കൊല്ലം: മോദി പണിയെടുക്കുന്നത് ഇന്ത്യയിലെ കുത്തക മുതലാളിമാരായ അംബാനിക്കും അദാനിക്കും പിന്നെ പശുവിനും വേണ്ടിയാണെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പ്രസിഡണ്ട് സുഭാഷിണി അലി.

മോദിയുടെ തറവാട്ടു സ്വത്തല്ല എയർപോർട്ടുകൾ എന്നും അവർ പറഞ്ഞു.രാജ്യത്തെ എയർപോർട്ടുകൾ ഓരോന്നായി അദാനിക്ക് വിറ്റു കൊണ്ടിരിക്കുകയാണ് മോദി.

ഉത്തരേന്ത്യയിലെ പോലെയല്ല, കേരളത്തിൽ എല്ലാവർക്കും പശുവിറച്ചി ഇഷ്ടമാണ്. എന്നാൽ ഗോവധം അതിൻറെ പേരിൽ കലാപമുണ്ടാക്കാൻ ആണ്, അത് ഇവിടെയും കൊണ്ടുവരാനാണ് അവർ ശ്രമിക്കുന്നത്.

ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്താണ് ഡൽഹിയിൽ കേരള ഹൗസിലെ പാചക പുരയിൽ മോദി തന്റെ ശിങ്കിടികളെ വിട്ടത്.

ബീഫ് ഉണ്ടെന്ന് ആരോപിച്ച് ആയിരുന്നു ഇത്. അന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി മോദിയെ വിളിച്ച് മാപ്പപേക്ഷിച്ചു. എന്നാൽ കേരളത്തിലെ എൽഡിഎഫ് എംപിമാർ എൻകെ പ്രേമചന്ദ്രൻ ഒഴികെയുള്ള എല്ലാവരും പ്രതിഷേധ ധർണ ഇരുന്നു.

ഒരു കേരളഹൗസ് സംരക്ഷിക്കാൻ കഴിവില്ലെങ്കിൽ അവരെങ്ങനെ കേരളത്തെയും കേരളത്തിലെ സാധാരണക്കാരായ ജനങ്ങളെയും സംരക്ഷിക്കും.

ഇവിടെ വലിയ നേതാവിൽ ഒരാൾ ബിജെപിയെ തോൽപ്പിക്കാൻ ചെങ്കോട്ടയിലേക്ക് വന്നിരിക്കുകയാണ്. ഇവിടെയുള്ള ചുവന്നകൊടി രാഹുൽ എന്ന വലിയ നേതാവ് കാണുന്നില്ല.

രാഹുലിന് ഒരു കണ്ണട വാങ്ങി കൊടുക്കണം. ഇവിടെ വന്ന് സ്കൂൾ എവിടെ വികസനം എവിടെ എന്നൊക്കെ ചോദിക്കുകയാണ് അദ്ദേഹം. എന്നാൽ അമേഠിയിലെ അവസ്ഥ രാഹുൽ മറക്കുന്നു.

ഇവിടെ വയനാട്ടിൽ ഒരു പെൺകുട്ടിക്ക് സിവിൽ സർവീസ് നേടിയെടുക്കാം എന്നാൽ അമേരിക്കയിൽ ഒരു പെൺകുട്ടിക്ക് ബിരുദം എടുക്കുന്നത് സ്വപ്നം പോലും കാണാൻ കഴിയില്ല.

പ്രേമചന്ദ്രൻ ഏതു പാർട്ടിയിൽ ഉള്ള ആളാണെന്ന് മനസ്സിലാകുന്നില്ല. ഇടത് ആണോ വലത് ആണോ ബിജെപി ആണോ. പല വള്ളത്തിലാണ് അയാൾ കാൽ വയ്ക്കുന്നത്.

