രാജ്യത്തെ രക്ഷിക്കാന്‍ ബിജെപിയെയും മോദിയെയും പരാജയപ്പെടുത്തുക തന്നെ വേണം

കേരളത്തില്‍ ഉള്‍പ്പെടെ മൂന്നാംഘട്ട ലോക്‌സഭാ വോട്ടെടുപ്പ് ഏപ്രില്‍ 23ന് നടന്നു. ഇതോടെ 17ാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പകുതിയോളം സീറ്റിലെ വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍, ധ്രുവീകരണം ലക്ഷ്യമാക്കി ബിജെപിയുടെ പ്രചാരണം തീവ്ര വര്‍ഗീയതയിലേക്ക് നീങ്ങിയിരിക്കുകയാണ്.

നരേന്ദ്ര മോഡിമുതല്‍ അമിത്ഷാവരെയുള്ള ബിജെപി നേതാക്കളുടെ പ്രസംഗം ദിവസം കഴിയുന്തോറും തീവ്രമാകുകയാണ്. ഹിന്ദുക്കളോട് ഒന്നിച്ച് വോട്ട് ചെയ്യാന്‍ പരസ്യമായി ആഹ്വാനം ചെയ്യുകയാണ്. ന്യൂനപക്ഷത്തെ താഴ്ത്തിക്കെട്ടുമെന്ന പരോക്ഷമായ ഭീഷണിയും ഉയര്‍ന്നുകൊണ്ടിരിക്കുന്നു.

രണോത്സുക ദേശീയവാദം ഉയര്‍ത്തുന്നതിന്റെ ഭാഗമായി സൈന്യത്തെ ദുരുപയോഗിക്കുന്നതോടൊപ്പം പാകിസ്ഥാനെ ഒരു പാഠം പഠിപ്പിക്കുമെന്നും ആഭ്യന്തരശത്രുക്കളെ നിലയ്ക്കുനിര്‍ത്തുമെന്നും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമം

മോഡി നടത്തിയ ചില പ്രസംഗങ്ങള്‍ പരിശോധിക്കാം. ഭീകരവാദക്കേസില്‍ കുറ്റാരോപിതരായ പ്രഗ്യാ സിങ്ങ് താക്കൂറിന്റെയും അസീമാനന്ദയുടെയും കേസുകള്‍ പരാമര്‍ശിക്കവെ ഹിന്ദുക്കളില്‍ ചിലരില്‍ ഭീകരത ആരോപിക്കുന്നത് ഹിന്ദുക്കളെ അപമാനിക്കലാണെന്ന് മോഡി പറഞ്ഞു.

ഈ പ്രസ്താവനകൊണ്ട് മോഡി അടിവരയിടുന്നത് ഹിന്ദുക്കള്‍ ഒരിക്കലും ഭീകരവാദികളായിരിക്കില്ല മുസ്ലിങ്ങള്‍ മാത്രമായിരിക്കും ഭീകരവാദികള്‍ എന്നാണ്. ബാലാകോട്ടില്‍ വ്യോമാക്രമണം നടത്തിയവര്‍ക്കും പുല്‍വാമയിലെ രക്തസാക്ഷികള്‍ക്കുമായി കന്നിവോട്ട് സമര്‍പ്പിക്കാന്‍ ആദ്യമായി പോളിങ് ബൂത്തിലെത്തുന്നവരോട് പരസ്യമായി അഭ്യര്‍ഥിക്കാനും മോഡി തയ്യാറായി.

മറ്റൊരു പ്രസംഗത്തില്‍ ഇന്ത്യന്‍ വൈമാനികനെ മോചിപ്പിക്കാത്തപക്ഷം രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് പാകിസ്ഥാനെ ഓര്‍മിപ്പിക്കാനും മോഡി തയ്യാറായി. അതോടൊപ്പം നമ്മുടെ കൈവശമുള്ള ആണവായുധങ്ങള്‍ ദീപാവലിക്ക് പൊട്ടിക്കാന്‍ മാത്രമുള്ളതല്ലെന്ന നിരുത്തരവാദപരമായ പ്രസ്താവന നടത്താനും മോഡി തയ്യാറായി.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പശ്ചിമബംഗാളിലും നടത്തിയ പ്രസംഗങ്ങളില്‍ അമിത് ഷാ പൗരത്വ (ഭേദഗതി) ബില്‍ പാര്‍ലമെന്റില്‍ വീണ്ടും അവതരിപ്പിച്ച് പാസാക്കുമെന്നുപറഞ്ഞു.

