സുരേഷ് കല്ലട നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: യാത്രക്കാരെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയാണെന്ന് പരാതി ഉയര്‍ന്ന കല്ലട ട്രാന്‍സ്‌പോര്‍ട്ടിംഗ് കമ്പനിയുടെ ഉടമ സുരേഷ് കല്ലട നേരിട്ട് ഹാജരാകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

മേയ് 29 ന് രാവിലെ പത്തരക്ക് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ ഹാജരാകാനാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവിട്ടത്.

കല്ലടക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഡി വൈ എസ് പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് പ്രത്യേക അന്വേഷണം നടത്തണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു. ഡിവൈഎസ്പിയെ നിയോഗിക്കാനുള്ള ചുമതല എറണാകുളം ജില്ലാ പോലീസ് മേധാവിക്കാണ് നല്‍കിയിരിക്കുന്നത്.

ഇതിനു പുറമേ ഗതാഗത കമ്മീഷണറും അന്വേഷണം നടത്തണം. ഗതാഗത കമ്മീഷണറും എറണാകുളം ജില്ലാ പോലീസ് മേധാവിയും മൂന്നാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണം. സുരേഷ് കല്ലടയും വിശദീകരണം നല്‍കണം.

കോഴിക്കോട് സ്വദേശി ഡോ. നൗഷാദ് തെക്കയില്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കേരളത്തില്‍ നിന്നും ബാംഗ്ലൂരിലേക്ക് പോകുന്ന കുട്ടികളെ കല്ലടയിലെ ജീവനക്കാര്‍ കായികമായി നേരിട്ടതായി പരാതിയില്‍ പറയുന്നു.

മര്‍ദ്ദനമേറ്റവര്‍ ഇപ്പോഴും ഭീഷണിയുടെ നിഴലിലാണ്. ബസില്‍ നടക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്നും പരാതിയില്‍ പറയുന്നു. നിരവധി സ്ത്രീകള്‍ ദിവസേനെ ഇത്തരം ബസുകളില്‍ യാത്ര ചെയ്യുന്നുണ്ട്.

ഒരു ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ നിന്നും ഇങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടായാല്‍ പോലീസിനും ഗതാഗത വകുപ്പിനും നടപടിയെടുക്കാന്‍ ബാധ്യതയുണ്ടെന്നും പരാതിയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News