ജമ്മുവില്‍ മലയാളി വിദ്യാര്‍ഥത്ഥികള്‍ക്ക് നേരെ സംഘപരിവാര്‍ ആക്രമണം

ജമ്മു കേന്ദ്ര സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കുനേരെ സംഘപരിവാര്‍ ആക്രമണം. സര്‍വകലാശാലയിലെ എബിവിപി പ്രവര്‍ത്തകരും ക്യാമ്പസിന് പുറത്തുനിന്നെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരും വെള്ളിയാഴ്ച വൈകിട്ടാണ് ആക്രമണം നടത്തിയത്.

നാനോസയന്‍സ് വിദ്യാര്‍ഥി വിഷ്ണു, നാഷണല്‍ സെക്യൂരിറ്റി വിദ്യാര്‍ഥി ഭരത് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച ആര്‍ട് ഫെസ്റ്റ് നടക്കുന്നതിനിടെയാണ് അക്രമം.

വിസിയും ഹോസ്റ്റല്‍വാര്‍ഡനും ഇടപെട്ട് പൊലീസില്‍ പരാതി നല്‍കാനുള്ള നീക്കം തടഞ്ഞു.പരാതി നല്‍കിയാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. അതേസമയം, വിഷയം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇടപെടാമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ രാജ്യദ്രോഹികളും കമ്യൂണിസ്റ്റുകളും മാംസാഹാരം കഴിക്കുന്നവരുമാണെന്ന് പറഞ്ഞാണ്അതിക്രമം. വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ള അധികൃതരുടെ ഒത്താശയോടെയാണ് കേരളത്തില്‍നിന്നുള്ള മുപ്പത്തഞ്ചോളം വിദ്യാര്‍ഥികളെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത്. സര്‍വകലാശാലയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഹോസ്റ്റലിലേക്കുള്ള ബസ് സര്‍വീസിന് വലിയതുക ഈടാക്കുന്നതില്‍ പ്രതിഷേധിച്ചതില്‍ കോളേജ് അധികൃതര്‍ മലയാളി വിദ്യാര്‍ഥികളോട് ശത്രുതയോടെയാണ് പെരുമാറുന്നത്.

സ്വരക്ഷയ്ക്കുവേണ്ടി പൊലീസിനെപ്പോലും സമീപിക്കാന്‍ കഴിയാതെ ഹോസ്റ്റല്‍മുറികളില്‍ത്തന്നെ കഴിയുകയാണെന്ന് മാനന്തവാടി സ്വദേശിയും ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയുമായ വിഷ്ണുപ്രസാദ്  പറഞ്ഞു. 2017ല്‍ ക്യാമ്പസില്‍ എസ്എഫ്‌ഐ യൂണിറ്റ് തുടങ്ങിയതുമുതലാണ് എബിവിപി ആക്രമണം ശക്തമായത്.

പ്രാദേശിക ദിനപത്രങ്ങളുടെ ഒന്നാംപേജില്‍ കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ കശ്മീരിവിദ്യാര്‍ഥികളുമായി ചേര്‍ന്ന് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി വാര്‍ത്ത പ്രസിദ്ധീകരിച്ചു. പാക് അനുകൂല വികാരം കുത്തിവയ്ക്കാന്‍ ശ്രമിച്ചുവെന്നും ആരോപിച്ചു. മലയാളി വിദ്യാര്‍ഥികളെ ക്ലാസ്മുറികളിലും ഹോസ്റ്റലിലും മെസ്സിലും എബിവിപിക്കാര്‍ ആക്രമിച്ചു. സര്‍വകലാശാലയില്‍ രാഷ്ട്രീയപ്രവര്‍ത്തനം അനുവദിക്കില്ലെന്ന് വിസിയെക്കൊണ്ട് ഉത്തരവിറക്കിച്ചു. 70 ശതമാനത്തോളം വിദ്യാര്‍ഥികളും മാംസാഹാരം കഴിക്കുന്നവരായിട്ടും മെസ്സില്‍ സസ്യാഹാരംമാത്രമേ നല്‍കാന്‍ പാടുള്ളൂവെന്ന് എബിവിപിക്കാര്‍ ഇടപെട്ട് ചട്ടമുണ്ടാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News