”ഇന്ത്യയുടെ ആണവായുധങ്ങള്‍ ദീപാവലിക്ക് പൊട്ടിച്ച് കളിക്കാനുള്ളതല്ല”; മോദിയുടെ പരാമര്‍ശത്തിനെതിരെ അന്താരാഷ്ട്ര സമൂഹം; തെരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്ന് ആവശ്യം; കമ്മീഷന് പരാതി

ദില്ലി: ഇന്ത്യയുടെ ആണവായുധങ്ങള്‍ ദീപാവലിക്ക് പൊട്ടിച്ച് കളിക്കാനുള്ളതല്ല എന്ന മോദിയുടെ പ്രസംഗത്തില്‍ വിവാദം കത്തുന്നു.

നരേന്ദ്ര മോദിക്കെതിരെ രാജ്യാന്തര സമൂഹവും രംഗത്തെത്തി. മോദിയെ തെരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്നും ആണവയുദ്ധ വിരുദ്ധ സംഘടനകള്‍ ആവശ്യപ്പെട്ടു.

രാജസ്ഥാനിലെ ബാര്‍മറിലാണ് മോദി വിവാദപ്രസംഗം നടത്തിയത്.

പാകിസ്ഥാന്റെ ന്യൂക്ലിയര്‍ ഭീഷണിയില്‍ ഇന്ത്യ കുലുങ്ങില്ലെന്നും ബാലാക്കോട്ടില്‍ ശക്തമായ തിരിച്ചടി ആ രാജ്യത്തിന് നല്‍കിയെന്നും മോദി പറഞ്ഞു. ഇനി എന്ത് ചെയ്യണം, നമ്മള്‍ ന്യൂക്ലിയര്‍ ബോംബുകള്‍ സൂക്ഷിച്ചിരിക്കുന്നത് ദീപാവലിക്ക് വേണ്ടിയാണോ എന്നുമായിരുന്നു മോദിയുടെ ചോദ്യം.

തെരഞ്ഞെടുപ്പില്‍ ദേശീയ വികാരം ഉണര്‍ത്തി വോട്ട് പിടിക്കാനുള്ള മോദിയുടെ വിലകുറഞ്ഞ തന്ത്രത്തില്‍ രാജ്യാന്തരതലത്തില്‍ തന്നെ പ്രതിഷേധം കത്തുകയാണ്.

ഇന്റര്‍ നാഷണല്‍ ഫിസിഷ്യന്‍സ് ഫോര്‍ ദി പ്രവന്‍ഷന്‍ ഓഫ് ന്യൂക്ലിയര്‍ വാര്‍’ എന്ന സംഘടനയുടെ ഇന്ത്യന്‍ ചാപ്റ്റര്‍ പ്രസ്താവനയില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്ത് വന്നു. മോദിയുടെ പ്രസ്താവന അപകടകരവും പ്രകോപനമുണ്ടാക്കുന്നതും ഉത്തരവാദിത്വം ഇല്ലാത്തതുമാണെന്ന് സംഘടന വിമര്‍ശിച്ചു.

നിഷ്‌കളങ്കരായ വോട്ടര്‍മാരെയും ആരാധകരെയും സ്വാധീനിക്കാനാണ് മോദി ഇത്ര ആപത്കരമായ പ്രസ്താവന നടത്തിയതെന്നും സംഘടന ആരോപിച്ചു.

തെരഞ്ഞെടുപ്പില്‍ നിന്ന് മോദിയെ വിലക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിട്ടുണ്ട്. ദ ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോര്‍ പീസ് ആന്‍ഡ് ഡവലപ്മെന്റ് ആണ് മോദിയെ വിലക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിട്ടുണ്ട്.

പ്രസംഗത്തിനെതിരെ പാക്കിസ്ഥാനും രംഗത്ത് വന്നിരുന്നു. മോദിയുടെ പ്രസ്താവന നിര്‍ഭാഗ്യകരവും ഉത്തരവാദിത്വമില്ലാത്തതുമാണെന്ന് വ്യക്തമാക്കിയ പാക് വിദേശ കാര്യവകുപ്പ് ഇത്തരം യുദ്ധോത്സുകത പ്രോത്സാഹിപ്പിക്കപ്പെടരുതെന്നും മുന്നറിയിപ്പ് നല്‍കി.

അതേസമയം, വോട്ട് മാത്രം ലക്ഷ്യം വെച്ച് പ്രധാനമന്ത്രി കൂടിയായ മോദി നടത്തുന്ന പക്വതയില്ലാത്ത പ്രസ്താവനകളില്‍ രാജ്യാന്തരസമൂഹത്തിനിടയില്‍ ആശങ്കകളും വര്‍ദ്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel