന സ്വകാര്യ ഇന്നവയിലേയ്ക്ക് മാറ്റി.വാഹനം ഉടന്‍ അവിടെ നിന്നും ഓടിച്ച് പോയി.

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ ഉള്‍പ്പെടാത്തതാണ് ഈ വണ്ടി. കര്‍ണ്ണാടകയിലെ ജനതാദള്‍ സെക്യൂലര്‍ ഔദ്യോഗിക ട്വീറ്ററില്‍ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തു.

മുഖ്യമന്ത്രിമാരുടെ വാഹനങ്ങള്‍ പോലും പരിശോധിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത് എന്താണന്ന് പരിശോധിക്കണമെന്ന് ജനതാദള്‍ ആവിശ്യപ്പെട്ടു.

പെട്ടിക്കുള്ളില്‍ പണമായിരുന്നോ, ക്രമക്കേട് വരുത്തിയ ഇവിഎംകള്‍ ആയിരുന്നോ എന്ന് ചോദ്യവുമായി കര്‍ണ്ണാടക കോണ്‍ഗ്രസ് നേതാക്കളും രംഗത്ത് എത്തി.

മോദിയുടെ സ്വകാര്യ സാധനങ്ങള്‍ ആയിരുന്നുവെന്നാണ് ബിജെപി നേതാക്കളുടെ വാദം.എന്നാല്‍ സുരക്ഷ ഉപകരണങ്ങളും വാഹനങ്ങളും നേരത്തെ എത്തിച്ച ശേഷമാണ് പ്രധാനമന്ത്രിയെ സ്ഥലത്ത് എത്തിക്കുക.

അല്ലാതെ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററില്‍ സുരക്ഷ ഉപകരണങ്ങള്‍ കൊണ്ട് പോകാറില്ല. അത് കൊണ്ട് തന്നെ ഹെലികോപ്റ്ററില്‍ നിന്നിറക്കിയ കറുത്ത പെട്ടി വലിയ രാഷ്ട്രിയ വിവാദങ്ങള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here