പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ സിപിഐഎം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കേരളത്തെ അപമാനിച്ച് മോദി നടത്തിയ ശബരിമല പരാമര്‍ശനത്തിനെതിരെയാണ് പരാതി.

സംസ്ഥാനത്ത് വര്‍ഗിയ ചേരിതിരിവ് ലക്ഷ്യമിട്ടാണ് മോദി പ്രസംഗിച്ചതെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോയംഗം നിലോത്പല്‍ ബസു നല്‍കിയ പരാതിയില്‍ ചൂണ്ടികാട്ടി.

പ്രത്യേക്ഷമായ തിരഞ്ഞെടുപ്പ് ലംഘനം നരേന്ദ്രമോദി നടത്തിയെന്ന് ചൂണ്ടികാണിച്ചാണ് സിപിഐഎം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

ഏപ്രില്‍ 13ന് തമിഴ്‌നാടിനെ തേനി ജില്ലിയിലെ രാമനാഥപുരത്തും പിന്നീട് ബാഗ്ലൂരിലും നടത്തിയ പ്രസംഗത്തില്‍ ശബരിമല പ്രധാന പ്രചാരണ വിഷയമാക്കി.

കമ്മ്യൂണിസ്റ്റുകാരും മുസ്ലീം ലീഗും വിശ്വാസത്തെ തകര്‍ക്കുകയാണന്നും,അപകടകരമായ കളിയാണന്നും മോദി പ്രസംഗിച്ചു.

വോട്ടിനായി വിശ്വാസത്തെ ഉപയോഗിച്ച മോദി കേരളത്തിലടക്കം വര്‍ഗിയ ചേരിതിരിവാണ് ലക്ഷ്യം വച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍ സിപിഐഎം ചൂണ്ടികാട്ടുന്നു.

മാതൃക പെരുമാറ്റചട്ടം ലംഘിച്ചെന്ന് മാത്രമല്ല ശബരിമലയേയും, അയപ്പനേയേയും പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനെ വെല്ലുവിളിക്കുകയാണ് മോദി ചെയ്തിരിക്കുന്നത്.

പ്രസംഗത്തിനെതിരെ കമ്മീഷന്‍ കടുത്ത നടപടി സ്വീകരിക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സുപ്രീംകോടതി വിമര്‍ശനത്തെ തുടര്‍ന്ന് മാതൃക പെരുമാറ്റചട്ടം ലംഘിച്ച നേതാക്കള്‍ക്കെതിരെ കമ്മീഷന്‍ നടപടി സ്വീകരിച്ചതിനേയും പരാതിയില്‍ പ്രത്യേകം എടുത്ത് പറയുന്നു.

സിപിഐഎം ന് വേണ്ടി പോളിറ്റ്ബ്യൂറോ അംഗം നിലോത്പ ബസുവാണ് കമ്മീഷന് കത്ത് അയച്ചത്. കേരളത്തെ മൊത്തം അപമാനിക്കുന്ന തരത്തില്‍ മോദി നടത്തിയ പ്രസംഗത്തിനെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ രംഗത്ത് എത്തിയിരുന്നു.