സ്വയം തൊഴില്‍ വായ്പാ തുക വകമാറ്റി ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ്

സ്വയം തൊഴില്‍ വായ്പാ തുക വകമാറ്റി ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ്. സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ നിന്നും എടുത്തത് 5 ലക്ഷം രൂപയുടെ സ്വയം തൊഴില്‍ വായ്പ.

2015ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പ്രൊജക്ട് റിപ്പോര്‍ട്ട് പോലും നല്‍കാതെ പൗള്‍ട്രി ഫാമിനായി വായ്പ അനുവദിച്ചത്. എന്നാല്‍ ഫാമിനായി ഉപയോഗിക്കാതെ തുക വകമാറ്റിയെന്ന് ധനകാര്യ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി.

2015 ജനുവരിയിലാണ് സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്റെ എറണാകുളം റീജിയണല്‍ ഓഫീസില്‍ നിന്നും ഡീന്‍ കുര്യാക്കോസ് പൗള്‍ട്രി ഫാമിനായി സ്വയം തൊഴില്‍ വായ്പ എടുക്കുന്നത്.

പ്രൊജക്ട് റിപ്പോര്‍ട്ട് പോലും ലഭ്യമാക്കാതെ ആദ്യ ഗഡുവായ രണ്ടരലക്ഷം രൂപ ഡീന്‍ 2015 മെയില്‍ നേടി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു വായ്പ നേടിയത് എന്നത് തുടര്‍ നടപടികള്‍ തെളിയിക്കുന്നു.

സുഹൃത്തായ ബെന്നി ടി മാത്യുവിന്റെ ഉടമസ്ഥതയിലുള്ള പൗള്‍ട്രി ഫാമിന്റെ പേരിലായിരുന്നു വായ്പ. ഫാമിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിച്ച ശേഷമാണ് രണ്ടാം ഗഡു സാധാരണ ഗതിയില്‍ അനുവദിക്കാറ്. എന്നാല്‍ അതൊന്നും പരിശോധിക്കാതെ കേവലം 4 ദിവസത്തിനകം രണ്ടാം ഗഡുവായ രണ്ടര ലക്ഷംരൂപയും അനുവദിച്ചു.

2014ല്‍ ഫാമിന് ലൈസെന്‍സ് നേടിയെങ്കിലും 2016 മാര്‍ച്ച് 31ന് ശേഷം ഇത് പുതുക്കിയില്ല. ഫാമിന് വേണ്ടിയുള്ള കെട്ടിട നിര്‍മ്മാണത്തിനായി പോലും തുക ഉപയോഗിക്കാതെ ഡീന്‍ കുര്യാക്കോസ് വകമാറ്റിയതായാണ് ധനകാര്യ വകുപ്പ് പരിശോധനയില്‍ കണ്ടെത്തിത്.

ഈ സാഹചര്യത്തിലാണ് ലോകസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ ഡീന്‍ ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥിയാകുന്നതും.

കുറഞ്ഞ പലിശയായ 6 ശതമാനം സ്വയം തൊ!ഴില്‍ വായ്പയായി എടുത്ത തുക വകമാറ്റിയത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് ഡീന്‍ തിരിച്ചറിഞ്ഞിരുന്നു. കാരണം, നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ സ്വത്ത് വിവരവും അസ്തി ബാധ്യതയും കാണിക്കണം.

തുടര്‍ന്നാണ് വായ്പ എടുത്ത 5 ലക്ഷം രൂപയും ഒറ്റ തവണയായി നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി ഡീന്‍ തിരിച്ചടച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here