ദില്ലി: ചീഫ് ജസ്റ്റിസിനെ ലൈംഗികാരോപണത്തില്‍ കുടുക്കാന്‍ ശ്രമം നടന്നുവെന്ന ആരോപണം സുപ്രീംകോടതി മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിച്ചേക്കും. ഉന്നത ഉദ്യോഗസ്ഥര്‍ ചേംബറില്‍ എത്താന്‍ കോടതി നിര്‍ദേശിച്ചു.

ചീഫ് ജസ്റ്റിസിനെതിരായ ആരോപണം അന്വേഷിക്കാന്‍ ആഭ്യന്തര സമിതിയെ നിയോഗിച്ചതിന് പിന്നാലെയാണ് ലൈംഗികാരോപണത്തില്‍ കുടുക്കാന്‍ ശ്രമം നടന്നുവെന്ന ആരോപണവും പ്രത്യേക സംഘം അന്വേഷിക്കാനുള്ള സാഹചര്യം ഒരുങ്ങുന്നത്.

സിബിഐ ജോയിന്റ് ഡയറക്ടര്‍ പൊലീസ്, ഐബി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷമാകും അന്തിമ തീരുമാനം.

കേസ് പരിഗണിക്കവേ ചീഫ് ജസ്റ്റിസിനെതിരായ ആരോപണം രാജ്യത്തെ ഉന്നത കോര്‍പറേറ്റ് സ്ഥാപനത്തിന് വേണ്ടിയാണെന്ന് ഉത്സവ് സിംഗ് ബൈന്‍സ് വാദിച്ചു. മുദ്രവച്ച കവറില്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള ഇതിന്റെ തെളിവുകളും കൈമാറി. ഉത്സവ് ബയിന്‍സിന് പൊലീസ് സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ചില ശക്തികള്‍ക്കെതിരെ ഇതേവരെ നടപടി എടുക്കാന്‍ ഒരു ചീഫ് ജസ്റ്റിസിനും സാധിച്ചില്ല. എന്നാല്‍ നിയമ സംവിധാനത്തെ ശുദ്ധീകരിക്കാന്‍ ആണ് നിലവിലെ ചീഫ് ജസ്റ്റിസിന്റെ ശ്രമമെന്ന് കേസ് പരിഗണിക്കവെ ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.

കേസ് പരിഗണിക്കുന്നതിനിടെ വാദിക്കാന്‍ ശ്രമിച്ച ഇന്ദിരാ ജയ്‌സിംഗിനെ കോടതി വിലക്കി. ഇതിനിടെ ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച യുവതി ഏപ്രില്‍ 26 ആഭ്യന്തര അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജര്‍ ആകാന്‍ നോട്ടീസ് നല്‍കി. ഏപ്രില്‍ 26ന് സമിതിക്ക് മുമ്പില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.

പരാതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ സുപ്രീംകോടതി രജിസ്ട്രര്‍ ജനറലിനും സമിതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.