തെന്നിന്ത്യന്‍ നായിക നിത്യമേനോന്‍ ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും മലയാളത്തില്‍ സജീവമാകുകയാണ്.

അഭിനയിച്ച കഥാപാത്രങ്ങള്‍ തമ്മില്‍ ഒരു സാമ്യവും പ്രേക്ഷകര്‍ക്ക് തോന്നാത്തവിധം കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്തും അഭിനയതിളക്കം കൊണ്ടും പ്രേക്ഷകരുടെ മനം കവര്‍ന്നു ഈ തെന്നിന്ത്യന്‍ സുന്ദരി.

അഞ്ജലിമേനോനൊപ്പം ചേര്‍ന്ന രണ്ടു മലയാള സിനിമകള്‍ നിത്യയുടെ അഭിനയജീവിതത്തിലെ പ്രധാനപെട്ടവയാണ്. അഞ്ജലി മേനോന്‍ എന്ന സംവിധായിക ആദ്യമായി ഹാപ്പി ജേര്‍ണി എന്ന ചിത്രം സംവിധാനം ചെയ്തപ്പോള്‍ നായികയായി എത്തിയത് നിത്യാമേനോന്‍ ആയിരുന്നു. സ്ത്രീ രാഷ്ട്രീയം ചര്‍ച്ച ചെയ്ത ചിത്രത്തില്‍ ജഗതി ശ്രീകുമാറിനൊപ്പം നിത്യയും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഹാപ്പി ജേണിക്കു ശേഷം അഞ്ജലി മേനോന്‍ ഒരുക്കിയ ബാംഗ്ലൂര്‍ ഡേയ്സില്‍ നതാഷ എന്ന അതിഥി വേഷത്തിലാണ് നിത്യ അഭിനയിച്ചത്. പ്രധാനകഥാപാത്രമായ ദിവ്യക്കു വേണ്ടിയാണു അഞ്ജലി മേനോന്‍ നിത്യയെ ക്ഷണിച്ചത്. എന്നാല്‍ മറ്റു ചില ചിത്രങ്ങളുടെ തിരക്കില്‍പെട്ട് നിത്യക്ക് ആ വേഷം ചെയ്യാനായില്ല.

പിന്നീട് നസ്രിയ പ്രധാന വേഷം ചെയ്യുകയായിരുന്നു എന്ന് നിത്യ ജെബി ജംഗ്ഷനില്‍ പറഞ്ഞു. പ്രധാന കഥാപാത്രങ്ങളായത് നസ്രിയയും ഫഹദുമായിരുന്നു. സിനിമ റിലീസായ ശേഷം ആ വേഷം ചെയ്യാന്‍ കഴിയാത്തതില്‍ വിഷമം തോന്നിയോ എന്ന ചോദ്യത്തിന് നിത്യ രസകരമായി മറുപടി നല്‍കി.

ആ സെറ്റില്‍ വെച്ചാണ് ഫഹദും നസ്രിയയും തമ്മില്‍ പ്രണയത്തില്‍ ആകുന്നതും വിവാഹം കഴിക്കുന്നതും. അവരുടെ വിവാഹത്തിന് കാരണമായത് അപ്പോള്‍ ഞാനല്ലേ എന്ന് നിത്യാമേനോന്‍ ചോദിക്കുന്നു. രണ്ടുപേര്‍ക്കും അതോര്‍മ്മ വേണമെന്നും നിത്യ പറഞ്ഞു.

അഭിനയജീവിതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ തുറന്നു പറഞ്ഞ് നിത്യമേനോന്‍ ഇന്നും നാളെയും രാത്രി 10 മണിക്ക് കൈരളി ടിവിയിലെ ജെബി ജംഗ്ഷനില്‍.