നവലിബറൽ നയങ്ങളെ ചെറുത്ത് ഇടതുപക്ഷ ബദൽ ഏറ്റെടുത്തതിനാലാണ് കേരളം രാജ്യത്തിന് മാതൃകയായത്; സ‌്ത്രീകളടക്കം ശക്തരായത‌് ഇടതുപക്ഷ സർക്കാർ ഭരിക്കുന്നത‌ുകൊണ്ട്: ബൃന്ദ കാരാട്ട്

നവലിബറൽ നയങ്ങളെ ചെറുത്ത് ഇടതുപക്ഷ ബദൽ ഏറ്റെടുത്തതിനാലാണ് കേരളം രാജ്യത്തിന് മാതൃകയായതെന്ന് കോൺഗ്രസ് തിരിച്ചറിയണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കേരളം മാതൃകയാണെന്നും ബിജെപിയെ എതിർക്കാനാണ‌് വയനാട്ടിൽ മത്സരിക്കുന്നത‌് എന്നുമാണ‌് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞത‌്.

കേരളത്തിലെ സ‌്ത്രീകളടക്കം ശക്തരായത‌് ഇടതുപക്ഷ സർക്കാർ ഭരിക്കുന്നത‌ുകൊണ്ടാണെന്നും ബൃന്ദ പറഞ്ഞു. വയനാട‌് ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി പി പി സുനീറിന്റെ തെരഞ്ഞെടുപ്പ‌് പ്രചാരണാർഥം തുവ്വൂരിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.

രാജ്യം നേരിടുന്ന ഏറ്റവും വലിയ അപകടമാണ‌് മതനിരപേക്ഷതക്കെതിരായ ആക്രമണങ്ങൾ. മതേതരത്വമെന്നത് ന്യൂനപക്ഷങ്ങളെ തൃപ്തിപ്പെടുത്താനുള്ള വാക്കെന്നാണ‌് കേന്ദ്രം ഭരിക്കുന്ന ബിജെപി പറയുന്നത്. ഈ വാക്കിനെ ഭരണഘടനയിൽനിന്നും മാറ്റാനാണ് ആർഎസ്എസ് ശ്രമിക്കുന്നത‌്.

എന്നാൽ, ഒരിടത്തും ഇതിനെതിരെ മിണ്ടാൻ രാഹുൽ ഗാന്ധി തയ്യാറാകുന്നില്ല. രാജസ്ഥാൻ, ഛത്തീസ‌്ഗഢ‌്, മധ്യപ്രദേശ‌് എന്നീ സംസ്ഥാനങ്ങളിൽ ബിജെപിക്ക‌് ബദലായാണ‌് ജനങ്ങൾ കോൺഗ്രസിനെ തെരഞ്ഞെടുത്തത‌്.

എന്നാൽ, ഈ സർക്കാരുകൾ ദേശസുരക്ഷാ നിയമത്തിന്റെ പേരിൽ ന്യൂനപക്ഷ വിഭാഗത്തിലെ പാവപ്പെട്ടവരെ വേട്ടയാടുകയാണ‌്. കോൺഗ്രസിലെ തവളച്ചാട്ടം കേരളത്തിലും പ്രകടമാണ‌്. മുൻ ഉമ്മൻചാണ്ടി സർക്കാരിലെ പിഎസ‌്‌സി ചെയർമാൻ ഇപ്പോൾ ബിജെപിയിലാണ‌്.

കണ്ണൂരിലെ കോൺഗ്രസ‌് സ്ഥാനാർഥിക്ക‌് ബിജെപിയിലേക്ക‌് പോകില്ലെന്ന‌് പരസ്യം ചെയ്യേണ്ടിവരുന്നു. ഇങ്ങനെയുള്ള കോൺഗ്രസും ബിജെപിയും തമ്മിൽ എന്താണ‌് വ്യത്യാസം ‐ ബൃന്ദ ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here