അംബാനിക്കും അദാനിക്കും ഇഷ്ടം പോലെ തീറെഴുതി കൊടുക്കാൻ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ മോദിയുടെ തറവാട്ട് സ്വത്തല്ല, മോദിക്ക് ആകെ താല്പര്യമുള്ളത് അംബാനി, അദാനി, പശു എന്നീ മൂന്ന് വിഷയങ്ങളിൽ: സുഭാഷിണി അലി

അംബാനിക്കും അദാനിക്കും ഇഷ്ടം പോലെ തീറെഴുതി കൊടുക്കാൻ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ നരേന്ദ്ര മോഡിയുടെ തറവാട്ട് സ്വത്തല്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി പറഞ്ഞു. നരേന്ദ്ര മോദിക്ക് ആകെ താല്പര്യമുള്ളത് മൂന്ന് വിഷയങ്ങളിലാണ്- അംബാനി, അദാനി, പശു.

രാജ്യത്തിന്റെ മതേതര സ്വഭാവം കാത്തുസൂക്ഷിക്കാനും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂ എന്നും അവർ പറഞ്ഞു. എൽഡിഎഫ് തിരുവനന്തപുരം വളക്കടവിൽ ഞായറാഴ്ച സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു സുഭാഷിണി അലി.

തിരുവനന്തപുരം വിമാനത്താവളം അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ അദാനിക്ക് തീറെഴുതി കൊടുത്തു. സൈക്കിളിന്റെ പഞ്ചർ ഓടിക്കാൻ അറിയാത്ത അനിൽ അംബാനിക്ക് റാഫേൽ വിമാനങ്ങൾ നിർമിക്കാനുള്ള ലൈസൻസും പ്രാപ്യമാക്കി.

എൻഡിഎ സർക്കാരിന് കീഴിൽ ന്യൂനപക്ഷ വിഭാഗങ്ങൾ തുടർച്ചയായി ആക്രമിക്കപ്പെടുകയാണ്. പോത്തിറച്ചി വിൽക്കുകയും ഭക്ഷിക്കുകയും ചെയ്തതിന്റെ പേരിൽ ദളിത്, മുസ്ലിം വിഭാഗത്തിൽ പെട്ടവർ കൊല്ലപ്പെടുക പോലും ചെയ്യുന്നു. കേരളത്തിലെ ബിജെപി നേതാക്കൾക്ക് ബീഫ് വലിയ ഇഷ്ടമാണ്. എന്നാൽ സംസ്ഥാന അതിർത്തി കടക്കുന്നതും പശു അവർക്ക് അമ്മയായി മാറുന്നു.

ഡൽഹിയിൽ കേരളാ ഹൗസിലെ അടുക്കളയിൽ ബീഫ് പാകം ചെയ്യുന്നോ എന്നറിയാൻ സംഘത്തെ വിടാൻ ധാർഷ്ട്യം കാണിച്ചു നരേന്ദ്ര മോഡി. അന്ന് മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടി മോഡിയെ ഫോണിൽ വിളിച്ച് മാപ്പിരക്കുകയാണുണ്ടായത്. അന്ന് പാർലമെന്റിൽ ഉണ്ടായിരുന്ന പി കെ ശ്രീമതി, പി കരുണാകരൻ, പി രാജീവ്, എം ബി രാജേഷ്, എ സമ്പത്ത്, പി കെ ബിജു ഉൾപ്പെടെയുള്ള ഇടതുപക്ഷ എംപിമാരാണ് കേരള ഹൗസിന് മുൻപിൽ ധർണ നടത്താൻ തയ്യാറായത്. അക്കൂട്ടത്തിൽ ശശി തരൂർ ഉണ്ടായിരുന്നില്ല എന്നത് ദുഃഖകരമാണ്.

പ്രളയത്തിൽ അകപ്പെട്ട മലയാളക്കാരയെ സ്വന്തം ജീവൻ അപകടത്തിലാക്കി രക്ഷിച്ചവരാണ് മത്സ്യത്തൊഴിലാളികൾ. അവർ പിടിച്ച മീന് പോലും അയിത്തം കൽപ്പിക്കുന്ന തരൂർ ന്യൂനപക്ഷങ്ങൾക്കായി എന്ത് ചെയ്യുമെന്നാണ് പറയുന്നത്? ബിജെപി അനുകൂല നിലപാടുകൾ സ്വീകരിച്ചതിന്റെ പേരിൽ സ്വന്തം അണികളുടെ പിന്തുണ പോലും നഷ്ടപ്പെട്ട് ഹൈ കമാന്റിന്റെ സഹായം അഭ്യര്ഥിച്ചിരിക്കുകയാണ് തരൂർ.

നരേന്ദ്ര മോഡി മുത്തലാഖ് ബിൽ കൊണ്ടുവന്നു. ആ വിഷയത്തിൽ സുപ്രീം കോടതി വിധിക്ക് അനുകൂലമാണ് ഇടതുപക്ഷ നിലപാട്. മോഡിക്ക് ഭാര്യയെ ഉപേക്ഷിച്ചാൽ പ്രധാന മന്ത്രി ആവുകയും മുത്തലാഖ് ചൊല്ലിയ മുസ്ലിം ജയിലിൽ പോവുകയും ചെയ്യേണ്ടി വരുന്നതിനെയാണ് ഞങ്ങൾ എതിർക്കുന്നത്. ഒരു സിവിൽ കുറ്റത്തിനെ ക്രിമിനൽ കുറ്റമാക്കുന്നത് പാർലമെന്റിൽ ചോദ്യം ചെയ്തതും കേരളത്തിൽ നിന്നുള്ള ഇടതുപക്ഷ എംപിമാരാണ്. എടപ്പാളിലും കുറ്റിപ്പുറത്തും വലിയ വർത്തമാനം പറഞ്ഞു നടക്കുന്ന എംപി ബിരിയാണി കഴിക്കാൻ പോയതുകൊണ്ട് പാർലമെന്റിൽ എത്താനായില്ല എന്നാണ് പറയുന്നതെന്നും സുഭാഷിണി പരിഹസിച്ചു.

കേരളത്തിൽ അയ്യൻകാളി, ശ്രീനാരായണ ഗുരു, എകെജി, ഇഎംഎസ് തുടങ്ങിയവർ സമത്വത്തിനു വേണ്ടി നടത്തിയ പ്രവർത്തനഫലമായാണ് കേരളത്തിൽ ദളിത്, പിന്നോക്ക വിഭാഗങ്ങൾക്ക് മാന്യമായ ജീവിതസാഹചര്യം കൈവരിക്കാനായത്. പഴയ കോൺഗ്രസ് നേതാക്കന്മാർ പോലും ഇതിനുവേണ്ടി പ്രയത്നിച്ചു.

എന്നാൽ, ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിയെ ഡൽഹിയിൽ സ്വാഗതം ചെയ്യുകയും ഇവിടെ അതുയർത്തി സർക്കാരിനെതിരെ സമരം ചെയ്യുകയും ചെയ്യുന്ന നിലപാടാണ് ഇന്നത്തെ കോൺഗ്രസ് സ്വീകരിക്കുന്നത്. ഇത്തരക്കാർക്ക് കൃത്യമായ മറുപടിയാണ് സംസ്ഥാനത്തെ സ്ത്രീകൾ നൽകിയത് എന്നതും ശ്ലാഘനീയമാണ്. ഞങ്ങൾ ഒരടിപോലും പിന്നോട്ടില്ല, വഴിതടയുന്നവരെ പിന്നോട്ട് തള്ളി മാറ്റും എന്ന് പ്രഖ്യാപിച്ച് അവർ വന്മത്തിലായി സർക്കാരിനൊപ്പം നിന്നു.

സ്ത്രീമുന്നേറ്റത്തിനും ദളിത്, ആദിവാസി, മുസ്ലിം, പിന്നോക്ക വിഭാഗങ്ങളുടെ വികസനത്തിനുമുള്ള പദ്ധതികൾ ഒന്നൊന്നായി തകിടം മറിക്കുകയാണ് കേന്ദ്ര സർക്കാർ. എന്നാൽ, ഈ വിഭാഗങ്ങൾക്കുവേണ്ടി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പ്രത്യേക പദ്ധതികളുടെ ഫലമായി വയനാട്ടിൽ നിന്നൊരു മിടുക്കി ഐഎഎസ് നേടിയിരിക്കുന്നു.

രാഹുൽ ഗാന്ധി 15 വർഷം തുടർച്ചയായി പ്രതിനിധീകരിക്കുന്ന അമേഠിയിൽ പിന്നോക്ക വിഭാഗക്കാർക്ക് ബിരുദം പോലും സ്വപ്നം കാണാനാകുന്നില്ല. അവിടെ 50 ശതമാനം സ്ത്രീകളും നിരക്ഷരരാണ്. 48 ശതമാനം കുട്ടികൾ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. കേന്ദ്രത്തിലെ മനുവാദി ഭരണം അവസാനിപ്പിക്കാൻ ഇടതുപക്ഷവും രാജ്യമാകമാനമുള്ള പ്രാദേശിക പാർട്ടികളും ഒന്നിക്കുകയാണ്.

എന്നാൽ, ബിജെപിയെ ഒറ്റയ്ക്ക് നേരിടുമെന്ന് പ്രഖ്യാപിച്ച് ബിജെപിയെ കാണാൻ പോലും കിട്ടാത്ത വയനാട്ടിലേക്ക് മത്സരിക്കാൻ വരികയാണ് രാഹുൽ ഗാന്ധി. അവിടെ എതിർപക്ഷത്തുള്ള മഞ്ഞക്കൊടിയല്ല, വയനാട്ടിൽ ഉയർന്നുപാറുന്ന രക്തപതാകയാണ് രാഹുൽ ലക്ഷ്യമിടുന്നതെന്ന് നമ്മൾ മനസ്സിലാക്കണം.

ഇന്ത്യയുടെ മതേതര സ്വഭാവം കാത്തുസൂക്ഷിക്കാനും ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കാനും കേന്ദ്രത്തിലേക്ക് ഓരോ പാർലമെന്റ് മണ്ഡലത്തിൽ നിന്നും ചെങ്കൊടിയേന്തിയ പോരാളികളെ തെരഞ്ഞെടുത്ത് അയക്കണം. തിരുവനന്തപുരത്തെ സ്ഥാനാർഥി സി ദിവാകരനെ വൻപിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും സുഭാഷിണി അലി അഭ്യർഥിച്ചു.

വാർഡ് കൗണ്സിലർ ഷാഹിദ നാസർ അധ്യക്ഷയായി. കെ ഇ ഇസ്മായിൽ, സി ജയൻബാബു, എ എ റഷീദ്, കുര്യാത്തി മോഹനൻ, ഐഷ ബീവി, സി പി നാരായണൻ, എന്നിവർ സംസാരിച്ചു. ജയശ്രീ സ്വാഗതവും രാഖി രവികുമാർ നന്ദിയും പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here