വിദ്വേഷ പ്രസംഗം: യോഗി ആദിത്യനാഥിനും മായാവതിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക്

വിദ്വേഷ പ്രസംഗം നടത്തിയ യോഗി ആദിത്യനാഥിനും മായാവതിയ്ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തി.

നാളെ രാവിലെ ആറ് മണി മുതല്‍ യോഗി ആദിത്യനാഥ് മൂന്ന് ദിവസത്തേയ്ക്ക് തിരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ പാടില്ല.

മായാവതിയ്ക്ക് രണ്ട് ദിവസത്തേയ്ക്കും വിലക്ക്. സുപ്രീംകോടതി വിമര്‍ശനത്തിന് പിന്നാലെയാണ് കമ്മീഷന്‍ നടപടി.

ഉപദേശങ്ങളും മുന്നറിയിപ്പും വിട്ട് കടുത്ത അച്ചടക്ക നടപടിയിലേയ്ക്ക് കടന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബിജെപി പ്രചാരണ റാലിയില്‍ ഒരു മതവിഭാഗത്തെ ലക്ഷ്യം വച്ച് നടത്തിയ ബജ്‌റഗ് ബലി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ യോഗി ആദിത്യനാഥിന് 72 മണിക്കൂറിലേയ്ക്ക് കമ്മീഷന്‍ പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തി.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച മീറട്ടില്‍ നടന്ന പ്രചാരണ റാലിയിലാണ് പെരുമാറ്റ ചട്ടം ലംഘിച്ച് യോഗി ആദ്യത്യനാഥിന്റെ വിദ്വേഷ പരാമര്‍ശം.

ഭരണഘടന ഉറപ്പ് നല്‍കുന്ന ഇന്ത്യയുടെ മതേതരത്വത്തെ ഉയര്‍ത്തി പിടിക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കഴിഞ്ഞില്ലെന്ന് കമ്മീഷന്‍ ചൂണ്ടികാട്ടി.

നാളെ രാവിലെ ആറ് മണിമുതല്‍ തിരഞ്ഞെടുപ്പ് വിലക്ക് പ്രാമ്പല്യത്തിലാകും. മൂന്ന് ദിവസത്തേയ്ക്ക് പൊതുസമ്മേളനങ്ങള്‍, റോഡ് ഷോകള്‍, മാധ്യമ അഭിമുഖങ്ങള്‍, സോഷ്യല്‍മീഡിയ വഴിയുള്ള പ്രചാരണമൊന്നും യോഗി ആദിത്യനാഥ് നടത്താന്‍ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

ബിഎസ്പി അദ്ധ്യക്ഷ മായാവതിയ്ക്ക് രണ്ട് ദിവസത്തേയ്ക്കാണ് പ്രചാരണ വിലക്ക്.ഒന്നാം ഘട്ട വോട്ടിങ്ങിന്റെ അവസാന പ്രചാരണ ദിവസമായ ഒന്‍പതാം തിയതി യുപിയിലെ സഹാറന്‍പൂരില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി നടത്തിയ വോട്ട അഭ്യര്‍ത്ഥനയിലാണ് മായാവതി പെരുമാറ്റചട്ടം ലംഘിച്ചത്.

മുസ്ലീങ്ങള്‍ കോണ്ഗ്രസിന് വോട്ട് ചെയരുതെന്നായിരുന്നു മായാവതിയുടെ പരാമര്‍ശം. മതം തിരിച്ച് മായാവതി നടത്തിയ പ്രസംഗം സുപ്രീംകോടതിയുടെ മുന്‍ ഉത്തരവുകള്‍ പോലും ലംഘിക്കുന്നതാണന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ഇതാദ്യമായാണ് ഈ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കമ്മീഷന്‍ അച്ചടക്കനടപടിയുടെ ഭാഗമായി നേതാക്കള്‍ക്ക് പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തുന്നത്.

യുപിയിലെ എട്ട് മണ്ഡലങ്ങളടക്കം രണ്ടാം ഘട്ട പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ വന്ന വിലക്ക് ബിജെപിയുടേയും ബിഎസ്പിയുടേയും പ്രചാരണത്തെ ബാധിക്കും.

സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ നടപടി. ഇരുവര്‍ക്കും ഏര്‍പ്പെടുത്തിയ പ്രചാരണ വിലക്ക് സുപ്രീംകോടതിയെ അറിയിക്കുമെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News