ആന്റണിയെ തടഞ്ഞു എന്ന വാര്‍ത്ത അടിസ്ഥാനരഹിതം : എല്‍.ഡി.എഫ്

തിരുവനന്തപുരം: വേളിയില്‍ കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു എന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം. വിജയകുമാറും ,സെക്രട്ടറി ജി ആര്‍ അനിലും പ്രസ്താവനയില്‍ പറഞ്ഞു.

എല്‍ഡിഎഫിന്റെ റോഡ് ഷോ പൂന്തുറയില്‍ നിന്ന് വേളിയിലേക്കും, ആന്റണിയുടെ റോഡ് ഷോ എതിര്‍ദിശയിലും വരികയായിരുന്നു രണ്ട് റോഡ് ഷോയിലും ഉണ്ടായിരുന്ന വാഹനങ്ങള്‍ ഒരുമിച്ച് എത്തിയപ്പോള്‍ ഉണ്ടായ ഗതാഗത തടസ്സം മാത്രമാണ് വേളിയില്‍ ഉണ്ടായത് . ആ തടസ്സം ഒഴിവാക്കി ആന്റണിയുടെ വാഹനം കടത്തിവിടാന്‍ ശ്രമിക്കുമ്പോള്‍ ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കന്മാര്‍ വാഹനത്തില്‍ നിന്നിറങ്ങി നടന്നു പോവുകയാണ് ഉണ്ടായത് .

തെരഞ്ഞെടുപ്പു രംഗത്ത് തെറ്റായ വാര്‍ത്തകള്‍ ഉണ്ടാക്കി വോട്ടര്‍മാരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ എ കെ ആന്റണിയെപോലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തന്നെ നേതൃത്വം കൊടുക്കുന്നത് ശരിയല്ല.

തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന മണിക്കൂറില്‍ പ്രാദേശികമായി ഉണ്ടാകുന്ന ഇത്തരം ചെറിയ സംഭവങ്ങളെ പര്‍വതീകരിച്ച് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണ്.

ആന്റണിക്ക് നേരെ ഒരുതരത്തിലുമുള്ള പ്രതികരണം അവിടെ ഉണ്ടായില്ല എന്നിരിക്കെ ഗുണ്ടായിസം എന്നും രാഷ്ട്രീയ ജീവിതത്തിലെ ദുരനുഭവമെന്നുമെല്ലാം നാടകീയമായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് വിലകുറഞ്ഞ ഒരു തന്ത്രമാണ്, ആദര്‍ശ രാഷ്ട്രീയത്തെക്കുറിച്ച് വാചാലനാകുന്ന ആന്റണി വോട്ടിന് വേണ്ടിയിട്ടാണെങ്കിലും ഇത്തരം പരിഹാസ്യമായ കള്ള പ്രചാരവേലകള്‍ക്ക് കൂട്ടുനില്‍ക്കുന്നത് ശരിയാണോ എന്ന് അദ്ദേഹം ചിന്തിക്കണം.

രണ്ട് റോഡ് ഷോയിലും ഉണ്ടായിരുന്ന വാഹന വ്യൂഹങ്ങള്‍ ചേര്‍ന്നുണ്ടാക്കിയ ഒരു ഗതാഗതക്കുരുക്കിന് അപ്പുറത്ത് മറ്റെന്തെങ്കിലും ഒരു സംഭവം അവിടെ നടന്നതായി ആര്‍ക്കും പറയാന്‍ കഴിയില്ല.

ഇതുസംബന്ധിച്ച് ദൃശ്യങ്ങള്‍ പരിശോധിക്കുന്ന ആര്‍ക്കും ഇക്കാര്യം ബോധ്യമാവുന്നതേയുള്ളൂ. ആന്റണിയെ തടഞ്ഞു എങ്കില്‍ അദ്ദേഹം എങ്ങനെയാണ് വാഹനത്തില്‍ നിന്ന് ഇറങ്ങി നടന്നുപോയി പ്രചരണം നടത്തിയത് എന്നുകൂടി ആക്ഷേപം ഉന്നയിക്കുന്നവര്‍ വ്യക്തമാക്കണം.

ആന്റണിയെ പോലെ ഉന്നതനായ ഒരു കോണ്‍ഗ്രസ് നേതാവിനെ എല്‍ഡിഎഫ് തടഞ്ഞു എന്നമട്ടില്‍ പ്രചരണം നടത്തി തെരഞ്ഞെടുപ്പു രംഗത്ത് ബോധപൂര്‍വം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കരുതെന്ന് എം വിജയകുമാറും, ജി.ആര്‍ അനിലും അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News