‘ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ്’ തുടരുന്നു; പരാതിക്ക് 8281786096 നമ്പറില്‍ വിളിക്കാം

കല്ലട ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദനമേറ്റതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ട്രാവല്‍ ഏജന്‍സികളിലും സ്വകാര്യ ദീര്‍ഘദൂര ബസുകളിലും മോട്ടോര്‍ വാഹനവകുപ്പിന്റെ വ്യാപക പരിശോധന.

നൂറിലധികം ബസ് ടിക്കറ്റ് ബുക്കിങ് ഓഫീസുകളില്‍ പരിശോധന നടത്തി. 30 ബുക്കിങ് ഓഫീസുകള്‍ ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. 28 ബസുകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി.

ബസുകളില്‍നിന്ന് അമ്പതിനായിരം രൂപയോളം പിഴ ഈടാക്കി. സ്പീഡ് ഗവര്‍ണറിന്റെ ബന്ധം വിച്ഛേദിച്ചതിനും ചരക്ക് കയറ്റിയതിനും വഴിയില്‍നിര്‍ത്തി ആളുകളെ കയറ്റിയതിനുമാണ് പിഴയിട്ടത്. വിവിധ ചെക്‌പോസ്റ്റുകളിലും ബസുകളിലും രാത്രിയിലും പരിശോധന നടത്തി.

സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം മോട്ടോര്‍ വാഹനവകുപ്പിന്റെ ‘ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ്’ സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്. ലൈസന്‍സ് ഇല്ലാത്ത ബുക്കിങ് കേന്ദ്രങ്ങള്‍ നിശ്ചിത സമയത്തിനുളളില്‍ ലൈസന്‍സ് എടുക്കാന്‍ നോട്ടീസ് നല്‍കി. പെര്‍മിറ്റ് ഇല്ലാതെ സര്‍വീസ് നടത്തിയ 23 ടൂറിസ്റ്റ് ബസുകള്‍ക്ക് 5000 രൂപ വീതം പിഴയിട്ടു. ഇതില്‍ ആറെണ്ണം കല്ലടയുടെ ബസാണ്.

യാത്രക്കാരുടെ പ്രശ്‌നങ്ങളും പരാതികളും അറിയിക്കാനായി മോട്ടോര്‍ വാഹന വകുപ്പ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ തുടങ്ങിയിട്ടുണ്ട്. 8281786096 എന്ന നമ്പരില്‍ പരാതി വിളിച്ച് പറയുകയോ വാട്‌സാപ്പ് വഴി അറിയിക്കുകയോ ചെയ്യാം.

വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു. ദീര്‍ഘദൂര ബസുകളില്‍ ജിപിഎസ് നിര്‍ബന്ധമാക്കുന്നത് പരിഗണനയിലുണ്ട്. നിയമവിരുദ്ധ സര്‍വീസുകളെ തടയുന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ കൊണ്ടുവരുന്നത് സംബന്ധിച്ച് വ്യാഴാഴ്ച മന്ത്രി എ കെ ശശീന്ദ്രന്‍ ഉന്നതതല യോഗം വിളിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News