രാജ്യത്ത് മോദി സർക്കാർ വിരുദ്ധ വികാരം ആളി കത്തുമ്പോഴാണ് ബിജെപി സർക്കാർ മാറുമെന്ന പരോക്ഷ സൂചന നൽകി ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് പൊതു പരിപാടിയിൽ പ്രസംഗിച്ചത്.

ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും സര്‍ക്കാര്‍ മാറാനുള്ള സാധ്യതയുണ്ടെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്.

നേരത്തെ രാജവംശമായിരുന്ന സമയത്ത് 50 വര്‍ഷമൊക്കെ കഴിഞ്ഞാലേ ഭരണം മാറൂ. എന്നാലിപ്പോള്‍ ഓരോ അഞ്ചുവര്‍ഷത്തിലും സര്‍ക്കാര്‍ മാറാനുള്ള സാധ്യതയുണ്ടെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

സംസ്‌കൃത പണ്ഡിതനായിരുന്ന മഹാമഹോപാധ്യായ് വാസുദേവ വിഷ്ണു മിരാഷിയുടെ 125ാം ജന്മവാര്‍ഷിക ആഘോഷ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹ്യ സംഘടനകള്‍ സഹായത്തിനായി സർക്കാരിനെ ആശ്രയിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിനെ സമീപിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് സമീപിക്കാം.

പക്ഷേ സാമൂഹ്യ സംഘടനകള്‍ സര്‍ക്കാറിന്റെ ആശ്രിതരായിരിക്കണമെന്ന് എനിക്കു തോന്നുന്നില്ല. കാരണം സര്‍ക്കാര്‍ മാറിക്കൊണ്ടേയിരിക്കും. എന്നും ഭഗവത് പറഞ്ഞു.