കഴിഞ്ഞ കാലങ്ങളില്‍ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ കഥാപാത്രമാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’യിലേതെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍.

വീടുവിട്ടു പോകാത്ത, ബുള്ളറ്റിലേറാത്ത, എലീറ്റ് അല്ലാത്ത തികച്ചും നാടന്‍ കഥാപാത്രമാണ് ഈ ചിത്രത്തിലെ ലല്ലുവെന്നും ദുല്‍ഖര്‍ പറഞ്ഞു. എന്നാല്‍ മുന്‍കാലങ്ങളില്‍ ചെയ്തതുപോലുള്ള കഥാപാത്രം ചെയ്യില്ല എന്ന നിര്‍ബ്ബന്ധമില്ല.

നല്ല കഥയും കഥാപാത്രവുമാണെങ്കില്‍ അതേറ്റെടുക്കും. ഇത്തരം കഥാപാത്രങ്ങളെ വിമര്‍ശിച്ചുകൊണ്ടിറങ്ങുന്ന ‘ട്രോളു’കളെ കാര്യമാക്കുന്നില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു. ‘ഒരു യമണ്ടന്‍ പ്രേമകഥ’ യുടെ പ്രചരണാര്‍ത്ഥം ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനസിനു സംതൃപ്തി നല്‍കുന്ന, പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന വേഷമാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’യിലേത്. അടുത്ത ചിത്രവും മലയാളത്തിലാണെന്നും ദുല്‍ഖര്‍ പറഞ്ഞു.

എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും ആര്‍ക്ക് വോട്ടു ചെയ്യണമെന്ന് കൃത്യമായി ധാരണയുള്ളവരാണ് മലയാളികളെന്നും ദുല്‍ഖര്‍ പറഞ്ഞു.

സോഷ്യല്‍ മീഡയിയില്‍ നിരൂപണം എഴുതി ഒരു സിനിമയെയും തകര്‍ക്കാന്‍ കഴിയില്ല. നല്ല സിനിമയാണെങ്കില്‍ അത് പ്രേക്ഷകര്‍ ഏറ്റെടുക്കുക തന്നെ ചെയ്യുമെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു. ഫെയ്ക് ഐഡി ഉണ്ടാക്കി മുഖമില്ലാത്തവരാണ് സിനിമകളെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് നാദിര്‍ഷ അഭിപ്രായപ്പെട്ടു.

ചിത്രം വലിയ പ്രതീക്ഷ നല്‍കുന്നുവെന്നും കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ഫാമിലി ചിത്രമാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’ യെന്നും സംവിധായകന്‍ ബി സി നൗഫല്‍ പറഞ്ഞു.

പ്രണയത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രത്തിലെ കഥാപാത്രം തനിക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുവെന്നും വളരെ വ്യത്യസ്തമായ കഥാപാത്രമാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്നും നായിക സംയുക്ത മേനോന്‍ പറഞ്ഞു.

ദുല്‍ഖര്‍ സല്‍മാന്റെ അമ്മയായി അഭിനയിക്കുന്നത് ദുബായ് മലയാളിയും പ്രശസ്ത മോഡലുമായ വിജി രതീഷാണ്.

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്തിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിഷ്ണു ഉണ്ണികൃഷ്ണന്‍ബിബിന്‍ ജോര്‍ജ്ജ് കൂട്ടുകെട്ട് എഴുതിയ ചിത്രമാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’. ആദ്യ രണ്ട് ചിത്രങ്ങള്‍ പോലെ കോമഡിക്ക് പ്രാധാന്യം നല്‍കുന്ന കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന സിനിമയായിരിക്കും ‘ഒരു യമണ്ടന്‍ പ്രേമകഥ’യെന്ന് ഇരുവരും പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തിന് ശേഷം ഇബിന്‍ ബത്തൂത്ത മാളില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിെന്റ ഗ്ലോബല്‍ ഓഡിയോ ലോഞ്ച് നടന്നു. വേള്‍ഡ് വൈഡ് ഫിലിംസാണ് ചിത്രം യുഎഇ ല്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്