ശ്രീമതി ടീച്ചറെ അപമാനിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ‌്ത കെ സുധാകരനെതിരെ ടൗൺ പൊലീസ‌് കേസെടുത്തു

എൽഡിഎഫ‌് കണ്ണൂർ മണ്ഡലം സ്ഥാനാർഥി പി കെ ശ്രീമതി ടീച്ചറെ അപമാനിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ‌്ത യുഡിഎഫ‌് സ്ഥാനാർഥി കെ സുധാകരനെതിരെ ടൗൺ പൊലീസ‌് കേസെടുത്തു.

സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ‌് ഓഫീസർ ടിക്കാറാം മീണയുടെ പ്രത്യേക നിർദ്ദേശത്തിന്റെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ‌് കേസ‌്.

സംഭവത്തിൽ ഞായറാഴ‌്ച സുധാകരനെ കർശനമായി താക്കീതു ചെയ‌്ത സംസ്ഥാന തെരഞ്ഞെടുപ്പു കമീഷണർ വിവാദ പരസ്യം ഉടൻ പ്രാബല്യത്തോടെ ഫെയ‌്സ‌് ബുക്ക‌് പേജിൽനിന്ന‌് നീക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

എന്നാൽ തിങ്കളാഴ‌്ചയും നീക്കിയില്ലെന്നതു ശ്രദ്ധയിൽപ്പെട്ടതോടെ എഫ‌്ഐആർ രേഖപ്പെടുത്തി തുടർനടപടി സ്വീകരിക്കാൻ കമീഷണർ നിർദേശിക്കുകയായിരുന്നു.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം സുധാകരനെതിരെ ക്രിമിനൽ കേസെടുക്കാമെന്ന‌് നിയമോപദേശവും പൊലീസിനു ലഭിച്ചു.

ഇതു പ്രകാരം തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച‌് വോട്ടർമാരെ സ്വാധീനിക്കുക(ഐപിസി 171 സി), തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കുന്ന നിലയിൽ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുക(ഐപിസി 171 ജി), വിവിധ ജനവിഭാഗങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും വളർത്തുന്ന നിലയിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുക(ഐപിസി 505(2)), സ‌്ത്രീത്വത്തെ അപമാനിക്കൽ(ഐപിസി 509) വകുപ്പുകൾ പ്രകാരമാണ‌് കണ്ണൂർ ടൗൺ സിഐ എ ഉമേഷ‌് കേസെടുത്തത‌്.

ഐപിസി 505(2), 509 എന്നിവ മൂന്നുവർഷം വീതം തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ‌്.

പി കെ ശ്രീമതി ടീച്ചറെ വ്യക്തിപരമായി തേജോവധം ചെയ്യാനുദ്ദേശിച്ച‌് തയ്യാറാക്കിയ വീഡിയോ പരസ്യം ടീച്ചറെ മാത്രമല്ല, സ‌്ത്രീസമൂഹത്തെയാകെ ഇകഴ‌്ത്തുന്നതും അവഹേളിക്കുന്നതുമാണ‌്.

ഈ മാസം 16ന‌് ചേർന്ന മീഡിയ മോണിറ്ററിങ‌് ആൻഡ‌് മാനേജ‌്മെന്റ‌് കമ്മിറ്റി (എംസിഎംസി) യോഗം ഈ പരസ്യത്തിന‌് അനുമതി നിഷേധിച്ചിട്ടും കെ സുധാകരനും യുഡിഎഫ‌് തെരഞ്ഞെടുപ്പു കമ്മിറ്റിയും സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു.

17ന‌് ശ്രീമതി ടീച്ചറുടെ ചീഫ‌് ഏജന്റായ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജനും എൽഡിഎഫ‌് മണ്ഡലം കമ്മിറ്റി സെക്രട്ടറി തെരഞ്ഞെടുപ്പു കമീഷനും പൊലീസിലും പരാതി നൽകി. പരസ്യം ഒഴിവാക്കണമെന്ന‌് ജില്ലാ വരണാധികാരിയായ കലക്ടർ ആവശ്യപ്പെട്ടെങ്കിലും സുധാകരൻ നിരാകരിച്ചു.

സ‌്ത്രീവിരുദ്ധവും സ‌്ത്രീകളുടെ അന്തസ്സിനെയും അഭിമാനത്തെയും ഇടിച്ചുതാഴ‌്തുന്നതുമായ പരസ്യം ജനപ്രാതിനിധ്യ നിയമത്തിന്റെയും തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടങ്ങ‌ളുടെയും നഗ്നമായ ലംഘനമാണെന്നു കണ്ടെത്തിയാണ‌് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പു ഓഫീസർ സുധാകരനെ താക്കീതു ചെയ‌്തത‌്.

ജനപ്രാതിനിധ്യനിയമത്തിലെ അനുഛേദം 123(4) പ്രകാരം ശിക്ഷാർഹമാണിതെന്നും ഉത്തരവിൽ വ്യക്തമാക്കി.

തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കാവുന്ന വിധത്തിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചതിനും വിവിധ ജനവിഭാഗങ്ങളിൽ സ‌്പർധ വളർത്താനും സ‌്ത്രീത്വത്തെ അപമാനിക്കാനും കരുതിക്കൂട്ടി തയ്യാറാക്കി പ്രചരിപ്പിച്ചതാണെന്നതിനാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 171 സി, 171 ജി, 505(2), 509 വകുപ്പുകൾ പ്രകാരവും കേസെടുക്കാവുന്നതാണെന്നാണ‌് കണ്ണൂർ ജില്ലാ പൊലീസ‌് മേധാവിക്കു ലഭിച്ച നിയമോപദേശം.

ജില്ലാ പബ്ലിക‌് പ്രോസിക്യൂട്ടറും ഗവൺമെന്റ‌് പ്ലീഡറുമായ അഡ്വ. ബി പി ശശീന്ദ്രനാണ‌് നിയമോപദേശം നൽകിയത‌്. സുധാകരനെതിരെ സംസ്ഥാന വനിതാ കമീഷനും കേസെടുത്തിട്ടുണ്ട‌്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News