അമ്പലപ്പുഴയില്‍ സിപിഐഎം പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ആര്‍എസ്എസ് ശ്രമം; രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍

അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം.

സിപിഐഎം അമ്പലപ്പുഴ കിഴക്ക് ലോക്കല്‍ കമ്മിറ്റിയംഗം ജെന്‍സണ്‍ ജ്യേഷ്വാ (33), ഡിവൈഎഫ്‌ഐ കരുമാടി യൂണിറ്റംഗം പ്രജോഷ് (30) എന്നിവര്‍ക്കാണ് വെട്ടേറ്റത്. സമീപമുള്ള ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് നാട്ടുകാര്‍ പറഞ്ഞു.

അമ്പലപ്പുഴ തിരുവല്ല റോഡില്‍ അമ്പലപ്പുഴ ക്ഷേത്രത്തിനു കിഴക്ക് ഞൊണ്ടി മുക്കിനു സമീപം ചൊവ്വാഴ്ച രാത്രി 9.30 ഓടെയായിരുന്നു ആക്രമണം.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം കാക്കാഴത്തെ പെട്രോള്‍ പമ്പിലേക്ക് ബൈക്കില്‍ വരുകയായിരുന്ന ഇരുവരേയും മൂന്നു ബൈക്കുകളില്‍ മാരകായുധങ്ങളുമായെത്തിയ ആറംഗ സംഘമാണ് ആക്രമിച്ചത്. ജെന്‍സണു പ്രജോഷും സഞ്ചരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം വടിവാളിനു വെട്ടുകയും കൊലവിളി നടത്തുകയുമായിരുന്നു.

ശബ്ദം കേട്ട് സമീപവാസികള്‍ ഓടിയെത്തിയതോടെ അക്രമിസംഘം കടന്നുകളഞ്ഞു. തലയ്ക്കും കൈകാലുകള്‍ക്കും ദേഹത്തും ആഴത്തില്‍ മുറിവേറ്റ് ഗുരുതരാവസ്ഥയിലായ ഇരുവരേയും വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ കല്ലും വടിയുമുപയോഗിച്ചുള്ള ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അക്രമത്തില്‍ 24ഓളം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. അക്രമത്തില്‍ രണ്ടു പൊലീസുകാര്‍ക്കും പരിക്കേറ്റു. രണ്ട് ഓട്ടോറിക്ഷയടക്കം നിരവധി വാഹനങ്ങളും സംഘം തകര്‍ത്തിരുന്നു.

സംഭവ സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പുചെയ്യുന്നതിനിടെയാണ് ഒരു കിലോമീറ്റര്‍ അകലെ മാറി വീണ്ടും ബിജെപി, ആര്‍എസ്എസ് ക്രിമിനലുകളുടെ ആക്രമണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here