കേരളം നവോത്ഥാന മൂല്യങ്ങളെ മുറുകെ പിടിച്ച് മുന്നോട്ട് പോകുന്ന സർക്കാർ ഭരിക്കുന്ന സംസ്ഥാനമാണ്. പിണറായി എന്ന ധൈര്യമുള്ള ഭരണാധികാരിയുടെ ബലത്തിലാണ് നമ്മൾ വനിതാ മതിൽ സംഘടിപ്പിച്ചത് ഞാനും അതിൽ പങ്കാളിയായിരുന്നു.

സർക്കാർ എന്നും ശ്രീനാരായണഗുരുവിന്റെയും അയ്യങ്കാളിയുടെയും പാത തുടരുന്നവരാണ് അതുകൊണ്ടാണ് അവർ എന്നും ജനങ്ങൾക്കൊപ്പം നിൽക്കുന്നത്

600 രൂപയുടെ ക്ഷേമപെൻഷൻ 1200 ആക്കി കുടിശ്ശിക ഇല്ലാതെ അവരുടെ ബാങ്കുകൾ വഴി വിതരണം ചെയ്യുന്നു. പണ്ട് തൃശ്ശൂരിൽ ഒരു മന്ത്രിയെ അങ്ങനവാടി വർക്കേഴ്സ് ചേർന്ന് ആരതി ഒഴിഞ്ഞ് സ്വീകരിച്ചു. എന്നാൽ അവർക്ക് വേണ്ടത് ഒന്നും നടന്നില്ല.

എൽഡിഎഫ് സർക്കാർ ഭരണത്തിൽ എത്തിയതോടെ അംഗനവാടി ടീച്ചറിന് പ്രതിമാസം 12,000 വും ഹെൽപ്പറിന് 10000 വും ആശാവർക്കാരിനു 4500 ആയും വേതനം വർധിപ്പിച്ചു മറ്റൊരു സംസ്ഥാനത്തിനും ഇത്തരം ശമ്പളവർദ്ധന ഉണ്ടാകുന്നില്ല.

എല്ലാവരും മോദിയെ ചോർ എന്നു വിളിക്കുന്നു.എനിക്കറിയില്ല അദ്ദേഹം ചോറാണോ എന്ന്.പക്ഷ മലയാളികളുടെ ചോറ് ഇല്ലാതാക്കിയ ആളാണ് അദ്ദേഹം.

പ്രളയം വന്ന കാലത്ത് മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ സാധാരണക്കാരായ ജനങ്ങൾ രക്ഷാപ്രവർത്തനം ചെയ്തപ്പോഴും ഒന്നും ചെയ്തില്ല.

വിദേശപണം സ്വീകരിച്ചതുമില്ല. അങ്ങനെ മലയാളികളുടെ ചോറ് ഇല്ലാതാക്കി മോദി. എന്നാൽ സ്വന്തം കാലിൽ ഉറച്ചുനിന്ന് നവകേരളം പടുത്തുയർത്തുകയാണ് കേരളം.

പ്രളയം ഉണ്ടാക്കിയത് പിണറായി ആണെന്ന് ആരോപിക്കുന്ന പ്രതിപക്ഷനേതാവ് ചെന്നിത്തലയ്ക്കും രണ്ട് മരം വയ്ക്കാൻ തോന്നുന്നത് നല്ലതാണ്.

ബാലഗോപാൽ പാർലമെന്റിന്റെ അകത്തും പുറത്തും എങ്ങനെ ഇടപെടണമെന്ന് സ്വയം നല്ല ബോധം ഉള്ള ആളാണ്. അദ്ദേഹത്തെ പാർലമെൻറിൽ എത്തിക്കേണ്ടത് എല്ലാവരുടെയും ചുമതലയാണെന്നും അവർ പറഞ്ഞു.

സിപിഐ മണ്ഡലം കമ്മിറ്റി പ്രസിഡൻറ് സുകേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൽ.ഡി.എഫ്. മണ്ഡലം കൺവീനർ അനിരുദ്ധൻ സ്വാഗതം പറഞ്ഞു. മറ്റു രാഷ്ട്രീയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.