കേരള തീരത്ത് ഇന്ന് രാത്രിവരെ ശക്തമായ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 1.5 മീറ്റര്‍ മുതല്‍ 2.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയുണ്ടാവുന്നതിനാല്‍ കടല്‍ പ്രക്ഷുബ്ദ്ധമാവും.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ തീരപ്രദേശങ്ങലില്‍ കടല്‍ക്ഷോഭം രൂപപെട്ടിരുന്നു.

തിരുവനന്തപുരത്തെ തീരപ്രദേശങ്ങളായ വലിയതുറ,ശംഖുംമുഖം പ്രദേശങ്ങളിലാണ് ക!ഴിഞ്ഞ ദിവസം കടല്‍ പ്രക്ഷുബ്ദമായത്.എന്നാല്‍ കാര്യമായ നാശനഷ്ടങ്ങളോ അപകടങ്ങളോ ഉണ്ടായിട്ടില്ല.

കടല്‍ക്ഷോഭം രൂപപെട്ട സാഹചര്യത്തില്‍ അതീവജാഗ്രതപുലര്‍ത്തണമെന്ന് തീരദേശവാസികളോട് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി ന്യൂനമര്‍ദ്ദം രൂപംകൊള്ളുമെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഈ മേഖലയില്‍ ഇന്ന് കാറ്റിന്റെ വേഗത മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെയാവാനും നാളെയത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയാവാനും സാധ്യതയുണ്ട്. 27ന് കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 മുതല്‍ 70കിലോമീറ്റര്‍ വരെയാവും. 28ന് കേരള തീരത്ത് മണിക്കൂറില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വരെയും തമിഴ്‌നാട് തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും വേഗത്തില്‍ കാറ്റടിക്കും.

മത്സ്യത്തൊഴിലാളികള്‍ 27 മുതല്‍ കേരളതീരത്തും തമിഴ്‌നാട് തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന് അറിയിച്ചിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആകാന്‍ സാധ്യതയുള്ളതിനാല്‍ ആഴകടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ 27ന് പുലര്‍ച്ചെ 12 മണിയോടെ ഏറ്റവും അടുത്തുള്ള തീരത്തെത്തണമെന്ന് അറിയിച്ചു.