പ്രകൃതി ദുരന്തങ്ങളിലെ സഹായധന പ്രഖ്യാപനത്തില്‍ ഒരിക്കല്‍ കൂടി വിവേചനം കാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പ്രകൃതി ദുരന്തങ്ങളിലെ സഹായധന പ്രഖ്യാപനത്തില്‍ ഒരിക്കല്‍ കൂടി വിവേചനം കാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കനത്ത് മഴയിലും കാറ്റിലും നാശനഷ്ടം നേരിട്ട മധ്യപ്രദേശ്,

രാജസ്ഥാന്‍ സംസ്ഥാനങ്ങളെ അവഗണിച്ച് ഗുജറാത്തിലെ മഴകെടുതിയിലെ നാശനഷ്ടത്തിന് മാത്രം സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കാറ്റിലും മഴയിലും ഉത്തരേന്ത്യയില്‍ മരിച്ചവരുടെ എണ്ണം മുപ്പത്തിയൊന്നായി.

മധ്യപ്രദേശ്,രാജസ്ഥാന്‍,ഗുജറാത്ത് സംസ്ഥാനങ്ങളില്‍ വന്‍ നാശം വിതച്ച് കാറ്റും മഴയും തുടരുന്നു.ബംഗാള്‍ ഉള്‍കടലില്‍ നിന്നും രൂപമെടുത്ത കാറ്റിനെ തുടര്‍ന്ന് രാജസ്ഥാനിലെ പടിഞ്ഞാറന്‍മേഖലയിലും മധ്യപ്രദേശിലും ഗുജറാത്തിലും കനത്ത നാശനഷ്ടമാണ് ഇത് വരെ ഉണ്ടായത്.

മധ്യപ്രദേശിലാണ് ഏറ്റവും വലിയ നഷ്ടമുണ്ടായിരിക്കുന്നത്.ഇത് വരെ 16 പേര്‍ മരിച്ചു.രാജസ്ഥാനില്‍ ആറ് പേരും വടക്കന്‍ ഗുജറാത്തില്‍ 9 പേരും മഴകെടുതിയില്‍ മരിച്ചു.

സംസ്ഥാനങ്ങള്‍ ഒന്നടങ്കം പ്രകൃതി ദുരന്തം നേരിടുമ്പോഴാണ് ഗുജറാത്തിന് മാത്രമായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നരേന്ദ്രമോദി സഹായധനം പ്രഖ്യാപിച്ചത്.

ഗുജറാത്തിലെ നാശനഷ്ടത്തില്‍ മാത്രം അനുശോധിച്ച് നരേന്ദ്രമോദി എന്ന സ്വന്തം ട്വീറ്റര്‍ ഐഡിയില്‍ നിന്നും ട്വീറ്റ് ചെയ്ത മോദി അല്‍പ്പസമയത്തിനകം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരിലുള്ള ഐഡിയിലൂടെ സഹായധനവും പ്രഖ്യാപിച്ചു.

ഗുജറാത്തില്‍ മരിച്ചവര്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്ക് പറ്റിയവര്‍ക്ക് അമ്പതിനായിരം രൂപയും. അതേ സമയം മധ്യപ്രദേശ്,രാജസ്ഥാന്‍ സംസ്ഥാനങ്ങളെക്കുറിത്ത് പരാമര്‍ശം പോലുമില്ല.

ഇതിനെതിരെ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രംഗത്ത് എത്തി. ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളില്‍ ജീവിക്കുന്നവരും മനുഷ്യരാണന്ന് ഓര്‍ക്കണമെന്ന് കമന്‍നാഥ് വിമര്‍ശിച്ചു.

ഗുജറാത്തിന്റെ മാത്രം പ്രധാനമന്ത്രിയല്ല മോദിയെന്ന് ദിഗ്വിജയ്‌സിങ്ങ് കുറ്റപ്പെടുത്തി. സംഭവം വിവാദമായതോടെ നാല് മണിക്കൂറിന് ശേഷം മറ്റ് സംസ്ഥാനങ്ങള്‍ക്കും സഹായധനം പ്രഖ്യാപിച്ച് മോദി ട്വീറ്റ് ചെയ്ത്.

ഇതാദ്യമായല്ല പ്രകൃതി ദുരന്തം നേരിടുന്ന സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി രാഷ്ട്രിയ വിവേചനം കാണിക്കുന്നത്. കേരളത്തിനെ മൊത്തം തകര്‍ത്ത് പ്രളയത്തിലും കേന്ദ്ര സഹായത്തില്‍ വിവേചനം വ്യക്തമായിരുന്നു. അന്താരാഷ്ട്ര സഹായങ്ങള്‍ പോലും മോദി സര്‍ക്കാര്‍ തടഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here