കൊച്ചി: 14 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ‘ജൂനിയര്‍ കുഞ്ചാക്കോ’ എത്തിയതിന്റെ സന്തോഷം കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും പങ്കുവെച്ചു.

ഇന്നലെ രാത്രിയാണ് തനിക്കൊരു ആണ്‍കുഞ്ഞ് പിറന്നുവെന്ന വിവരം പ്രിയതാരം പുറത്തു വിട്ടത്.

‘ഒരു ആണ്‍ കുഞ്ഞ് പിറന്നിരിക്കുന്നു. നിങ്ങളുടെ സ്നേഹത്തിനും, പ്രാര്‍ത്ഥനകള്‍ക്കും, കരുതലിനും നന്ദി. ജൂനിയര്‍ കുഞ്ചാക്കോ നിങ്ങള്‍ എല്ലാവരേയും സ്നേഹിക്കുന്നു.’ എന്നാണ് എഫ്ബി പോസ്റ്റില്‍ കുഞ്ചാക്കോ ബോബന്‍ കുറിച്ചത്.

നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബന്‍ -പ്രിയ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. അനിയത്തിപ്രാവിലൂടെ അഭിനയരംഗത്തെത്തിയ കുഞ്ചാക്കോ ബോബന്‍ 2005ലാണ് വിവാഹിതനായത്.

സന്തോഷവാര്‍ത്ത പുറത്ത് വിട്ടതിന് പിന്നാലെ തന്നെ സംയുക്ത വര്‍മ, അനു സിതാര, വിനയ ഫോര്‍ട്ട് അടക്കം നിരവധി താരങ്ങളാണ് കുഞ്ചാക്കോ ബോബന് ആശംസകളുമായെത്തിയത്.