ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ആദ്യ സെമി ഫൈനലിസ്റ്റുകളെ ഇന്നറിയാം. ടൂറിനില്‍ യുവന്റസിന്റെ ഹോം ഗ്രൗണ്ടില്‍ ക്രിസ്റ്റാന്യോ റൊണാള്‍ഡോയും സംഘവും അയാക്‌സിനെയും ന്യൂകാംപില്‍ ലിയോ മെസിയും കൂട്ടരും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെയും നേരിടും.
ആദ്യപാദ മത്സരത്തില്‍ ബാഴ്‌സ യുനൈറ്റഡിനെ 1-0ത്തിന് തോല്‍പിച്ചപ്പോള്‍ യുവന്റസ് അയാക്‌സിെന്റ തട്ടകത്തില്‍ 1-1ന് സമനിലയിലായിരുന്നു.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഫോമിലാണ് യുവന്റസിന്റെ പ്രതീക്ഷ മുഴുവന്‍. നിര്‍ണായക സമയത്തെല്ലാം സ്‌കോര്‍ ചെയ്യുന്ന ക്രിസ്റ്റ്യാനോയുടെ മികവിലാണ് യുവന്റസ് ഇതുവരെ എത്തിയത്.
അയാക്‌സിന്റെ തട്ടകമായ ആംസ്റ്റര്‍ഡാം അരീനയില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ റയല്‍ മഡ്രിഡിന് നഷ്ടമായത് എന്താണെന്നും യുവെന്റസിനു കിട്ടിയതെന്താണെന്നും കായിക ലോകത്തിന് മുന്നില്‍ തെളിഞ്ഞുനിന്നു.
ക്രിസ്റ്റ്യാനോയുടെ പറക്കും ഹെഡ്ഡര്‍ ഗോള്‍. വിലപ്പെട്ട ആ എവേ ഗോളിന്റെ ആനുകൂല്യമുള്ള യുവെയ്ക്ക് തന്നെ രണ്ടാം പാദത്തില്‍ മുന്‍തൂക്കം. എന്നാല്‍, ഡച്ച് ക്ലബ് നല്ല ആത്മവിശ്വാസത്തിലാണ്.
ഹാട്രിക് ചാമ്പ്യന്മാരായ റയല്‍ മഡ്രിഡിനെ മുട്ടുകുത്തിച്ചാണ് യുവതാരങ്ങള്‍ നിറഞ്ഞ അയാക്‌സ് ടീം ക്വാര്‍ട്ടറിലെത്തിയത്. അതിവേഗ മുന്നേറ്റങ്ങളുമായി വിസ്മയിപ്പിക്കുന്ന അയാക്‌സിന് ചാമ്പ്യന്‍സ് ലീഗില്‍ അസാധ്യ മികവ് പുറത്തെടുക്കുന്ന റൊണാള്‍ഡോയുടെ മികവിനെയാണ് മറികടക്കേണ്ടി വരുക.
ഓള്‍ഡ് ട്രാഫോര്‍ഡിലെ സെല്‍ഫ് ഗോള്‍ കടവുമായാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബാഴ്‌സയുടെ തട്ടകത്തില്‍ കളിക്കാനിറങ്ങുന്നത്. നൗകാംപിലെ ആര്‍ത്തിരമ്പുന്ന ആരാധകര്‍ക്ക് മുന്നില്‍ ലിയോണല്‍ മെസിക്കും സംഘത്തിനും കരുത്ത് ഇരട്ടിയാണ്.
മെസി, സുവാരസ്, കുടീഞ്ഞോ ത്രയത്തെ പിടിച്ചുകെട്ടാന്‍ യുണൈറ്റഡ് പതിനെട്ടടവും പുറത്തെടുക്കേണ്ടിവരും. പ്രീക്വാര്‍ട്ടറില്‍ പി എസ് ജിക്കെതിരെ പിന്നിട്ടുനിന്ന ശേഷം ശക്തമായി തിരിച്ചടിച്ച പ്രകടനം യുണൈറ്റഡ് ആവര്‍ത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
അന്ന് ഓള്‍ഡ് ട്രാഫോഡില്‍ ആദ്യ പാദത്തില്‍ 2-0ത്തിന് തോറ്റതിനു ശേഷം രണ്ടാം പാദത്തില്‍ 3-2ന്റെ തിരിച്ചുവരവ് നടത്തിയ പ്രകടനം ആവര്‍ത്തിക്കുമെന്ന് പോള്‍ പോഗ്ബ ആരാധകര്‍ക്ക് ഉറപ്പുനല്‍കുന്നു.

Get real time update about this post categories directly on your device, subscribe now.