കൊട്ടിക്കലാശത്തിനിടെ അമ്പലപ്പുഴയില്‍ ആര്‍എസ്എസ്-ബിജെപി സംഘം നടത്തിയ ആക്രമണം വര്‍ഗീയ കലാപം ലക്ഷ്യമിട്ടാണന്ന് എല്‍ഡിഎഫ്

കൊട്ടിക്കലാശത്തിനിടെ അമ്പലപ്പുഴയില്‍ ആര്‍എസ്എസ്-ബിജെപി സംഘം നടത്തിയ ആക്രമണം വര്‍ഗീയ കലാപം ലക്ഷ്യമിട്ടാെണന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു.

ആക്രമണത്തില്‍ പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സന്ദര്‍ശിച്ചശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ദേശീയപാതയോരത്തെ ശ്രീകൃഷ്ണ വിഗ്രഹത്തിനും കാണിക്കവഞ്ചിയ്ക്കും നേരെയാണ് ബിജെപി സംഘം ബോധപൂര്‍വം ആക്രമണം നടത്തിയത്.

മറ്റാരുടെയെങ്കിലും തലയില്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം കെട്ടിവച്ച് വിശ്വാസത്തിന്റെ പേരില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കുകയായിരുന്നു ലക്ഷ്യം.

ബിജെപി നേതാവിന്റെ വാഹനത്തില്‍നിന്നാണ് കല്ലെറിഞ്ഞത്. ഈ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വിശ്വാസികളും എല്‍ഡിഎഫ് പ്രവര്‍ത്തകരും വളഞ്ഞുനിന്ന് വിഗ്രഹത്തിനും കാണിക്കവഞ്ചിക്കും സംരക്ഷണമൊരുക്കിയതുകൊണ്ട് ബിജെപിയുടെ ആസൂത്രിത നീക്കം പരാജയപ്പെട്ടു.

തടയാനെത്തിയ പൊലീസിനെയും ആക്രമിച്ചു. 26ഓളം പേര്‍ക്ക് പരിക്കേറ്റു. കല്ലേറില്‍ പ്രായമായ സ്ത്രീകള്‍ക്കുള്‍പ്പെടെ പരിക്കേറ്റതായി മന്ത്രി ജി സുധാകരന്‍ പറഞ്ഞു.

കൊട്ടിക്കലാശത്തിന് അമ്പലപ്പുഴയില്‍ അനുവദിച്ച സ്ഥലത്തുനിന്നും മാറി ദേശീയപാതയിലേക്ക് അതിക്രമിച്ചു കയറിയാണ് ബിജെപി സംഘം ആസൂത്രിത ആക്രമണം അഴിച്ചുവിട്ടത്.

സിപിഐ ഓഫീസും എല്‍ഡിഎഫ് തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസും ആക്രമിച്ചു തകര്‍ത്തു. കരുനാഗപ്പള്ളിയില്‍ എല്‍ഡിഎഫ് പ്രകടനത്തിനു നേരെ കല്ലേറുണ്ടായത് ക്ഷേത്രവളപ്പില്‍നിന്നാണ്.

ആലപ്പുഴയില്‍ ജയത്തിന്റെ ഏഴയലത്തുപോലും വരാത്ത ബിജെപി കുഴപ്പമുണ്ടാക്കുന്നതിനു പിന്നില്‍ സംസ്ഥാനതലത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ട്. വര്‍ഗീയ കലാപത്തിന് ശ്രമിച്ചതിനുള്‍പ്പെടെ വകുപ്പുകള്‍ ചുമത്തി ഗൂഡാലോചന അന്വേഷിക്കണം. ഇക്കാര്യം പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എല്‍ഡിഎഫ് വിജയം ഉറപ്പായതോടെയാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദന്‍ പറഞ്ഞു. സംഘടനാപ്രവര്‍ത്തനം വഴി പ്രചാരണത്തില്‍ എല്‍ഡിഎഫ് നേടിയ മേല്‍ക്കൈ തകര്‍ക്കാനും ദേശവ്യാപകമായി നടത്തുന്ന പ്രചാരണത്തിന് ബലംകൊടുക്കാനുമാണ് ആസൂത്രിത ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

പകല്‍വെളിച്ചത്തില്‍ നടത്തിയ ആക്രമണത്തിനു പിന്നിലുള്ളവരെ എല്ലാവരും തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എല്‍ഡിഎഫ് വിജയം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന പ്രവര്‍ത്തകര്‍ പ്രകോപനങ്ങളില്‍ വീഴരുതെന്നും ആത്മസംയമനം പാലിച്ച് മുന്നോട്ടുപോകണമെന്നും എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ ആര്‍ നാസര്‍ പറഞ്ഞു. ബോധപൂര്‍വ നീക്കത്തിനെതിരെ ശക്തമായ നടപടിവേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വോട്ടുകച്ചവടത്തിന് കളമൊരുക്കാനാണ് ആസൂത്രിത ആക്രമണമെന്ന് സംശയിക്കുന്നതായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എം ആരിഫ് പറഞ്ഞു. വര്‍ഗീയ സംഘര്‍ഷത്തിന് കളമൊരുക്കി വിശ്വാസികളെ ഇളക്കിവിടുകയും അതു മറയാക്കി വോട്ടുകച്ചവടത്തിന് കളമൊരുക്കുകയാണ് എന്ന് സംശയിക്കണം.

മുന്‍കാലങ്ങളില്‍ ബിജെപി നടത്തിയിട്ടുള്ള ഇത്തരം ആക്രമണങ്ങളുടെ ലക്ഷ്യം വോട്ടുകച്ചവടമായിരുന്നു. വര്‍ഗീയ കലാപത്തിന് ശ്രമിച്ചതിനുള്ള വകുപ്പു ചുമത്തി കേസെടുക്കണമെന്നും ആരിഫ് ആവശ്യപ്പെട്ടു.

കരുനാഗപ്പള്ളിയിലെ ആക്രമണവും ക്ഷേത്ര കോംപൗണ്ടില്‍നിന്നായിരുന്നുവെന്ന് എല്‍ഡിഎഫ് പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറി സി ബി ചന്ദ്രബാബു പറഞ്ഞു. സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറിയറ്റംഗം പി ആര്‍ വസന്തനുള്‍പ്പെടെ പരിക്കേറ്റു. ഗൂഡാലോചനയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

എല്‍ഡിഎഫ് അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് പി ജ്യോതിസും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News