പി രാജീവിന്റെ സ്ഥാനാർഥിത്വത്തെ രാഷ‌്ട്രീയാതിർത്തി ഭേദിച്ച‌് പിന്തുണച്ച ആദ്യ പ്രമുഖൻ വീക്ഷണം പത്രത്തിന്റെ മുൻ പത്രാധിപരും എഴുത്തുകാരനുമായ കെ എൽ മോഹനവർമയാണ‌്. സിനിമാ സംവിധായകൻ മേജർ രവി തെരഞ്ഞെടുപ്പ‌് കൺവൻഷനിലെത്തി പിന്തുണ അറിയിച്ചു.

എം ലീലാവതി ടീച്ചർ അനുഗ്രഹിക്കുക മാത്രമല്ല വിജയവും ഉറപ്പുനൽകി. മുൻ ആസൂത്രണ കമീഷൻ അംഗം ജി വിജയരാഘവൻ രാജീവിന്റെ തെരഞ്ഞെടുപ്പ‌് പ്രചാരണ ആപ‌് ഉദ‌്ഘാടനം ചെയ‌്തു.

കവി ബാലചന്ദ്രൻ ചുള്ളിക്കാട‌്,  സംവിധായകൻ ബി ഉണ്ണിക്കൃഷ‌്ണൻ, നടന്മാരായ മണികണ‌്ഠൻ, കലാഭവൻ ഷൈജു, ഗിന്നസ‌് പക്രു, നടിമാരായ മോളി കണ്ണമാലി, കൊളപ്പള്ളി ലീല, ഗായത്രി, പിന്നണി ഗായകനായ അനൂപ‌് ചന്ദ്രൻ, ഒ യു ബഷീർ, ജഡ‌്ജി കെ കെ ഉത്തരൻ തുടങ്ങി ഒട്ടേറെ പേർ സ്വീകരണകേന്ദ്രങ്ങളിലെത്തി  ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അല്ലാതെയും ആശംസകൾ നൽകിയ പ്രമുഖർ ഏറെ.

രാഷ‌്ട്രീയ നിലപാടല്ല; മറിച്ച‌് രാജീവിന്റെ പ്രവർത്തനങ്ങളോടും ഇടപെടലുകളോടുമുള്ള ഇഷ്ടമാണ‌് തന്നെ ഇടതുമുന്നണിയുടെ വേദയിലെത്തിച്ചതെന്നാണ‌് മേജർ രവി പറഞ്ഞത‌്.

രാജ്യസഭയിലെ ഇടപെടലുകളാണ‌് മേജർ രവിക്ക‌് ഇഷ്ടമായതെങ്കിൽ ഹരീഷ‌് വാസുദേവന‌് ഭക്ഷ്യ ആരോഗ്യ സുരക്ഷയിലും ജൈവജീവിതത്തിലും പരിസ്ഥിതി സംരക്ഷണത്തിലും രാജീവ‌് നടത്തിയ ഇടപെടലുകളാണ‌് താൽപ്പര്യം ഉണർത്തിയത‌്.

ഒരു രാഷ‌്ട്രീയ പാർടി ആദ്യമായി ഭക്ഷ്യ ആരോഗ്യസുരക്ഷ ഒരു പരിപാടിയായി ഏറ്റെടുത്തത‌് എറണാകുളത്ത‌് രാജീവ‌് സിപിഐ എം ജില്ലാ സെക്രട്ടറിയായിരിക്കെയാണെന്ന‌് ഹരീഷ‌് പറഞ്ഞു.

പലർക്കും പലതാണ‌് രാജീവ‌്. ചിലർക്ക‌് കനിവ‌് പദ്ധതിയാണ‌്. ചിലർക്ക‌് ജൈവജീവിതം പദ്ധതി. മറ്റ‌് ചിലർക്ക‌് കനിവ‌് ആക‌്ഷൻ ഫോഴ‌്സ‌്.

വേറെ ചിലർക്ക‌് സൗജന്യ ഡയാലിസിസ‌് സെന്ററും ലീനിയർ ആക‌്സിലേറ്ററും. ചിലർക്ക‌് ജനറൽ ആശുപത്രിയുടെ സൗജന്യ ഭക്ഷണപരിപാടിയുടെ വഴികാട്ടിയാണെങ്കിൽ മറ്റ‌് ചിലർക്ക‌് ‘മനുഷ്യ മെട്രോ’യുടെ സംഘാടകനുമാണ‌്. പല ഉറവകളിലൂടെ എത്തുന്ന ഈ സ്വീകാര്യത മണ്ഡലമാകെ നിറയുകയാണ‌്…

രാഷ‌്ട്രീയ, ജാതി‐മത അതിർത്തികൾ ഭേദിച്ച‌്… ഇന്നലെകളിൽ തങ്ങളുടെ നിത്യജീവിതവുമായി നേരിട്ട‌് ഇടപെട്ടയാളാണ‌് അംഗീകാരത്തിനായി എത്തുന്നതെന്ന‌് ജനങ്ങൾ തിരിച്ചറിയുന്നു. ഇതുതന്നെയാണ‌് ഇടതുമുന്നണിയുടെ കരുത്ത‌്.

എംഎൽഎ എന്ന നിലയിൽ യുഡിഎഫ‌് സ്ഥാനാർഥി ഹൈബി ഈഡൻ ഒന്നും ചെയ‌്തില്ലെന്ന പരാതി വ്യാപകമാണ‌്.

മത്സ്യത്തൊഴിലാളികളുടെയും വ്യവസായത്തൊഴിലാളികളുടെയും മണ്ഡലമെന്ന നിലയിൽ അവരുടെ പ്രശ‌്നങ്ങൾ പരിഹരിക്കാൻ നിയമസഭാ സമിതികളിൽ കിട്ടിയ അവസരംപോലും വിനിയോഗിക്കാതിരുന്നത‌് സജീവ ചർച്ച. ഓഖി പുനരധിവാസമടക്കം ചർച്ച ചെയ്യാൻ 63 തവണ സമിതി യോഗം ചേർന്നപ്പോൾ ഹൈബി ആറ‌് യോഗങ്ങളിൽ മാത്രമാണ‌് പങ്കെടുത്തത‌്.

വ്യവസായ സബ‌്ജക്ട‌് കമ്മിറ്റിയുടെ കാര്യത്തിലും ഇതുതന്നെ സ്ഥിതി. 28 യോഗത്തിൽ ഹാജർ മൂന്നുമാത്രം. കേന്ദ്രമന്ത്രികൂടിയായ അൽഫോൺസ‌് കണ്ണന്താനമാണ‌് എൻഡിഎ സ്ഥാനാർഥി.