തെരഞ്ഞെടുപ്പ് സര്‍വേകളെന്ന പേരില്‍ മാധ്യമങ്ങള്‍ നടത്തുന്നത് ഇടതുപക്ഷത്തിനെതിരായ കടന്നാക്രമണം: എംവി ഗോവിന്ദന്‍

കണ്ണൂർ: തെരഞ്ഞെടുപ്പു സർവേകളെന്ന പേരിൽ കേരളത്തിൽ ഇടതുപക്ഷത്തിനെതിരായ രാഷ്ട്രീയ കടന്നാക്രമണമാണ് മാധ്യമങ്ങൾ നടത്തുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ പറഞ്ഞു.

മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും അവതരിപ്പിച്ചത് ശാസ്ത്രീയ സർവേ റിപ്പോർട്ടല്ല, രാഷ്ട്രീയ സർവേ റിപ്പോർട്ടാണ്. സി കണ്ണൻ ദിനാചരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷം അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഈ തെരഞ്ഞെടുപ്പിൽ മുമ്പൊരിക്കലുമില്ലാത്ത വിധം ഭരണ വർഗത്തോടു ചേർന്നു നിൽക്കുകയാണ് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ.

യു ഡി എഫ്/ ബി ജെ പി അനുകൂല നിലപാട് എന്നതിനപ്പുറം ഇടതു പക്ഷത്തിനെതിരെ അതിശക്തമായ കടന്നാക്രമണമാണ് ഇവരുടെ അജൻഡ. അതിനുള്ള ഏറ്റവും പുതിയ ആയുധമാണ് അഭിപ്രായ സർവേ.

ശാസ്ത്രീയ സർവേയുടെ മറവിൽ രാഷ്ട്രീയ സർവേയാണ് ഈ മാധ്യമങ്ങൾ നടത്തുന്നത്. 8600 പേരെ കണ്ടു, 5100 പേരെ കണ്ടു എന്നൊക്കെ പറയുന്നത് ശുദ്ധ അസംബന്ധമാണ്.

ആരെയും കണ്ടു കൊണ്ടല്ല ഈ സർവേ. അവർക്കു താൽപര്യമുള്ള ഒരു സമവാക്യം തയ്യാറാക്കുകയാണ്. എന്നിട്ട് തയ്യാറാക്കിയവർ തന്നെ പറയുന്നു ഇതിൽ ഇനിയും മാറ്റം വരാൻ സാധ്യതയുണ്ടെന്ന്. അപ്പോഴും മാറ്റം വരുന്നത് ഇടതുപക്ഷത്തിന്റെ സീറ്റുകളിൽ മാത്രം .

കേരളത്തിൽ എൽ ഡി എഫും യു ഡി എഫും തമ്മിൽ 10-11 ശതമാനം വോട്ടു വ്യത്യാസം വരുന്ന ഒരു മണ്ഡലവുമില്ല.

അങ്ങനെ സ്ഥാപിക്കുന്നതിലും വ്യക്തമായ രാഷ്ട്രീയമുണ്ട്. ചെറിയ ശതമാനം വോട്ടു വ്യത്യാസമാണെങ്കിൽ നമ്മളൊന്ന് ആഞ്ഞു ശ്രമിച്ചാൽ വിജയിക്കാനാകും. എന്നാൽ വലിയ വ്യത്യാസമാകുമ്പോൾ ഇനിയെന്തു ശ്രമിച്ചിട്ടും കാര്യമില്ലെന്ന മനസ്സ് ബോധപൂർവം ഉൽപ്പാദിപ്പിക്കുകയാണ്.

ആധുനിക രീതിയിൽ എങ്ങനെ മനുഷ്യന്റെ മനസ്സിനൊ സ്വാധീനിക്കാമെന്നാണു നോക്കുന്നത്. അതിനായി മുമ്പൊരിക്കലുമില്ലാത്ത വിധത്തിൽ കളവായ, അശാസ്ത്രീയമായ നിഗമനങ്ങൾ ശാസ്ത്രീയ റിപ്പോർട്ടെന്ന തരത്തിൽ അവതരിപ്പിക്കുകയാണ്.

കേരളത്തിലെ മാധ്യമങ്ങളുടെ ചരിത്രത്തിൽ ഇത്രയും സംഘടിതമായ ഇടതുപക്ഷ വിരുദ്ധ കടന്നാക്രമണം മുമ്പൊരിക്കലുമുണ്ടായിട്ടില്ല.

എന്നാൽ ഇതിനെ കേരളം അതിജീവിക്കുക തന്നെ ചെയ്യുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. കെ പി സഹദേവൻ അധ്യക്ഷനായി. സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ സ്വാഗതം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News