രാജ്യത്ത് അനധികൃതമായി കുടിയേറിയവര്‍ക്ക് മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നതാണ് ഈ ബില്‍. ഹിന്ദുക്കള്‍, ബുദ്ധമതക്കാര്‍, സിക്കുകാര്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്കാണ് പൗരത്വത്തിന് അര്‍ഹത. എന്നാല്‍, മുസ്ലിങ്ങള്‍ക്ക് പൗരത്വം ലഭിക്കില്ല. പശ്ചിമ ബംഗാളിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും പൗരത്വ ദേശീയ രജിസ്റ്റര്‍ (എന്‍ആര്‍സി) ബാധകമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരിച്ചറിയല്‍ സംവിധാനത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെടുമ്പോള്‍ നുഴഞ്ഞുകയറ്റക്കാരെ ഒഴിവാക്കാനാകുമെന്നാണ് വാദം. ഇതും മുസ്ലിങ്ങള്‍ക്കെതിരായ നീക്കമാണ്. ബംഗ്ലാദേശില്‍നിന്ന് നുഴഞ്ഞുകയറി വന്നവരാണ് മുസ്ലിങ്ങള്‍ എന്നാണ് വാദം.

മോഡിയും അമിത് ഷായും ഇത്തരം പ്രസംഗങ്ങള്‍ നടത്തുന്നതിന് സമാന്തരമായി യോഗി ആദിത്യനാഥിനെപോലുള്ള നേതാക്കള്‍ പരസ്യമായി വര്‍ഗീയ ധ്രുവീകരണത്തിനായാണ് ശ്രമിക്കുന്നത്. കേരളത്തില്‍ ബിജെപി നേതാക്കളുടെ പ്രധാന പ്രചാരണം ‘വിശ്വാസം’ അപകടത്തിലാണെന്നാണ്. അയ്യപ്പ ഭക്തന്‍മാരെ അടിച്ചമര്‍ത്തുന്നുവെന്നും പ്രചരിപ്പിക്കപ്പെട്ടു. ആദിത്യനാഥിന്റെ കുപ്രസിദ്ധ പ്രസംഗം അലി (എസ്പി ബിഎസ്പി ആര്‍എല്‍ഡി) ബജ്രംഗ്ബലിയാണ്.

എന്നാല്‍, തീവ്ര ഹിന്ദുത്വനയം മുന്നോട്ടുവയ്ക്കുന്നതിനും വര്‍ഗീയ ധ്രുവീകരണം ശക്തമാക്കുന്നതിനുമായുള്ള പ്രകോപനപരമായ നടപടിയാണ് പ്രഗ്യാ സിങ്ങ് താക്കൂറിനെ ഭോപ്പാല്‍ ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയാക്കിയത്.

2008ലെ മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വ്യക്തിയാണ് പ്രഗ്യാസിങ് താക്കൂര്‍. മലേഗാവ് സ്‌ഫോടനം ആസൂത്രണം ചെയ്തവരില്‍ പ്രധാനിയാണിവര്‍. കുറ്റപത്രം അനുസരിച്ച് പ്രഗ്യാ സിങ് താക്കൂറിന്റെ മോട്ടോര്‍ സൈക്കിളാണ് സ്‌ഫോടകവസ്തുക്കള്‍ നിറച്ച് സ്‌ഫോടനം നടത്തുന്നതിനായി ഉപയോഗിച്ചത്. ആറുപേരാണ് ഈ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

മോഡി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നശേഷമാണ് ഈ കേസ് തേച്ചുമാച്ചു കളയുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. പ്രഗ്യാ സിങ് താക്കൂറിനെതിരെ വേണ്ടത്ര തെളിവില്ലെന്നാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കോടതിയില്‍ പറഞ്ഞതെങ്കിലും കോടതി അംഗീകരിച്ചില്ലെന്ന് മാത്രമല്ല അവര്‍ക്കെതിരെ യുഎപിഎ ചുമത്തുകയും ചെയ്തു.

സബ്കാസാഥ് സബ് കാ വികാസ് എന്ന മുദ്രാവാക്യം ബിജെപി ഉപേക്ഷിച്ചിരിക്കുന്നു

ഭീകരവാദക്കേസില്‍ പ്രതിയായ വ്യക്തിയെയാണ് ബിജെപി ഭോപാല്‍ സീറ്റില്‍ സ്ഥാനാര്‍ഥിയാക്കിയിട്ടുള്ളത്. അമിത്ഷായും നരേന്ദ്ര മോഡിയും ഈ സ്ഥാനാര്‍ഥിത്വത്തെ ന്യായീകരിക്കുകയും ചെയ്തു. വ്യാജ കേസിലാണ് പ്രഗ്യാ സിങ്ങിനെ പ്രതിചേര്‍ക്കപ്പെട്ടതെന്നാണ് അമിത് ഷായുടെ വാദം.

