ഒളിക്യാമറ വിവാദം; എംകെ രാഘവനെതിരെ കേസെടുക്കാന്‍ നിയമോപദേശം

തിരുവനന്തപുരം: ഒളിക്യാമറ വിവാദത്തില്‍ അകപ്പെട്ട കോഴിക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനനെതിരെ കേസെടുക്കും.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് നിയമോപദേശം നല്‍കിയത്. ജനപ്രാതിനിധ്യ നിയമപ്രകാരം കേസെടുക്കാമെന്ന് ഡിജിപി അറിയിച്ചു.

ടിവി9 ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് എം കെ രാഘവന്‍ കുടുങ്ങിയത്. തന്റെ മണ്ഡലത്തില്‍ ഒരു സ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച റിപ്പോര്‍ട്ടറോട് എം കെ രാഘവന്‍ അഞ്ച് കോടി രൂപ ആവശ്യപ്പെടുകയും, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 20 കോടി രൂപ ചെലവായി എന്ന് വെളിപ്പെടുത്തുകയും ചെയ്തു. ഇതാണ് കേസിനാസ്പദമായ സംഭവം.

ഇതേതുടര്‍ന്ന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി മുഹമ്മദ്് റിയാസ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിരുന്നു.

തെരഞ്ഞെടുപ്പ് കമീഷന്‍ പരാതി ഡിജിപിക്ക് കൈമാറുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ഒളിക്യാമറ ദൃശ്യത്തിന്റെ എഡിറ്റ് ചെയ്യാത്ത യഥാര്‍ത്ഥ ടേപ് ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കാന്‍ ക്രിമിനല്‍ കേസ് വേണമെന്നും ആവശ്യപ്പെട്ട് കണ്ണൂര്‍ റെയ്ഞ്ച് ഐജി അജിത്കുമാര്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. ഇതേ തുടര്‍ന്നാണ് നിയമോപദേശം തേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here