സംസ്ഥാനത്ത് പോളിംഗ് തുടരുന്നു: വിധിയെഴുതുന്നത് 2.61 കോടി വോട്ടര്‍മാര്‍

ആഴ‌്ചകൾ നീണ്ട വാശിയേറിയ പ്രചാരണത്തിനൊടുവിൽ കേരളം ചൊവ്വാഴ‌്ച പോളിങ‌് ബൂത്തിലേക്ക‌്.

നവോത്ഥാന കേരളത്തിന്റെ നിലനിൽപിനും അസ്വസ്ഥതയിൽ നീറിപ്പുകയുന്ന രാജ്യത്തെ വീണ്ടെടുക്കാനും 2.61 കോടി വോട്ടർമാർ വിധിയെഴുതും.

പ്രചാരണത്തിൽ നേടിയ മേൽക്കൈയും കലർപ്പില്ലാത്ത മതേതരനിലപാടും സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങളും സംസ്ഥാനമെങ്ങും എൽഡിഎഫ‌് അനുകൂല തരംഗമുയർത്തിയിട്ടുണ്ട‌്.

കേരളത്തിലെ 20 സീറ്റടക്കം 117 മണ്ഡലങ്ങളിലാണ‌് തെരഞ്ഞെടുപ്പ‌്. വോട്ടർമാരിൽ 1.35 കോടി സ‌്ത്രീകളാണ‌്. മെയ‌് 23നാണ‌് വോട്ടെണ്ണൽ. കോൺഗ്രസും ബിജെപിയും പടുത്തുയർത്തിയ നുണക്കോട്ടകൾ പൊളിക്കാൻ മതേതര മനസ‌് തയ്യാറെടുത്തു. ബിജെപി ഇനിയൊരിക്കലും അധികാരത്തിൽ വരരുതെന്ന ഉറച്ച നിലപാടിലാണ‌് കേരളീയർ. ഒപ്പം സംസ്ഥാന സർക്കാരിനെതിരെ അപവാദ പ്രചാരണം നടത്തിയ യുഡിഎഫിന‌് ശക്തമായ താക്കീതും നൽകും.

പോളിങ് ശതമാനം ഉയരും

ഇക്കുറി പോളിങ‌് ശതമാനം ഉയരാനാണ‌് സാധ്യത. നിഷ‌്പക്ഷ വോട്ടർമാരും മതനിരപേക്ഷ സമൂഹവും എൽഡിഎഫിന‌് വലിയ പ്രതീക്ഷയാണ‌് പകർന്നത‌്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന‌് ഒപ്പം ഇല്ലാതിരുന്ന നിരവധി വ്യക്തികളും സംഘടനകളും സമുദായങ്ങളും പിന്തുണയ‌്ക്കുകയാണ‌്. പുതുതായി എൽഡിഎഫിൽ എത്തിയ നാല‌് കക്ഷികളുടെ പിന്തുണ ഇതിനുപുറമെയാണ‌്.

യുഡിഎഫിന്റെ ‘സർവേ’ പ്രതീക്ഷ തകർന്നു

പ്രളയക്കെടുതിയുടെ ഘട്ടത്തിൽപോലും സംസ്ഥാന സർക്കാരിനെ വേട്ടയാടാൻ അവസരമാക്കിയ യുഡിഎഫിന‌് ശക്തമായ തിരിച്ചടി ജനങ്ങൾ നൽകും. കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാടിലെ സ്ഥാനാർഥിത്വത്തിലാണ‌് കോൺഗ്രസ‌് പ്രതീക്ഷ. എന്നാൽ വയനാടിൽ കടുത്തപോരാട്ടമാണ‌് എൽഡിഎഫ‌് കാഴ‌്ചവച്ചത‌്. യുഡിഎഫിന്റെ ഉറച്ച തട്ടകംപോലും ആടിയുലയുകയാണ‌്. പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ ചില ചാനലുകളെ ഉപയോഗിച്ച‌് നടത്തിയ അഭിപ്രായ സർവേ ഊർജം പകരുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ എല്ലാ മണ്ഡലങ്ങളിലും രംഗത്തുണ്ടെങ്കിലും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ എന്നിവിടങ്ങളിൽ മാത്രമാണ‌് സജീവം.

