തിരക്കിട്ട ഷൂട്ടിങ്ങിനിടയിലും നാട്ടിലെത്തി വോട്ട് രേഖപ്പെടുത്തുമെന്ന് സിനിമാതാരം വിജയസേതുപതി. ജയറാം നായകനാകുന്ന മാര്‍ക്കോണി മത്തായി എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കൊച്ചിയിലാണ് അദ്ദേഹം ഉള്ളത്.

ഷൂട്ടിംഗ് സെറ്റില്‍ സംഘടിപ്പിച്ച വിഷു സദ്യയിലും അദ്ദേഹം പങ്കെടുത്തു. ഈമാസം 18നാണ് തമിഴ്‌നാട്ടില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. സിനിമയും വോട്ടും തമിഴന് ജീവനെക്കാള്‍ പ്രധാനമാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് വിജയ് സേതുപതി.

തന്റെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനായി ഉടന്‍തന്നെ നാട്ടിലേക്ക് തിരിക്കുമെന്ന് അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. ആര്‍ക്കൊപ്പമാണ് ഈ തെരഞ്ഞെടുപ്പില്‍ എന്ന ചോദ്യത്തിന് തന്റെ നിലപാടുകള്‍ക്കും തീരുമാനങ്ങള്‍ക്കും ഒപ്പം നില്‍ക്കുന്നവര്‍ക്കായിരിക്കും തന്റെ വോട്ടെന്നായിരുന്നു താരത്തിന്റെ മറുപടി.

ജയറാമിനൊപ്പം മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് വിജയ് സേതുപതി. താരം സ്വന്തം പേരില്‍ തന്നെ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്. വിഷുദിനത്തില്‍ ലൊക്കേഷനില്‍ ഒരുക്കിയ സദ്യയിലും താരം പങ്കെടുത്തു. തന്നെ സ്‌നേഹിക്കുന്ന മലയാളിപ്രേക്ഷകര്‍ക്ക് വിഷു ആശംസകളും മക്കള്‍ സെല്‍വന്‍ നേര്‍ന്നു.