മുംബൈ നഗരത്തിലെ വിളവെടുക്കാത്ത കര്‍ഷകര്‍; മലയാളി യുവാവിന്റെ ഫേസ്ബുക് പോസ്റ്റ് വൈറല്‍

സൂര്യനസ്തമിക്കാത്ത നഗരമായ മുംബൈയില്‍ സമ്പന്നമാര്‍ക്കിടയില്‍ തന്നെ ജീവിക്കുന്ന ദരിദ്രരായ ജനങ്ങള്‍ പതിവ് കാഴ്ചകളാണ്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായി അറിയപ്പെടുന്ന ധാരാവിയില്‍ ഏകദേശം പത്തു ലക്ഷത്തിലധികം ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്നുവെന്നാണ് അനൗദ്യോദികമായ കണക്കുകള്‍ .

ആറാം തമ്പുരാന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഒറ്റ രാത്രി കൊണ്ട് ഒഴിപ്പിച്ചെന്ന് പറയുന്ന ധാരാവിയെ കുറിച്ചുള്ള നിറം പിടിച്ച കഥകളെല്ലാം വിറ്റഴിച്ചത് സിനിമക്കാരാണ്.

എന്നാല്‍ പിടിച്ചു പറിയും, അധോലോകവും, കൊല്ലും കൊലയും പ്രതീക്ഷിച്ചു ചെല്ലുന്നവരുടെ നെറ്റി ചുളിയും ഇവിടെയെത്തിയാല്‍.

ദാരിദ്രകാഴ്ചകള്‍ക്കിടയിലും ധാരാവിയിലെ അദ്ധ്വാനിക്കുന്ന ജന വിഭാഗം ആരെയും അതിശയിപ്പിക്കും. പക്ഷേ ഈ പ്രദേശത്തു ജീവിച്ച, ഒരിക്കലെങ്കിലും വന്നു പോയവര്‍ക്കു ധാരാവി നല്‍കുന്നത് മറ്റൊരു അനുഭവമാണ്.

ഗ്രാമത്തിലെ കാര്‍ഷികവൃത്തി ദാരിദ്ര്യം മാത്രം സമ്മാനിച്ചപ്പോള്‍ നഗരത്തിലേക്ക് ചേക്കേറി അതിജീവനത്തിനായി പാട് പെടുന്നവരെ കുറിച്ചാണ് എല്‍ ആന്‍ഡ് ടിയില്‍ എന്‍ജിനീയറായി ജോലി നോക്കുന്ന ദീപക് പച്ച ഫേസ്ബുക്കില്‍ പ്രതിപാദിച്ചിരിക്കുന്നത്.

ഇതിനകം നിരവധി പേര്‍ ഏറ്റെടുത്ത പോസ്റ്റില്‍ ആത്മഹത്യയുടെ മുനമ്പില്‍ നിന്നും ജീവിതം തേടി മഹാനഗരത്തിലേക്ക് ചേക്കേറിയവരുടെ പച്ചയായ ജീവിതം കോറിയിടുമ്പോള്‍ പ്രതിക്കൂട്ടിലാകുന്നത് 28 വര്‍ഷങ്ങള്‍ക്കിടയില്‍ 18 കൊല്ലം ഭരിച്ച കോണ്‍ഗ്രസ്സ് പാര്‍ട്ടി കൂടിയാണ്.

പോസ്റ്റിന്റെ പൂര്‍ണ രൂപം :

സമീപകാല ഇന്ത്യ കണ്ട ഏറ്റവും വലിയ കര്‍ഷക സമരം ‘കിസാന്‍ ലോങ്ങ് മാര്‍ച്ച്’ മുംബൈയിലെത്തിയപ്പോള്‍ ധാരാവിലെ അദ്ധ്വാന വിഭാഗം അത് ഹൃദയത്തിലേറ്റെടുക്കുകയായിരുന്നു.

