കെവിന്‍ കേസില്‍ ഒന്നാം പ്രതി ഷാനു ചാക്കോ ഉള്‍പ്പെടെ 7 പേരെ മുഖ്യ സാക്ഷി അനീഷ് സെബാസ്റ്റ്യന്‍ തിരിച്ചറിഞ്ഞു. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടന്ന വിചാരണയുടെ ആദ്യ ദിനത്തിലാണ് അനീഷ് പ്രതികളെ തിരിച്ചറിഞ്ഞത്.

അതേസമയം, അഞ്ചാം പ്രതി ചാക്കോ ഉള്‍പ്പടെ മൂന്നു പേരെ തിരിച്ചറിഞ്ഞില്ല. 14 പ്രതികളും ഒരു പോലെ വെള്ള വസ്ത്രം ധരിച്ചതും രൂപമാറ്റം വരുത്തിയതും സാക്ഷിയില്‍ ആശയക്കുഴപ്പമുണ്ടാക്കി എന്ന് പ്രോസിക്യൂഷന്‍ വാദിച്ചു .

2018 മെയ് 27 നാണ് കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട കെവിന്റെ ബന്ധുവും മുഖ്യ സാക്ഷിയുമായ അനീഷിനെയാണ് പ്രോസിക്യൂഷന്‍ ആദ്യം വിസ്തരിച്ചത്.

വിസ്താരത്തില്‍ സംഭവങ്ങള്‍ ഒന്നൊന്നായി വിശദീകരിച്ച അനീഷ് മുഖ്യ പ്രതി ഷാനു ചാക്കോ ഉള്‍പ്പടെ 7 പ്രതികളെ തിരിച്ചറിഞ്ഞു . കണ്ണിന് കാഴ്ചക്കുറവുള്ള അനീഷ് പ്രയാസപ്പെട്ടാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

അതേ സമയം നീനുവിന്റെ പിതാവും അഞ്ചാം പ്രതിയുമായ ചാക്കോ ഉള്‍പ്പടെ 3 പേരെ അനീഷ് തിരിച്ചറിഞ്ഞില്ല. പ്രതികളെല്ലാം ഒരു പോലെ വെള്ള വസ്ത്രം ധരിച്ചും രൂപമാറ്റം വരുത്തിയതിനാലും തിരിച്ചറിയുന്നതില്‍ സാക്ഷിക്ക് ആശയക്കുഴപ്പമുണ്ടായി. ഇക്കാര്യം അനീഷ് കോടതിയെ അറിയിക്കുകയും ചെയ്തു.

രാവിലെ 10 മണിക്ക് തുടങ്ങിയ പ്രോസിക്യൂഷന്‍ വിസ്താരം വൈകീട്ട് 4ന് പൂര്‍ത്തിയായി. അതിന് ശേഷം മുഖ്യ പ്രതി ഷാനു ചോക്കോയുടെ അഭിഭാഷകന്‍ സൂരജ്, അനീഷിനെ ക്രോസ് വിസ്താരം ചെയ്തു.

കോടതി സമയം കഴിഞ്ഞു വിചാരണ നീണ്ടുപോയി. 186 സാക്ഷികളെ വിസ്തരിക്കാന്‍ അതിനാല്‍ മധ്യവേനലവധി ഒഴിവാക്കിയാണ് വിചാരണ. ഇതിന് ഹൈക്കോടതി പ്രത്യേക അനുമതി നല്‍കി. വിചാരണ നാളെയും തുടരും.