എറണാകുളം മണ്ഡലത്തെ ചുവപ്പണിയിച്ച് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി രാജീവിന്റെ പരസ്യപ്രചാരണത്തിന് സമാപനം. ഏഴ് നിയമസഭാ മണ്ഡലത്തിലുടനീളം റോഡ് ഷോ നടത്തിയായിരുന്നു സ്ഥാനാര്‍ത്ഥിയുടെ കൊട്ടിക്കലാശം. ആവേശേജ്ജ്വലമായ കൊട്ടിക്കലാശത്തില്‍ ആയിരങ്ങളാണ് നഗരത്തിലേക്ക് ഒഴുകിയെത്തിയത്.

എറണാകുളം നഗരത്തെയാകെ ചെങ്കടലാക്കി മാറ്റിയായിരുന്നു ഇടതുപക്ഷ സ്ഥാനാത്ഥി പി രാജീവിന്റെ പരസ്യപ്രചരണം സമാപിച്ചത്. രാവിലെ മുതല്‍ തന്നെ ഏഴ് നിയമസഭാ മണ്ഡലത്തിലൂടെ തുറന്ന വാഹനത്തില്‍ സ്ഥാനാര്‍ത്ഥിയുടെ റോഡ് ഷോ.

നൂറുകണക്കിന് വാഹനങ്ങള്‍ ചെങ്കൊടി പാറിച്ചുകൊണ്ട് മണ്ഡലത്തിലുടനീളം വോട്ടര്‍മാരെ അഭിവാദ്യം ചെയ്തുകൊണ്ട് പി രാജീവ് അവസാനവട്ട പൊതുപര്യടനം പൂര്‍ത്തിയാക്കി കൊട്ടിക്കലാശ നഗരിയായ പാലാരിവട്ടത്തെത്തി.

അവസാന മൂന്നു മണിക്കൂര്‍ വാദ്യമേളങ്ങളും ആരവങ്ങളും നിറഞ്ഞ ആവേശത്തിരയില്‍ കൊച്ചി നഗരം ചെങ്കടലായി മാറി. ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി രാജീവ് പ്രസംഗിച്ചപ്പോള്‍ നിറഞ്ഞ കയ്യടി.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്റെ പ്രചരണം ടൗണ്‍ഹാളിന് മുന്നിലാണ് സമാപിച്ചത്. വലിയ ആവേശത്തിലാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ കൊട്ടിക്കലാശവും സമാപിച്ചത്.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രചരണം കലൂരില്‍ സമാപിച്ചു. എല്‍ഡിഎഫിന്റെ കൊട്ടിക്കലാശത്തിനിടെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ബൈക്ക് റാലിയുമായി എത്തി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി.