എറണാകുളം ലോക്സഭാ മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ കനത്ത പോളിംഗ് രേഖപ്പെടുത്തി

ശക്തമായ മത്സരം നടക്കുന്ന എറണാകുളം ലോക്സഭാ മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ കനത്ത പോളിംഗ് രേഖപ്പെടുത്തി. മണ്ഡലത്തിലെ വിവിധ പോളിംഗ് ബൂത്തുകളിലായി നടൻ മമ്മൂട്ടി ഉൾപ്പെടെ നിരവധി പ്രമുഖർ വോട്ട് ചെയ്തു.

ശക്തമായ പോളിംഗ് നടന്ന സാഹചര്യത്തിൽ വിജയ പ്രതീക്ഷയിലാണ് ഇരു മുന്നണികളും.രാവിലെ ഏഴിന് പോളിംഗ് ആരംഭിച്ചപ്പോൾ തന്നെ എൽഡിഎഫ്-യുഡിഎഫ് സ്ഥാനാർത്ഥികൾ വോട്ട് രേഖപ്പെടുത്തി.

എൽഡിഎഫ് സ്ഥാനാർഥി പി രാജീവ് കളമശ്ശേരി കുസാറ്റ് അംബേദ്കർ നഗറിൽ കുടുംബസമേതം എത്തിയാണ് വോട്ട് ചെയ്തത്. നടൻ മമ്മൂട്ടി ഭാര്യയോടൊപ്പം പനമ്പള്ളി നഗറിലെ ഗവൺമെൻറ് സെക്കൻഡറി സ്കൂൾ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.

ഇടതു-വലത് സ്ഥാനാർത്ഥികൾ മമ്മൂട്ടിയ്ക്കൊപ്പം ഉണ്ടായിരുന്നു. ചിന്തകനും എഴുത്തുകാരനുമായ ആ പ്രൊഫസർ എംകെ സാനു എസ്ആർവി സ്കൂളിൽ ഉച്ചയോടെ എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.

എറണാകുളം യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡനും ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് കൺവീനറുമായ ബെന്നി ബഹനാനും രാവിലെതന്നെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു.

രാവിലെ  ജില്ലയിലെ ചില ബൂത്തുകളിൽ ബാലറ്റ് യൂണിറ്റുകളിൽ തകരാർ കണ്ടെത്തിയതിനെത്തുടർന്നു അവ മാറ്റി നൽകി.

ചിലയിടങ്ങളിൽ യന്ത്രത്തകരാറിനെ തുടർന്ന് പോളിംഗ് അൽപ്പസമയം തടസ്സപ്പെട്ടു. മാർക്കറ്റ് റോഡിലെ സെൻറ് മേരീസ് സ്കൂൾ ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറിലായതിനെത്തുടർന്ന് കർദിനാൾ ജോർജ് ആലഞ്ചേരിക്ക് വോട്ട് രേഖപ്പെടുത്താൻ ആയില്ല. രാവിലെ മുതൽ തന്നെ മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര ദൃശ്യമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here