മൂവായിരം വര്‍ഷം പഴക്കമുള്ള പുരാതന സംസ്‌കാരത്തിനെതിരാണ് പ്രഗ്യാ സിങ്ങിനെതിരെയുള്ള കേസ് എന്നാണ് മോഡി അഭിപ്രായപ്പെട്ടത്. തീവ്ര ഹിന്ദുത്വത്തോടുള്ള താല്‍പ്പര്യവും മുസ്ലിംവിരോധവും പ്രഗ്യാ സിങ് ഒരിക്കലും മറച്ചുവച്ചിട്ടില്ല. അവരിപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങിയിരിക്കുകയാണ്. വിചാരണ നടക്കാനിരിക്കുന്നതേയുള്ളൂ.

ഭോപാലില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച ഉടനെ മലേഗാവ് സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിച്ച മഹാരാഷ്ട്ര പൊലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) തലവന്‍ ഹേമന്ത് കര്‍ക്കറെയെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കാന്‍ പ്രഗ്യാ സിങ് തയ്യാറായി.

കര്‍ക്കറെയെ താന്‍ ശപിച്ചുവെന്നും അതിന്റെ ഫലമായാണ് 45 ദിവസത്തിനുള്ളില്‍ ഭീകരവാദികളുടെ വെടിയുണ്ടയേറ്റ് അദ്ദേഹം കൊല്ലപ്പെട്ടതെന്നുമാണ് പ്രഗ്യാ സിങ് താക്കൂര്‍ പറഞ്ഞത്. ധീരനായ പൊലീസ് ഓഫീസറായിരുന്നു കര്‍ക്കറെ. 2008 നവംബറില്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിലാണ് അദ്ദേഹം വീരമൃത്യു വരിച്ചത്.

രാജ്യത്തെ ജനങ്ങളെയാകെ ഞെട്ടിച്ച ഈ പ്രസ്താവന നടത്തിയതിനുശേഷവും അതിനെ അപലപിക്കാന്‍ ബിജെപി തയ്യാറായില്ല. പൊലീസില്‍നിന്ന് പീഡനം ഏറ്റുവാങ്ങിയതിന്റെ പശ്ചാത്തലത്തില്‍ നടത്തിയ വ്യക്തിപരമായ പരാമര്‍ശമായിരിക്കാം ഇതെന്നാണ് ബിജെപി അഭിപ്രായപ്പെട്ടത്.

വിമര്‍ശനത്തില്‍ കൂസാതെ പ്രഗ്യാ സിങ് പറഞ്ഞത് ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ താന്‍ അവിടെ ഉണ്ടായിരിന്നുവെന്നും രാമക്ഷേത്രം അവിടെ നിര്‍മിക്കുമ്പോഴും താന്‍ അവിടെ ഉണ്ടാകുമെന്നുമാണ്. പ്രഗ്യാ സിങ് താക്കൂറിന്റെ സ്ഥാനാര്‍ഥിത്വം ഈ തെരഞ്ഞെടുപ്പിലെ നിര്‍ണായക നിമിഷമാണ്.

ഭീകരവാദ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തുവെന്ന് സംശയിക്കപ്പെടുന്ന വ്യക്തി, കടുത്ത മുസ്ലിം വിരോധി, സംഘപരിവാര്‍ ഭാഷയില്‍ സാധ്വിയാണ് ഈ തെരഞ്ഞെടുപ്പിലെ ബിജെപി ആര്‍എസ്എസ് പ്രതീകം.

സബ്കാസാഥ് സബ് കാ വികാസ് എന്ന മുദ്രാവാക്യം ബിജെപി ഉപേക്ഷിച്ചിരിക്കുന്നു. തുറന്ന ഹിന്ദുത്വ സൈനിക സങ്കുചിത ദേശീയവാദ മുദ്രാവാക്യമാണ് അവരുയര്‍ത്തുന്നത്. വ്യാമോഹങ്ങള്‍ക്കൊന്നും ഇനി അടിസ്ഥാനമില്ല. രാജ്യത്തെ രക്ഷിക്കാന്‍ ബിജെപിയെയും മോഡിയെയും പരാജയപ്പെടുത്തുകതന്നെ വേണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here