മുസ്ലീം സമുദായത്തിന് എതിരെ വര്‍ഗീയ പരാമര്‍ശം; പി എസ് ശ്രീധരന്‍ പിള്ള ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ ലംഘിച്ചുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

മുസ്ലീം സമുദായത്തിന് എതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ ലംഘിച്ചുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു.

നിയമലംഘനം നടത്തിയതിന് ശ്രീധരന്‍ പിള്ളക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കി. ഇത് രേഖപ്പെടുത്തിയ ഹൈക്കോടതി, ശ്രീധരന്‍ പിള്ളക്കെതിരെ നടപടിയാവശ്യപ്പെട്ട് ആറ്റിങ്ങല്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ചീഫ് ഇലക്ടറല്‍ ഏജന്റായ വി ശിവന്‍കുട്ടി നല്‍കിയ ഹര്‍ജി തീര്‍പ്പാക്കി.

ജനപ്രാതിനിധ്യ നിയമത്തിലെ 123(3എ), 125 വകുപ്പുകള്‍ ശ്രീധരന്‍ പിള്ള ലംഘിച്ചുവെന്നും ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രന് വേണ്ടി നടത്തിയ പ്രചരണ പരിപാടിക്ക് അനുമതിയുണ്ടായിരുന്നില്ലെന്നും വ്യക്തമാക്കി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണ ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ സുദീപ് ജെയിനിന് എഴുതിയ കത്തിന്റെ പകര്‍പ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ ഹാജരാക്കി.

തിരഞ്ഞെടുപ്പ് കാലത്ത് മതം, വംശം, ജാതി, സമുദായം, ഭാഷ, എന്നിവയുടെ അടിസ്ഥാനത്തില്‍ ജനവിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന 125ാം വകുപ്പ് കുറ്റക്കാരന് മൂന്നുവര്‍ഷം വരെ തടവ് ശിക്ഷയും പിഴയുമാണ് വ്യവസ്ഥ ചെയ്യുന്നത്.

സ്ഥാനാര്‍ത്ഥിയോ അയാളുടെ ഏജന്റോ മതം, വംശം, ജാതി, സമുദായം, ഭാഷ, എന്നിവയുടെ അടിസ്ഥാനത്തില്‍ ജനവിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷമുണ്ടാക്കാന്‍ ശ്രമിക്കുന്നതിനെ തിരഞ്ഞെടുപ്പ് അഴിമതിയായാണ് 123(3എ) വകുപ്പ് കാണുന്നത്. ഇവയാണ് ശ്രീധരന്‍ പിള്ള ലംഘിച്ചിരിക്കുന്നത്.

മാതൃകാ പെരുമാറ്റം ചട്ടം ലംഘിച്ച ശ്രീധരന്‍ പിള്ളക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് വി ശിവന്‍കുട്ടിക്കു വേണ്ടി ഹാജരായ അഡ്വ. തോമസ് എബ്രഹാം വാദിച്ചു.

നിയമപരമായ ഉത്തരവാദിത്തത്തിന്റെ ലംഘനമാണ് നടന്നിരിക്കുന്നത്. സുപ്രിംകോടതിയുടെ താക്കീത് ലഭിച്ചപ്പോള്‍ മാത്രമാണ് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമാനമായ കുറ്റം ചെയ്തവര്‍ക്കെതിരെ നടപടിയെടുത്തത്.

കുറ്റക്കാരായ ചിലരെ പ്രചരണത്തില്‍ നിന്ന് വിലക്കുകയുണ്ടായി. അതിനാല്‍, മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചതിന് ശ്രീധരന്‍ പിള്ളക്കെതിരെ നടപടിയെടുക്കാന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ക്കും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും നിര്‍ദേശം നല്‍കണം, വിദ്വേഷ പ്രസംഗം നടത്തിയതിന് പൊലീസില്‍ പരാതി നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണം, താന്‍ നല്‍കിയ പരാതിയില്‍ വാദം കേട്ട് തീര്‍പ്പ് കല്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണം എന്നീ ആവശ്യങ്ങളാണ് വി ശിവന്‍കുട്ടി ഉന്നയിച്ചത്.

ശ്രീധരന്‍ പിള്ള നിയമം ലംഘിച്ചുവെന്നും നടപടിയെടുക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പു നല്‍കിയതോടെയാണ് ഹര്‍ജിയിലെ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News