ന്യൂനപക്ഷ മേഖലകളിൽ അടിയൊഴുക്ക‌്

തിരുവനന്തപുരത്ത‌് ത്രികോണ മത്സരമാണ‌് . ബിജെപി ദുർബല സ്ഥാനാർഥികളെ രംഗത്തിറക്കിയിട്ടുള്ള മണ്ഡലങ്ങളിലെ കോൺഗ്രസ‌്–-ബിജെപി അവിശുദ്ധ ബന്ധം മറനീക്കി. കൊല്ലം, വടകര, കോഴിക്കോട‌്, കണ്ണൂർ, കാസർകോട‌് മണ്ഡലങ്ങളിലാണ‌് രഹസ്യധാരണ. ന്യുനപക്ഷ മേഖലകളിൽ ഇടതുപക്ഷത്തിന‌് അനുകൂലമായി ശക്തമായ അടിയൊഴുക്ക‌് ദൃശ്യമാണ‌്. മോഡിയെയും ബിജെപിയെയും നേരിടുന്നതിൽ എൽഡിഎഫ‌് കാട്ടിയ ധീരതയാണ‌് ഇതിനുകാരണം.

മതനിരപേക്ഷ മൂല്യങ്ങൾ തകർക്കുന്ന തരത്തിലുള്ള പ്രചാരണമാണ‌് സംഘപരിവാർ നടത്തിയത‌്. ശബരിമലയുടെ പേരിൽ പ്രധാനമന്ത്രി വരെ നുണ പ്രചാരണവുമായെത്തി. എന്നാൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന‌് നിരോധനാഞ്ജ പുറപ്പെടുവിക്കണമെന്ന‌് ആവശ്യപ്പെട്ട‌് കേന്ദ്രം അയച്ച ഉത്തരവ‌് മുഖ്യമന്ത്രി പുറത്തെടുത്തതോടെ ബിജെപിയുടെ കള്ളിവെളിച്ചത്തായി. ശബരിമലയിൽ സമാധാനം നിലനിർത്താനും ദേശീയ തീർഥാടന കേന്ദ്രമായി ഉയർത്തുന്നതിനും സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ സാധാരണ വിശ്വാസികൾക്കിടയിൽ മതിപ്പുളവാക്കി.

പോളിങ‌് രാവിലെ 7 മുതൽ വൈകിട്ട‌് 6 വരെ

സംസ്ഥാനത്ത‌് ലോക‌്സഭാ തെരഞ്ഞെടുപ്പിന‌് പോളിങ‌് ബൂത്തുകൾ സജ്ജം. ചൊവ്വാഴ‌്ച രാവിലെ 7 മുതൽ വൈകിട്ട‌് 6 വരെ തുടർച്ചയായാണ‌് പോളിങ‌്. രാവിലെ 6ന‌് രാഷ‌്ട്രീയ പാർടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മോക്ക‌് പോൾ നടക്കും. വൈകിട്ട‌് 6 ന‌് ക്യൂവിലുള്ളവർ വോട്ട‌് രേഖപ്പെടുത്തുന്നതുവരെ പോളിങ‌് തുടരും.
2,61,51,534 വോട്ടർമാരാണ‌് ഇത്തവണയുള്ളത‌്. ഇതിൽ 2,88,191 പേർ കന്നിവോട്ടർമാരാണ‌്. 1,34,66,521 പേർ സ്ത്രീ വോട്ടർമാരും 1,26,84,839 പുരുഷ വോട്ടർമാരുമുണ്ട്. 174 ട്രാൻസ്‌ജെൻഡർമാരും. മലപ്പുറം ജില്ലയിലാണ‌് കൂടുതൽ വോട്ടർമാർ, 31,36,191. കുറവ് വയനാട് ജില്ലയിലും–- 5,94,177.

സംസ്ഥാനത്ത‌് 24,970 പോളിങ‌് സ്‌റ്റേഷനാണ‌് തിങ്കളാഴ‌്ച രാത്രിയോടെ സജ്ജീകരിച്ചത‌്. വോട്ടിങ‌് യന്ത്രങ്ങളടക്കമുള്ള സാധനങ്ങൾ വിവിധ വിതരണ കേന്ദ്രങ്ങളിൽനിന്ന‌് ഏറ്റുവാങ്ങി. മലപ്പുറത്താണ‌് ഏറ്റവും കൂടുതൽ ബൂത്തുകളുള്ളത‌്–- 2750. വയനാട്ടിൽ 575 ഉം. 3621 ബൂത്തിൽ വെബ് കാസ്റ്റിങ‌് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. 35,193 വോട്ടിങ‌് മെഷീനും 32,746 കൺട്രോൾ യൂണിറ്റും 44,427 ബാലറ്റ് യൂണിറ്റുമാണ‌് തയ്യാറാക്കിയിരിക്കുന്നത‌്. വോട്ടിങ‌് യന്ത്രങ്ങളിൽ തകരാർ ഉണ്ടായാൽ പോളിങ‌് തടസ്സപ്പെടാതിരിക്കാൻ സംവിധാനം ഏർപ്പെടുത്തിയതായി മുഖ്യതെരഞ്ഞെടുപ്പ‌് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. എല്ലാ ബൂത്തുകളിലും വിവിപാറ്റ‌് യന്ത്രമുള്ളതിനാൽ വോട്ട‌് ചെയ‌്തത‌് ആർക്കാണെന്ന‌് വോട്ടർക്ക‌് കാണാനാകും.

