ഒളിക്യാമറ ഓപ്പറേഷനില്‍ എംകെ രാഘവനെതിരെ കേസെടുത്തു

കോഴിക്കോട് മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി, എം കെ രാഘവൻ 5 കോടി രൂപ കോഴ ആവശ്യപ്പെട്ട സംഭവത്തിൽ പോലീസ് കേസെടുത്തു.

നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമപ്രകാരം നടക്കാവ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

സ്വകാര്യ ചാനൽ പുറത്ത് വിട്ട ഒളിക്യാമറാ ദൃശ്യങ്ങൾ കൃത്രിമമല്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശപ്രകാരമാണ് എം കെ രാഘവനെതിരെ കേസെടുത്തത്. അഴിമതി നിരോധന നിയമപ്രകാരം 414/2019 ആയി കോഴിക്കോട് നടക്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

തെരഞ്ഞെടുപ്പ് കമ്മീഷന് തെറ്റായ വിവരങ്ങൾ സമർപ്പിച്ചതുമായി ബന്ധപ്പെട്ട് 171 E പ്രകാരവും കേസുണ്ട്.

വിശദമായ അന്വേഷണത്തിനായി ഒളിക്യാമറ ദൃശ്യത്തിന്റെ എഡിറ്റ് ചെയ്യാത്ത ടേപ് ഫോറന്‍സിക് പരിശോധനക്ക് അയക്കും.

എ എസ് പി വാഹിദ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ദൃശ്യങ്ങൾ യഥാർത്ഥമാണെന്ന് വ്യക്തമായിരുന്നു.

ഒളിക്യാമറ ഓപ്പറേഷനിൽ ഗൂഢാലോചന നടന്നു എന്ന രാഘവന്റെ പരാതിയിൽ കഴമ്പില്ലെന്നും പോലീസ് കണ്ടെത്തി.

ഗൂഡാലോചന തെളിയിക്കുന്ന ഒരു കാര്യവും രാഘവന് ഹാജരാക്കാനായതുമില്ല. ദൃശ്യങ്ങളിലെ സാഹചര്യവും രാഘവന്റെ മൊഴിയിൽ പറഞ്ഞ കാര്യവും തമ്മിൽ വൈരുധ്യമുണ്ട്.

ടി വി9 ഭാരത് വർഷ ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് യു ഡി എഫ് സ്ഥാനാർത്ഥിയായ എം കെ രാഘവന്‍ കുടുങ്ങിയത്.

കോഴിക്കോട്ട് വ്യവസായ ആവശ്യത്തിനായി 15 ഏക്കർ ഭൂമി വേണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച ചാനൽ സംഘത്തോട് എം കെ രാഘവന്‍ അഞ്ച് കോടി രൂപ ആവശ്യപ്പെടുകയും, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 20 കോടി രൂപ ചെലവായി എന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

സ്വകാര്യ ചാനൽ ദൃശ്യങ്ങൾ സഹിതം വാർത്ത പുറത്ത് വിട്ടതോടെയാണ് എം കെ രാഘവൻ വെട്ടിലായത്.

പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് എം കെ രാഘവന്റെ വാദങ്ങൾ പൂർണ്ണമായും തള്ളുന്നതാണ്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ കേസെടുത്തതോടേ എം കെ രാഘവനും യു ഡി എഫും വലിയ പ്രതിരോധത്തിലായി.

വ്യവസായികളെന്ന വ്യാജേനയെത്തിയ ചാനല്‍ സംഘം ആണ് രാഘവനെ ദൃശ്യങ്ങളില്‍ കുടുക്കിയത്.

എന്നാല്‍ ദൃശ്യങ്ങല്‍ വ്യാജമാണെന്നും തനിക്കെതിരെ സിപിഎം ഗൂഢാലോചന നടത്തിയെന്നും ആയിരുന്നു രാഘവന്റെ ആരോപണം. പിന്നീട് അന്വേഷണത്തില്‍ ദൃശ്യങ്ങള്‍ കൃത്രിമം അല്ല എന്ന് തെളിഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here