മുംബൈയിലെ തിരക്കേറിയ തെരുവോരങ്ങളില്‍ പച്ചക്കറി മാത്രം വിറ്റ് ജീവിക്കുന്ന ‘സബ്ജിവാലകള്‍’, വരിയോരങ്ങളില്‍ ഇത്തിരിപ്പോന്ന പെട്ടിക്കടകളില്‍ ‘കട്ടിങ് ചായ്’ വില്‍ക്കുന്ന ചായ് വാലകള്‍’, കൃത്യമായി മീറ്ററുകളില്‍ മാത്രം നഗരങ്ങളില്‍ സവാരി നടത്തുന്ന ‘കാലാ പീല ടാക്‌സി ‘ ഡ്രൈവര്‍മാര്‍, 10 രൂപയ്ക്ക് വയറു നിറയ്ക്കുന്ന ‘വടാപാവ്’ വില്‍പ്പനക്കാര്‍. ഇവരില്‍ ബഹുഭൂരിഭാഗവും കാര്‍ഷിക വൃത്തി പട്ടിണി മാത്രം തന്നപ്പോള്‍ ആത്മഹത്യയുടെ മുനമ്പില്‍ നിന്നും ജീവിതം തേടി മഹാനഗരത്തിലേക്ക് ചേക്കേറിയവരാണ്.

അവരെ ചതിച്ചത് പ്രകൃതിയല്ല. മറിച്ചു ഈ നാട് ഭരിച്ചു മുടിക്കുന്ന ഭരണകൂടങ്ങളാണ്. അതുകൊണ്ടാണ് തങ്ങളില്‍ പെട്ടവര്‍ വിണ്ടുകീറിയ കാലുമായി മുംബൈയിലേക്ക് നടന്നു വന്ന ദരിദ്രകര്‍ഷകര്‍ ധാരാവിയിലെ ഈ പാവങ്ങളുടെ ഹൃദയത്തിലേക്കും കൂടിയാണ് നടന്നു കയറിയത്.

‘നാക്ക മസ്ദൂര്‍’ എന്ന് വിളിക്കുന്ന ഒരു തൊഴിലാളി കൂട്ടമുണ്ട്. എല്ലാദിവസവും നഗരത്തിലെ പ്രധാന ചില ജംഗ്ഷനുകളില്‍ രാവിലെ മുതല്‍ ഇവരുണ്ടാകും. സ്ത്രീകളും പുരുഷന്മാരും.

വൈദഗ്ദ്യം ആവശ്യമില്ലാത്ത എന്ത് കൂലിപ്പണിയും ഇവരെടുക്കും, രാവിലെ മുതല്‍ വൈകുവോളം നിന്നാലും പണി കിട്ടണം എന്ന ഉറപ്പൊന്നുമില്ല. ഇവരില്‍ സ്ത്രീകള്‍ ഉള്‍പ്പെടുന്നവര്‍ക്കായി ഉപയോഗിക്കാന്‍ പാകത്തില്‍ മൊബൈല്‍ ടോയ്‌ലറ്റുകള്‍ വേണമെന്ന് ആവശ്യവുമായി ബന്ധപെട്ടു പ്രീതിയേച്ചിയോടൊപ്പം (പ്രീതി ശേഖര്‍, സി ഐ ടി യൂ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി) ഒരിക്കല്‍ പ്രവര്‍ത്തിച്ചിരുന്നു.

താമസിക്കാന്‍ വീടുകളില്ലാത്ത, ഈ മനുഷ്യരെല്ലാം ഈ നഗരത്തില്‍ എവിടെ നിന്നാണ് വരുന്നതെന്ന് അന്വേഷിച്ചപ്പോഴാണ് മഹാരാഷ്ട്രയിലെ ഉള്‍ഗ്രാമങ്ങളിലെ കര്‍ഷകരാണവരില്‍ ബഹുഭൂരിഭാഗവും എന്നറിഞ്ഞത്. മുംബൈ നഗരം ഒരു നേരത്തെ വയറു നിറയ്ക്കുമെങ്കില്‍ അവര്‍ക്കത് വലിയ ആശ്വാസമാണ്.

തീരുന്നില്ല, റയില്‍വേ സ്റ്റേഷനുകളില്‍ കൈക്കുഞ്ഞുമായി വണ്ടിക്കൂലി ചോദിക്കുന്ന അധികം പ്രായമില്ലാത്ത ദമ്പതികളും നഗരത്തിലെ പതിവ് കാഴ്ചയാണ്. മറാത്തി മാത്രമാകും അറിയുന്ന ഭാഷ. മുംബൈ നഗരത്തിനോടുള്ള അപരിചിതത്വം എപ്പോഴും അവരുടെ മുഖത്തുണ്ട്. ഗ്രാമത്തില്‍ നിന്നും ജോലി തേടി നഗരത്തിലെത്തിയ കര്‍ഷകരാണ് ഇവരെല്ലാം.

ഇന്ത്യയിലെ ആത്മഹത്യകളുടെ 11.2% കാര്‍ഷിക ജോലി ചെയ്യുന്നതു മൂലമുണ്ടാകുന്ന കടക്കെണിയില്‍ പെട്ട് ആത്മഹത്യ ചെയ്യുന്നവരാണ് എന്നതാണ് കണക്ക്.

ഇന്ത്യയിലെ കര്‍ഷക ആത്മഹത്യ വാര്‍ത്തകളില്‍ ഇടം പിടിക്കും വിധം ഭീകരമായി കൂടുന്നത് 1990 കള്‍ക്ക് ശേഷമാണ്. അതിനുള്ള പ്രധാന കാരണം കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ നടപ്പാക്കിയ ഉദാരവല്‍ക്കരണ നയങ്ങളാണെന്ന് ആര്‍ക്കാണ് അറിയാത്തത്.

ഓരോ ദിവസവും പത്തു കര്‍ഷക ആത്മഹത്യ ഇന്ത്യയില്‍ നടക്കുന്നു എന്നാണ് NCRB യുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 1995, നീയോലിബറലിസത്തിനു ഇന്ത്യയുടെ വാതിലുകള്‍ തുറന്നു കൊടുത്തു നാല് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഒദ്യോഗിക കണക്കുകള്‍ പ്രകാരം 2018 വരെ 296,438 കര്‍ഷകര്‍ നമ്മുടെ രാജ്യത്ത് ആത്മഹത്യ ചെയ്തിട്ടുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യാ നടന്ന സ്ഥലം മഹാരാഷ്ട്രയാണ് , 60,750 പേര്‍.

ഈ കര്‍ഷകരില്‍ ബഹുഭൂരിഭാഗവും പരുത്തി കൃഷിക്കാര്‍ ആയിരുന്നു. 1998 ല്‍ മൊണ്‍സാന്റോ കമ്പനി ഇന്ത്യയിലേക്ക് വന്നത്തോടെ കോട്ടണ്‍ വിത്തുകളുടെ വിലയില്‍ 80,000% (from ?5 – ?9/KG to ? 1600 for 450 gms) വര്‍ദ്ധിച്ചു.

ഇത് കര്‍ഷകര്‍ക്ക് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു. മൊണ്‍സാന്റോ കമ്പനിയുടെ വിലകൂടിയ ജെനിറ്റിക്കലി മോഡിഫൈഡ് വിത്തുകള്‍ കര്‍ഷകരുടെ അന്തകരായി. ഇന്ന് ഇന്ത്യയിലെ പരുത്തി വിത്തുകളുടെ 95 % നിയന്ത്രിക്കുന്നതും മൊണ്‍സാന്റോ കമ്പനിയാണ്.

ഫ്രീ മാര്‍ക്കറ്റിനായി ഇന്ത്യന്‍ സമ്പത് വ്യവസ്ഥ തുറന്നിട്ട കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ സാമ്പത്തിക നയമല്ലാതെ പ്രതിസ്ഥാനത്തു നാം ആരെയാണ് നിര്‍ത്തേണ്ടത്?

മഹാരാഷ്ട്രയില്‍ ആണെങ്കില്‍ കഴിഞ്ഞ 28 വര്‍ഷങ്ങള്‍ക്കിടയില്‍ 18 കൊല്ലം ഭരിച്ചത് കോണ്‍ഗ്രസ്സ് പാര്‍ട്ടിയാണ്. 2018ല്‍ മഹാരാഷ്ട്രയില്‍ നടന്ന ലോങ്ങ് മാര്‍ച്ച് ആ കോണ്‍ഗ്രസ്സിനും കൂടി എതിരായ സമരമായിരുന്നു. (ആ സമരത്തിന്റെ ഫോട്ടോ വച്ചാണ് വെല്‍ഫെയര്‍ പാര്‍ട്ടിക്കാര്‍ യുഡിഫ് നു വോട്ട് ചെയ്യണമെന്ന് ഒരു സങ്കോചവുമില്ലാതെ പറഞ്ഞതെന്ന് ഓര്‍ക്കണം. )

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കര്‍ഷകരുള്ള വയനാട്ടില്‍ കോണ്‍ഗ്രസ്സിന്റെ ഏറ്റവും വലിയ നേതാവെത്തുമ്പോള്‍ ഈ ചോദ്യങ്ങള്‍ നാമെല്ലാവരും ചോദിക്കണം. ഇല്ലെങ്കില്‍ കര്‍ഷരോട് നമുക്കുണ്ടെന്നു പറയുന്ന സ്‌നേഹം വെറും പൊള്ളയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News