കണ്ണൂര്‍: ചിലരുടെ അതിമോഹം തകര്‍ന്നടിയുന്നത് സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ കാണാനാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഉത്തരേന്ത്യയിലെ വര്‍ഗീയ കലാപവും വംശഹത്യയും സംഘടിപ്പിച്ചവര്‍ ഇവിടെവന്നു റോഡ് ഷോ നടത്തി ജനങ്ങള്‍ പാട്ടിലാക്കാം എന്നു കരുതി.

രാജ്യത്ത് ബിജെപിയെ നേരിടുന്നുവെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് ആകട്ടെ സ്വന്തം പ്രകടന പത്രികയെപ്പറ്റി പോലും ഇവിടെ മിണ്ടിയില്ല.

വസ്തുതാവിരുദ്ധമായ പ്രചരണം നടത്തി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ച് അതുവഴി വോട്ടുനേടാം എന്ന് അവര്‍ കരുതി. ഈ രണ്ടുകൂട്ടരുടെയും മോഹങ്ങള്‍ നടപ്പില്ല. എല്‍ഡിഎഫ് കൂടുതല്‍ ജനവിഭാഗങ്ങളുടെ പിന്തുണ ഉറപ്പിച്ചിട്ടുണ്ട്. പ്രശംസനീയമായ വിജയം നേടുകയും ചെയ്യും.

ചില ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായത് ബുദ്ധിമുട്ടുണ്ടാക്കി. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

പിണറായി ആര്‍സി അമല ബേസിക് യുപി സ്‌കൂളില്‍ വോട്ടുചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.