
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിഷേധവോട്ട് രേഖപ്പെടുത്തിയ വലതുകര കനാല്‍ സംരക്ഷണസമിതിയുടെ പിന്തുണ ഇത്തവണ ഇടതുപക്ഷത്തിന്. ആലത്തൂരില്‍ പികെ ബിജുവിനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് ആര്‍ബിസിയുടെ നേതൃത്വത്തില്‍ പ്രചാരണം സജീവമാക്കി.
പാലക്കാടിന്‍റെ കിഴക്കന്‍ മേഖലയിലെ കുടിവെള്ള പ്രശ്നത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പരിഹാരം കണ്ടതോടെയാണ് ഇടതുപക്ഷത്തിന് പിന്തുണ നല്‍കാന്‍ വലതുകര കനാല്‍ സംരക്ഷണസമിതി തീരുമാനമെടുത്തത്.
കഴിഞ്ഞ പാര്‍ലിമെന്‍റ് തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡത്തിലുള്‍പ്പെട്ട വടകരപ്പതി പഞ്ചായത്തിലെ ഭൂരിഭാഗം പേരും നിഷേധവോട്ട് രേഖപ്പെടുത്തിയത് സംസ്ഥാനത്തൊട്ടാകെ ചര്‍ച്ചാവിഷയമായിരുന്നു. പഞ്ചായത്തിലെ വലതുകരകനാല്‍ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ 21000ത്തോളം വോട്ടുകളാണ് നോട്ടയ്ക്ക് ചെയ്തത്.
എന്നാല്‍ അഞ്ച് വര്‍ഷം പിന്നിട്ട് മറ്റൊരു തിരഞ്ഞെടുപ്പെത്തുന്പോള്‍ നിഷേധവോട്ടില്‍ നിന്ന് ഇടതുപക്ഷത്തിന് വോട്ട് എന്ന തീരുമാനത്തിലേക്ക് ജനകീയസമിതി എത്തി. 2010ല് രൂപീകരിച്ച് സമിതി കുടിവെള്ള പ്രശ്നം പരിഹാരം കാണാത്തതിലുള്ള പ്രതിഷേധമായാണ് നിഷേധ വോട്ട് രേഖപ്പെടുത്തിയത്.
എല്ലാവര്‍ക്കും കുടിവെള്ളം, കോരയാറിലെ തടയണകള്‍ നിറക്കുക, വലതുകര കനാല്‍ വേലന്താവളം വരെ നീട്ടുക, തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ട് വെച്ചത്. ആവശ്യങ്ങളില്‍ ഭൂരിഭാഗവും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് വര്‍ഷത്തിനകം പരിഹരിച്ചതിന്‍റെ ആഹ്ലാദത്തിലാണ് സമിതി.
ടാങ്കറുകളില്‍ കുടിവെള്ളം വിതരണം ചെയ്തിരുന്ന സ്ഥാനത്ത് ഓരോ വീടുകളിലേക്കും വെള്ളമെത്തി. ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ പരിഹാരം കണ്ടതിനാലാണ് ഇടതുപക്ഷത്തിനനുകൂലമായ തീരുമാനമെടുത്തതെന്ന് സമിതി സ്ഥാപിച്ച ഫാദര്‍ ആല്‍ബര്‍ട്ട് ആനന്ദ് രാജ് പറഞ്ഞു.
കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത പഞ്ചായത്ത് കണ്‍വന്‍ഷനിലാണ് ഇടതുമുന്നണിക്കുള്ള പിന്തുണ പരസ്യമായി പ്രഖ്യാപിച്ചത്. ഇടതുമുന്നണിക്കായി കൊഴിഞ്ഞാന്പാറ, എരുത്തേന്പതി, വടകരപ്പതി പഞ്ചായത്തുകളില്‍ സമിതി വാഹന പ്രചാരണമാരംഭിച്ചിട്ടുണ്ട്.
ശനിയാഴ്ച സമിതി പ്രവര്‍ത്തകരുടെ വാഹന പര്യടനവും നടക്കും. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച് 7 സീറ്റ് നേടിയ ആര്‍ബിസിയാണ് സിപിഐഎം പിന്തുണയോടെ വടകരപ്പതി പഞ്ചായത്ത് ഭരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here