ചാമ്പ്യന്‍സ് ലീഗ് കിരീടം കൈവിട്ടെങ്കിലും പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് അപൂര്‍വ റെക്കോഡ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, സ്പാനിഷ് ലാലിഗ, ഇറ്റാലിയന്‍ സീരി എ കിരീടങ്ങള്‍ നേടുന്ന ആദ്യതാരമായി ക്രിസ്റ്റ്യാനോ മാറി.

മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പം മൂന്ന് തവണ പ്രീമിയര്‍ ലീഗ് കിരീടവും റയല്‍ മഡ്രിഡിനൊപ്പം രണ്ട് തവണ ലാ ലിഗ കിരീടങ്ങളും നേടിയ റൊണാള്‍ഡോ ഇറ്റാലിയന്‍ സീരിയില്‍ അഞ്ച് മത്സരങ്ങള്‍ ബാക്കിനില്‍ക്കെ യുവന്‍റസ് കിരീടമുറപ്പിച്ചതോടെയാണ് അപൂര്‍വ നേട്ടത്തിനുടമയായത്.

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‍റെ മുന്‍ പരിശീലകനായിരുന്ന ജോസ് മൗറീഞ്ഞോ പ്രീമിയര്‍ ലീഗ്, ലാ ലിഗ കിരീടങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും മൂന്നാം കിരീടം യൂറോപ്പിലെ ആദ്യ അഞ്ച് ടൂര്‍ണമെന്‍റുകളിലൊന്നായി പരിഗണിക്കാത്ത പൊര്‍ച്ചുഗല്‍ ലീഗില്‍ പോര്‍ട്ടോയ്ക്കൊപ്പമായിരുന്നു.

മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഡേവിഡ് ബെക്കാം ആറ് പ്രീമിയര്‍ ലീഗ് കിരീടങ്ങളും ഒരു ലാ ലിഗ കിരീടവും നേടിയിട്ടുണ്ട്.

സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിനൊപ്പം ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക് തികച്ചിതിന് പിന്നാലെയാണ് സീസണ്‍ തുടക്കത്തില്‍ പോര്‍ച്ചുഗീസ് താരം റയല്‍ വിട്ട് യുവന്‍റസിലെത്തിയത്. ടീമിലെത്തിയതിന് പിന്നാലെ ലീഗില്‍ അഞ്ച് മത്സരങ്ങള്‍ അവശേഷിക്കെ തന്നെ ടീമിന കിരീട നേട്ടത്തിലെത്തിക്കാന്‍ റോണോയ്ക്കായി.

യൂറോപ്പിലെ അഞ്ച് പ്രധാന സോക്കര്‍ ലീഗുകളില്‍ തുടര്‍ച്ചയായ എട്ടാം തവണ കിരീടം നേടുന്ന ആദ്യ ടീമാണ് യുവന്‍റസ്. സീസണില്‍ ഇതുവരെ 19 ഗോള്‍ നേടിയിട്ടുണ്ട് ക്രിസ്റ്റ്യാനോ.

33 മത്സരങ്ങളില്‍ 87 പോയിന്‍റാണ് യുവന്‍റസിന്‍റെ സമ്പാദ്യം. 32 കളിയില്‍ 67 പോയിന്‍റുള്ള നാപ്പോളിയാണ് രണ്ടാമത്. നാപ്പോളിക്ക് ഇനിയുള്ള എല്ലാ മത്സരവും ജയിച്ചാലും 85 പോയിന്‍റ് മാത്രമേ സ്വന്തമാക്കാനാവൂ. 35-ാം തവണയാണ് യുവന്‍റസ് ലീഗില്‍ ചാമ്പ്യന്‍മാരാവുന്നത്.