മംഗലാപുരത്ത് നിന്ന് 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ശസ്ത്രക്രിയക്ക് കൊച്ചിയിലേക്ക് എത്തിച്ചത് വെറു 5 മണിക്കൂര്‍ കൊണ്ട്, ഇതിന് നമ്മള്‍ എല്ലാവരും നന്ദി പറയേണ്ടത് ഇന്നത്തെ ഹീറോയായ ആംബുലന്‍സ് ഡ്രൈവര്‍ ഹസന്‍ ദേളിക്കാണ്.

ഇന്ന് രാവിലെ 11,15 ന് ആണ് മംഗലാപുരത്ത് നിന്ന് കുഞ്ഞുമായി ഹസന്‍ പുറപ്പെട്ടത്. തിരുവനന്തപുരം ശ്രീചിത്രയായിരുന്നു ഹസന്റെ ലക്ഷ്യം. കുഞ്ഞിന്റെ ആരോഗ്യനില അപകടകരമായതിനാല്‍ തന്നെ വളരെ സമ്മര്‍ദത്തിനിടക്കാണ് അദ്ദേഹം വളയം പിടിച്ചത്.

പൊലീസിന്റെയും സര്‍ക്കാരിന്റെയും മറ്റ് അധികാരികളുടെയും നല്ലവരായ ജനങ്ങളുടെയും സഹായവും സഹകരണവും കാരണം ആണ് കുഞ്ഞിനെ അതിവേഗം എത്തിക്കാന്‍ കഴിഞ്ഞതെന്ന് ഹസന്‍ പറഞ്ഞു.

കാസര്‍ഗോഡ് ഉദുമയിലെ മുക്കുന്നോത്ത് സ്വദേശി ഹസന്‍ ദേളി സാഹസികതക്ക് വളയം പിടിക്കുന്നത് ഇത് രണ്ടാം തവണയാണ്.

ഇതിന് മുന്‍പ് 2017 ല്‍ മംഗലാപുരത്ത് നിന്ന് തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലേക്ക് കാസര്‍ഗോഡ് സ്വദേശിയായ രോഗിയെ ഹസന്‍ എത്തിച്ചത് 8 മണിക്കൂര്‍ 45 മിനിറ്റ് കൊണ്ടാണ്.

കുഞ്ഞിന്റെ ആരോഗ്യനില അപകടകരമായതിനാല്‍ എയര്‍ ലിഫ്റ്റിങ് സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇതിനാലാണ് ആകാശമാര്‍ഗം ഉപേക്ഷിച്ച് ആംബുലന്‍സില്‍ കൊണ്ട് വന്നത്.