ഇത്‌ മൂന്നാംഘട്ടം

പതിനേഴാം ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ‌് ചൊവ്വാഴ‌്ച. 13 സംസ്ഥാനങ്ങളിലും രണ്ട‌് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 116 മണ്ഡലത്തിലാണ‌് വോട്ടെടുപ്പ‌്. ആകെ 1612 സ്ഥാനാർഥികളാണ‌് ജനവിധി തേടുന്നത‌്. ഇതിൽ 142 വനിതകൾ. കേരളത്തിലെ 20 മണ്ഡലത്തിലും ഗുജറാത്തിലെ 26 മണ്ഡലത്തിലും ചൊവ്വാഴ‌്ച ഒറ്റഘട്ടമായി വോട്ടെടുപ്പ‌് പൂർത്തിയാകും.

രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ‌് നടക്കേണ്ടിയിരുന്ന കിഴക്കൻ ത്രിപുര മണ്ഡലത്തിലും ചൊവ്വാഴ‌്ചയാണ‌് പോളിങ‌്. സുരക്ഷാസന്നാഹങ്ങൾ തൃപ‌്തികരമല്ലെന്ന‌് കണ്ടെത്തിയതിനെത്തുടർന്നാണ‌് ഇവിടെ വോട്ടെടുപ്പ‌് മാറ്റിയത‌്. കർണാടകം, ഛത്തീസ‌്ഗഢ‌്, അസം എന്നിവിടങ്ങളിലും വോട്ടെടുപ്പ‌് ചൊവ്വാഴ‌്ച പൂർത്തിയാകും. മഹാരാഷ്ട്രയിലെ 14 മണ്ഡലത്തിലും യുപിയിലെ 10 മണ്ഡലത്തിലും ഒഡിഷയിലെ ആറ‌് മണ്ഡലത്തിലും ബിഹാറിലെയും ബംഗാളിലെയും അഞ്ച‌് മണ്ഡലത്തിൽവീതവും ജമ്മു -കശ‌്മീരിലെ അനന്ത‌്ഗനാഗ‌് മണ്ഡലത്തിലെ ചില ഭാഗങ്ങളിലും ചൊവ്വാഴ്ച വോട്ടെടുപ്പുണ്ട‌്.

ഗോവയിലെ രണ്ടും കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര–-നഗർഹവേലി, ദാമൻ–-ദിയു എന്നിവിടങ്ങളിലും വോട്ടെടുപ്പ‌് ചൊവ്വാഴ‌്ചയാണ‌്. ഗുജറാത്തിലെ ഗാന്ധിനഗറിൽ ബിജെപി അധ്യക്ഷൻ അമിത‌് ഷാ, യുപിയിലെ മെയിൻപുരിയിൽ മുലായം സിങ‌് യാദവ‌്, പിലിബിത്തിൽ വരുൺ ഗാന്ധി, മഹാരാഷ്ട്രയിലെ ബാരാമതിയിൽ എൻസിപിയുടെ സുപ്രിയ സുലെ, കർണാടകത്തിലെ ഗുൽബർഗയിൽ കോൺഗ്രസ‌് ലോക‌്സഭാ നേതാവ‌് മല്ലികാർജുൻ ഖാർഗെ തുടങ്ങിയവരാണ‌് മൂന്നാംഘട്ടത്തിൽ മത്സരരംഗത്തുള്ള പ്രമുഖർ.

ബംഗാളിലെ മൂർഷിദാബാദിൽ ബദറുദോസാ ഖാനും കിഴക്കൻ ത്രിപുരയിൽ ജിതേന്ദ്ര ചൗധരിയും സിപിഐ എമ്മിനായി സീറ്റ‌് നിലനിർത്താൻ രംഗത്തുണ്ട‌്. പ്രണബ‌് മുഖർജിയുടെ മകൻ അഭിജിത‌് മുഖർജി ബംഗാളിലെ ജങ്കിപ്പുരിൽ മൂന്നാംവട്ടം ജനവിധി തേടുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here